'ഞങ്ങള്‍ക്കു ജീവിക്കാന്‍ ഭൂമി വേണം'; സര്‍ക്കാര്‍ അവഗണനയില്‍ തളരാതെ നിലമ്പൂരിലെ ആദിവാസികളുടെ നിരാഹാര സമരം

'ഞങ്ങള്‍ക്കു ജീവിക്കാന്‍ ഭൂമി വേണം'; സര്‍ക്കാര്‍ അവഗണനയില്‍ തളരാതെ നിലമ്പൂരിലെ ആദിവാസികളുടെ നിരാഹാര സമരം

മലപ്പുറം ജില്ലയില്‍ സര്‍ക്കാര്‍ ഭൂമി കണ്ടെത്തിയിട്ടും എന്തുകൊണ്ടാണ് അർഹതപ്പെട്ടത് നല്‍കാതെ പത്തോ ഇരുപതോ സെന്റിൽ തങ്ങളെ ഒതുക്കാൻ ശ്രമിക്കുന്നതെന്ന ചോദ്യമാണ് ആദിവാസികളുടേത്
Updated on
3 min read

''25 ഹെക്ടറോളം വനഭൂമി ഞങ്ങള്‍ക്കുവേണ്ടി സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. എന്നിട്ടും അവകാശപ്പെട്ട രീതിയില്‍ നല്‍കാതെ 10 സെന്റിലും 20 സെന്റിലും ഞങ്ങളെ തളയ്ക്കുകയാണ്. ഞങ്ങള്‍ക്കവകാശപ്പെട്ട ഭൂമി കിട്ടണം,''ഈ ആവശ്യവുമായി 26 ദിവസമായി മലപ്പുറം നിലമ്പൂരിലെ ഐടിഡിപി ഓഫീസിന് മുന്നില്‍ നിരാഹാരമിരിക്കുകയാണ് ആദിവാസികള്‍. കോടതി വിധി പ്രകാരം അവകാശപ്പെട്ട ഭൂമിക്കായി സമരം ചെയ്യേണ്ടിവന്ന ഇവരെ പരിഗണിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇതുവരെ തയാറായിട്ടില്ല.

''ആദിവാസികള്‍ക്ക് 10 സെന്റ് ഭൂമിയാണ് സര്‍ക്കാര്‍ നല്‍കുന്നത്. അത് പോരാ, വനാവകാശനിയമ പ്രകാരമുള്ള ഒരേക്കര്‍ ലഭിക്കണം. മലപ്പുറം ജില്ലയില്‍ സര്‍ക്കാര്‍ ഭൂമി കണ്ടെത്തിയിട്ടും എന്തുകൊണ്ടാണ് ഞങ്ങള്‍ക്ക് നല്‍കാത്തത്,''സമരം ചെയ്യുന്ന ആദിവാസികൾ ദി ഫോര്‍ത്തിനോട് സംസാരിക്കവെ ചോദിക്കുന്നു.

ബിന്ദു വൈലശേരി സമരത്തില്‍
ബിന്ദു വൈലശേരി സമരത്തില്‍

ഭൂമിക്കുവേണ്ടി സമരവഴിയില്‍ ഇരുന്നൂറോളം കുടുംബങ്ങള്‍

ബിന്ദു വൈലശേരിയും ഗീത അരവിന്ദുമാണ് നിലമ്പൂര്‍ ഐ ടി ഡി പി ഓഫീസിന് മുന്നില്‍ നിരാഹാര സമരമിരിക്കുന്നത്. ആദി വാസി വിഭാഗത്തില്‍പ്പെടുന്ന ഇരുന്നൂറോളം കുടുംബങ്ങള്‍ ഈ ഭൂസമരത്തില്‍ അണിനിരന്നിട്ടുണ്ട്. ചാലിയാര്‍ പഞ്ചായത്തിലെ അകംപാടം, എടവണ്ണ, പാറേക്കാട്, മൈലാടി പ്രദേശങ്ങളിലെ 18 ആദിവാസി കോളനികളില്‍നിന്നുള്ള പണിയ, നായ്ക്ക, കുറുമ, ആള തുടങ്ങിയ ഗോത്രവര്‍ഗങ്ങളാണ് സമരത്തിലുള്ളത്.

