ഓഡിഷൻ്റെ മറവിലെ ലൈംഗികാതിക്രമം എന്ന് പരാതി; 'പടവെട്ട്' സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി വേണമെന്ന് ഡബ്ല്യു സി സി
'പടവെട്ട്' സിനിമയുടെ സംവിധായകന്‍ ലിജു കൃഷ്ണയ്ക്കും എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ ബിപിന്‍ പോളിനുമെതിരായ മീ ടൂ പരാതിയില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വനിതാ സിനിമ പ്രവര്‍ത്തകരുടെ കൂട്ടായ്മ ഡബ്ല്യു സി സി രംഗത്ത്. പരാതിക്കാരിക്ക് നീതി ലഭിക്കാനായി സര്‍ക്കാരും വനിതാ കമ്മീഷനും ഇടപെടണം. സിനിമയുടെ ക്രെഡിറ്റ്‌സില്‍ നിന്നും ഇരുവരുടെയും പേര് ഒഴിവാക്കണമെന്നും ഡബ്ല്യു സി സി ആവശ്യപ്പെട്ടു. വ്യാജ ഓഡിഷന്റെ മറവില്‍ ചൂഷണം ചെയ്തെന്നായിരുന്നു നടിയുടെ ആരോപണം.
മറ്റൊരാളെ നേരത്തെ സെലക്ട് ചെയ്ത ശേഷം വ്യാജ ഓഡിഷന്റെ പേരില്‍ വിളിച്ചു വരുത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതിയില്‍ പറയുന്നത്. കണ്ണൂരിലെ ഹോട്ടലിലാണ് മുറിയെടുത്തത് നല്‍കിയിരുന്നത്. രാത്രി 9.30ന്‍റെ ബസിന് തിരികെ പോകുന്നതിനായി ബസ് സ്റ്റാന്‍റില്‍ എത്തുന്നതിന് സൗകര്യം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. പിറ്റെ ദിവസം രാവിലെ പോകുന്നതിന് വിമാന ടിക്കറ്റ് ഏര്‍പ്പെടുത്താമെന്ന് ബിബിന്‍ പറഞ്ഞു. അന്ന് രാത്രി മുറിയിലെത്തി ബിബിന്‍ അപമര്യാദയായി പെരുമാറിയെന്നാണ് നടി വെളിപ്പെടുത്തിയത്.
സംവിധായകന്‍ ലിജു കൃഷ്ണയുടെ ബലാത്സംഗ കേസിന്റെ വാര്‍ത്ത എന്റെ സുഹൃത്ത് അയച്ചുതന്നപ്പോള്‍ ,എന്താണ് ഇവരില്‍ നിന്നുണ്ടായ അനുഭവമെന്ന് സമൂഹത്തോട് പങ്കിടണമെന്ന് തോന്നി. എന്റെ അനുഭവം പങ്കുവയ്ക്കുന്നതിലൂടെ കൂടുതല്‍ പെണ്‍കുട്ടികള്‍ക്ക് അവരുടെ മോശം അനുഭവങ്ങള്‍ പുറത്തു പറയാന്‍ ധൈര്യം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഫേസ്ബുക്കില്‍ നടി കുറിച്ചിരുന്നു.