പുതിയ ഉത്തരവ് സർക്കാരിൻ്റെ കണ്ണുതുറപ്പിക്കും; വിവരാവകാശ കമ്മിഷൻ നടപടി സ്വാഗതാർഹമെന്ന് വിധു വിന്‍സെന്റ്
ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തുവിടണമെന്ന വിവരാവകാശ കമ്മിഷൻ ഉത്തരവ് സ്വാഗതാർഹമെന്ന് വിധു വിന്‍സെന്റ്. സിനിമാലോകത്തെ ശുചീകരണത്തിൽ ആരാണ് ഭയപ്പെട്ടിരുന്നതെന്നായിരുന്നു ഞങ്ങളുടെയെല്ലാം മുമ്പിലുള്ള ചോദ്യം. പുതിയ ഉത്തരവ് സർക്കാരിൻ്റെ' കണ്ണുതുറപ്പിക്കുമെന്നാണ് വിശ്വാസമെന്നും ഡബ്ല്യുസിസി മുന്‍അംഗം വിധു വിൻസൻ്റ് ഫോർത്തിനോട് പ്രതികരിച്ചു.
സ്വകാര്യതയാണ് വിഷയമെങ്കിൽ പേരുകൾ മറച്ചുവെച്ച് റിപ്പോർട്ട് പുറത്തുവിടാം. ഒരു കോടിയിൽ പരം രൂപ ചെലവഴിച്ച് നടത്തിയ പഠനം ഒരു രീതിയിലും ഉപകരിക്കപ്പെട്ടില്ല എന്നത് സങ്കടകരമാണ്.
സിനിമാ ലോകത്തെ എല്ലാ വേർതിരിവുകളും പ്രശ്നങ്ങളുമെല്ലാം പഠിക്കാനായിരുന്നു കമ്മിഷനെ നിയോഗിച്ചത്. ആരുടെ ഉപദേശപ്രകാരമായാലും അതിലെ വിവരങ്ങളും നിർദ്ദേശങ്ങളും വ്യക്തമായി പുറത്തുവരേണ്ടതാണ്. പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നടപടികളാണ് ഉണ്ടാവേണ്ടത്. അല്ലാതെ റിപ്പോർട്ട് പുറത്തുവിടുന്നത് ആരേയും മനഃപൂർവമായി വ്യക്തിഹത്യ ചെയ്യാനല്ലല്ലോ.
ഈ റിപ്പോർട്ടിൻ്റെ കാര്യത്തിൽ മാത്രം എന്തിനായിരുന്നു മെല്ലെപ്പോക്ക് എന്ന് മനസ്സിലായില്ല. ആരെയെങ്കിലും രക്ഷിക്കാനാണോ റിപ്പോർട്ട് പുറത്തുവിടാതിരുന്നത് എന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും വിധു വിൻസെൻ്റ് പറഞ്ഞു.
ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ വിലക്കപ്പെട്ട വിവരങ്ങള്‍ ഒഴിച്ച് മറ്റുള്ള വിവരങ്ങള്‍ പുറത്ത് വിടണമെന്നാണ് ഇന്ന് വിവരാവകാശ കമ്മിഷന്‍ ഉത്തരവിട്ടത്. ആര്‍ടിഐ നിയമപ്രകാരം വിലക്കപ്പെട്ട വിവരങ്ങള്‍ ഒഴിച്ച് മറ്റൊന്നും മറച്ചുവെയ്ക്കരുതെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ. എഎ അബ്ദുല്‍ ഹക്കീം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. അതേസമയം വിവരങ്ങള്‍ പുറത്തുവിടുമ്പോള്‍ റിപ്പോര്‍ട്ടിലുള്ള വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കരുതെന്നും നിര്‍ദേശമുണ്ട്.
2017ലെ നടിയെ അക്രമിച്ച സംഭവത്തിനുശേഷമാണ് സിനിമയ്ക്കുള്ളിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ആഴത്തില്‍ പഠിക്കുന്നതിന് ഹേമ കമ്മിഷനെ നിയമിക്കുന്നത്. അതേ വര്‍ഷം ജൂലൈയില്‍ ജസ്റ്റിസ് കെ ഹേമ അധ്യക്ഷയായി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ കെബി വത്സല കുമാരി, നടി ശാരദ എന്നിവരടങ്ങിയ മൂന്നംഗ കമ്മിഷന് സര്‍ക്കാര്‍ രൂപം നൽകുകയായിരുന്നു.
തുടര്‍ന്ന് തൊഴില്‍ അന്തരീക്ഷവും സിനിമാ മേഖലയില്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളും അന്വേഷിക്കാന്‍ അഭിനേതാക്കള്‍, നിര്‍മാതാക്കള്‍, സംവിധായകര്‍, സാങ്കേതിക വിദഗ്ദര്‍ തുടങ്ങി ചലച്ചിത്ര രംഗത്തുനിന്നുള്ള നിരവധി പേരുമായി ജസ്റ്റിസ് ഹേമ കമ്മിഷന്‍ അഭിമുഖം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ലിംഗാടിസ്ഥാനത്തിലുള്ള വേതന വ്യത്യാസം, സെറ്റില്‍ സ്ത്രീകള്‍ക്കുള്ള സൗകര്യമില്ലാത്തതിന്റെ പ്രശ്‌നങ്ങള്‍, പരാതി പരിഹാരത്തിനുള്ള ശരിയായ ഫോറത്തിന്റെ അഭാവം തുടങ്ങിയവും കമ്മീഷന്‍ റിപ്പോട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്.