സമരം ചെയ്യുന്നവര്‍ക്ക് എടുത്തു പറയാന്‍ ഒരു നേതൃത്വമില്ല, എല്ലാവരും എല്ലാം ചെയ്യുന്നു, ഇന്ന് സമരപ്പന്തലില്‍ ഇരിക്കുന്നവര്‍ പിറ്റേ ദിവസം പണിക്ക് പോകും. കിട്ടുന്ന തുക സമരാവശ്യത്തിന് ചെലവഴിക്കുന്നു. ഇതാണ് കുറേ ദിവസങ്ങളായുള്ള ഇവരുടെ ജീവിതം.

ഗീത അരവിന്ദ് നിരാഹാര സമരത്തില്‍
ഗീത അരവിന്ദ് നിരാഹാര സമരത്തില്‍

ആയിരം ഏക്കര്‍ ഭൂമിയും സുപ്രീം കോടതി വിധിയും

ഭൂമിക്കുവേണ്ടിയുള്ള ആദിവാസികളുടെ ആവശ്യം അംഗീകരിച്ചുകൊണ്ട് 2009ലാണ് സുപ്രീം കോടതിയില്‍നിന്ന് അന്തിമ വിധിയുണ്ടായത്. ഉത്തരവ് പ്രകാരം 538 ഏക്കര്‍ ഭൂമിയാണ് നിലമ്പൂരിലെ ഭൂരഹിതരായ ആദിവാസികള്‍ക്ക് സര്‍ക്കാര്‍ നല്‍കേണ്ടത്. എന്നാല്‍ വിധി വനം, ട്രൈബല്‍ വകുപ്പുകള്‍ 2019 വരെ നടപ്പാക്കാതെ മൂടിവച്ചു. ചാലിയാര്‍, ചുങ്കത്തറ, നിലമ്പൂര്‍ മേഖലകളിലായാണ് വിതരണം ചെയ്യേണ്ടുന്ന 538 ഏക്കര്‍ വനഭൂമിയുള്ളതെന്നും സുപ്രീം കോടതി വിധിയില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടും ചന്ദ്രന്‍ പറഞ്ഞു.

സുപ്രീംകോടതി ഉത്തരവിട്ട വനഭൂമി ലഭ്യമാക്കാന്‍ ആദിവാസികള്‍ മാറിമാറി വന്ന സര്‍ക്കാറുകളെ പുറകെ ആദിവാസികള്‍ വര്‍ഷങ്ങളോളം നടന്നെങ്കിലും 278 ഏക്കര്‍ മാത്രമാണ് വനം വകുപ്പ് വെട്ടിത്തെളിച്ച് റവന്യൂ വകുപ്പിന് കൈമാറിയത്. ബാക്കി ഭൂമി എവിടെയെന്നുള്ള ചോദ്യത്തിന് വൃക്ഷങ്ങള്‍ തിങ്ങിനിറഞ്ഞ ഭൂമിയാതിനാല്‍ അത് കൈമാറാന്‍ സാധിക്കില്ലെന്ന നിലപാടായിരുന്നു വനം വകുപ്പിന്റേത്.

ഞങ്ങള്‍ക്ക് കൃഷി ചെയ്ത് ജീവിക്കണം

''ജില്ലയില്‍ 25 ഹെക്ടറോളം വനഭൂമി ഞങ്ങള്‍ക്ക് വേണ്ടി സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, 1000 വരുന്ന അപേക്ഷകര്‍ക്ക് അവര്‍ക്ക് അവകാശപ്പെട്ട രീതിയില്‍ ഭൂമി നല്‍കാതെ, പത്തോ ഇരുപതോ സെന്റ് നല്‍കി ഞങ്ങളെ ഒതുക്കാനാണ് ശ്രമിക്കുന്നത്. ഇത് അനുവദിച്ചാല്‍ ബിന്നീട് ഒരുകാലത്തും ഞങ്ങള്‍ക്ക് അവകാശപ്പെട്ട ഭൂമി ലഭിക്കില്ല. ഞങ്ങള്‍ 200 പേരാണ് ഇപ്പോള്‍ സമരം ചെയ്യുന്നത്. ഞങ്ങള്‍ ഇപ്പോള്‍ കൂലിപ്പണിക്കാണ് പോകുന്നത്. ഞങ്ങള്‍ക്ക് കൃഷി ചെയ്ത് ജീവിക്കണം. അതിന് സര്‍ക്കാര്‍ ഭൂമി നല്‍കണം,'' ആദിവാസികള്‍ പറയുന്നു.

