കേരളത്തില്‍ തുലാവർഷം സജീവമാകുന്നു; വെള്ളി, ശനി ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
കേരളത്തില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും തുലാവർഷം സജീവമാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കേരളത്തിൽ ഉച്ചക്ക് ശേഷമുള്ള ഇടി മിന്നലോടു കൂടിയ മഴ അടുത്ത ഒരാഴ്ചയിൽ കൂടുതൽ തുടരുമെന്നാണ് മുന്നറിയിപ്പ്. മഴ സാധ്യതയുടെ പശ്ചാത്തലത്തില്‍ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു.
ബംഗാൾ ഉൾകടലിൽ നിന്നുള്ള കിഴക്കൻ കാറ്റ് ശക്തമാകുന്നതിനാൽ നാളെ മുതൽ മൂന്ന് ദിവസം ഇടിയും മിന്നലോടും കൂടിയ ശക്തമായ മഴക്കും സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്. വെള്ളിയാഴ്ച ഇടുക്കി ജില്ലയിലും, ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലുമാണ് ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും നിലവിലുണ്ട്. നാളെ കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും നാലാം തീയ്യതി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചു. ഉച്ചക്ക് ശേഷമുള്ള മലയോര മേഖല യാത്രകൾ പരമാവധി ഒഴിവാക്കണം. വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കുന്നു.