''കോളനിയില്‍ ഓരോ കുടുംബത്തിനും മൂന്ന് സെന്റ് സ്ഥലമാണിപ്പോഴുള്ളത്. പട്ടയമോ ഭൂമിയുടെ മറ്റേതെങ്കിലും രേഖയോ ഇല്ലാത്തവരാണ് അധികവും. അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഈ വീടുകളിലെത്തിയിട്ടില്ല. കുട്ടികള്‍ക്കുപഠിക്കാന്‍ പോലും ബുദ്ധിമുട്ടാണ്. ഇനി കുട്ടികളെയും ഉള്‍പ്പെടുത്തി സമരം വിപുലീകരിക്കാനാണ് ഈ കുടുംബങ്ങളുടെ തീരുമാനം. ഭൂമി ഇല്ലാതെ വിദ്യാഭ്യാസം ലഭിച്ചിട്ടെന്താണ് കാര്യം?,'' സമരത്തിന്റെ ഭാഗമായ ഗിരിദാസ് ചോദിക്കുന്നു.

കൈമലര്‍ത്തി കലക്ടര്‍

മെയ് 10നാണ് ആദിവാസികള്‍ ഐടിഡിപി ഓഫീസിന് മുന്നില്‍ സമരമാരംഭിച്ചത്. തൊട്ടുപിന്നാലെ മലപ്പുറം കലക്ടറും ഡെപ്യൂട്ടി കലക്ടറും സമരക്കാരെ സന്ദര്‍ശിച്ചിരുന്നു. സമരക്കാര്‍ ആവശ്യപ്പെടുന്നതുപോലെ നല്‍കാന്‍ ഭൂമിയില്ലെന്നാണ് അന്ന് കലക്ടര്‍ സമരക്കാരോട് പറഞ്ഞത്. നിലവിലുള്ള ഭൂമി 20 സെന്റായി തിരിച്ച് നല്‍കാന്‍ തയ്യാറാണെന്നും ഐ ടി ഡി പി ഓഫീസിസും സര്‍ക്കാരും പറയുന്നതെന്നും സമരക്കാര്‍ പറഞ്ഞു.

പാലിക്കപ്പെടാത്ത വാഗ്ദാനങ്ങള്‍

ആദിവാസികള്‍ക്ക് പല ഘട്ടങ്ങളില്‍ അധികൃതര്‍ നല്‍കിയ വാഗ്ദാനങ്ങളില്‍ മിക്കതും പാലിക്കപ്പെട്ടിട്ടില്ല. അതിലൊന്നാണ് പ്രളയസമയത്ത് ഒലിച്ചുപോയ വാണിയം പുഴയിലെ പാലത്തിന്റ പുനഃനിര്‍മാണം. നിരവധി ആദിവാസി കോളനികളുടെ ആശ്രയമായിരുന്ന പാലം നിര്‍മിക്കുമെന്ന് കളക്ടര്‍ വാഗ്ദാനം നല്‍കിയിട്ട് കൊല്ലം മൂന്നു കഴിഞ്ഞുവെന്നാണ് സമരത്തില്‍ പങ്കെടുക്കുന്ന ആദിവാസി യുവാവായ ചന്ദ്രന്‍ പറയുന്നത്.

''അവരുടെയൊക്കെ വാക്ക് വെറും വാക്ക് മാത്രമാണ്. ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ചോദിക്കാനും പറയാനും ആരുമില്ല. എല്ലാ ദിവസവും പണിക്കു പോയിട്ടാണ് ജീവിക്കുന്നത്. തുച്ഛമായ വരുമാനത്തിലാണ് കുട്ടികളെ വളര്‍ത്തുന്നത്. വീട്ടിലെ സാഹചര്യം മനസിലാക്കാന്‍ കുട്ടികള്‍ക്കാകുന്നതുവരെയാണ് ആദിവാസി വിഭാഗക്കാരുടെ വിദ്യാഭ്യാസം. പിന്നീട് അവര്‍ പണിക്ക് പോയി തുടങ്ങും. ഇതിനൊക്കെ ഒരു മാറ്റം വരണം. അതിനാദ്യം ഭൂമി കിട്ടണം,''ചന്ദ്രന്‍ പറഞ്ഞു.

സമരം ചെയ്തവരില്‍ പലര്‍ക്കും ആരോഗ്യപ്രശ്നങ്ങള്‍ നേരിടേണ്ടി വന്നു. ചിലര്‍ ആശുപത്രിയില്‍ ചികിത്സ നേടി. എന്നാല്‍ എന്തുപ്രശ്‌നങ്ങള്‍ നേരിടേണ്ടിവന്നാലും സമരം അവസാനിപ്പിക്കില്ലെന്നാണ് അവര്‍ ഉറച്ചശബ്ദത്തില്‍ പറയുന്നത്.

logo
The Fourth
www.thefourthnews.in