മുഖ്യമന്ത്രി പിണറായി വിജയന്‍
മുഖ്യമന്ത്രി പിണറായി വിജയന്‍

ക്ഷേമപെൻഷൻ വർധിപ്പിക്കും, കുടിശിക രണ്ട് ഗഡുക്കളായി തീർക്കും; നിയമസഭയിൽ മുഖ്യമന്ത്രി

കാരുണ്യ മരുന്ന് കുടിശികയും നെല്ല് സംഭരണ കുടിശികയും തീർക്കുമെന്നും മുഖ്യമന്ത്രി
Updated on
8 min read

ക്ഷേമപെൻഷനുകള്‍ വര്‍ധിപ്പിക്കുകയും കുടിശ്ശിക തീർക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്ഷേമപെൻഷനുകളുടെ കുടിശിക ഈ വർഷം രണ്ട് ഗഡുക്കളായി തീർക്കുമെന്ന് നിയമസഭയിൽ അവതരിപ്പിച്ച പ്രമേയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കാരുണ്യ മരുന്ന് കുടിശികയും നെല്ല് സംഭരണ കുടിശികയും തീർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി, വരുമാന വർധനയും ചെലവ് ചുരുക്കലും സംബന്ധിച്ച നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു.

വയനാട്, ഇടുക്കി, കാസർഗോഡ്, കുട്ടനാട് എന്നിവിടങ്ങളിലെ സവിശേഷ സാഹചര്യം കണക്കിലെടുത്ത് അവയുടെ വികസനത്തിനായി പ്രഖ്യാപിച്ച പ്രത്യേക പാക്കേജുകൾ സമയബന്ധിതമായും കാര്യക്ഷമമായും പൂർത്തിയാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വയനാട്, ഇടുക്കി, കാസർഗോഡ് പാക്കേജുകൾക്കായി 75 കോടി രൂപ വീതമാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്.

മുഖ്യമന്ത്രി പിണറായി വിജയന്‍
രമയ്ക്ക് മുഖം കൊടുക്കാതെ ഇന്നും മുഖ്യമന്ത്രി; വേട്ടക്കാര്‍ക്കൊപ്പം കിതയ്ക്കുന്ന സര്‍ക്കാരാണ് ഇടതുപക്ഷത്തിന്റേതെന്ന് രമ

മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിന്റെ പൂർണരൂപം-

2021 ൽ ഈ സർക്കാർ അധികാരത്തിൽ വന്നശേഷം സംസ്ഥാനത്ത് കേന്ദ്രസർക്കാരിൻറെ വിവേചനപരമായ നയങ്ങൾ കാരണം വലിയ തോതിലുള്ള പണഞെരുക്കം അനുഭവപ്പെടുകയുണ്ടായി. ഇത് ഇപ്പോഴും തുടരുകയാണ്.

2016 ൽ അധികാരത്തിൽ വന്ന സർക്കാർ പശ്ചാത്തലസൗകര്യ വികസനത്തിനും ക്ഷേമ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിനും തുല്യ പ്രാധാന്യം നൽകുന്ന നയമാണ് സ്വീകരിച്ചത്. മുടങ്ങിക്കിടന്ന വൻകിട പദ്ധതികളായ ദേശീയപാതാ വികസനം, ഗെയ്ൽ പൈപ്പ്‌ലൈൻ, കൊച്ചി - ഇടമൺ പവർഹൈവേ എന്നിവ ഏറ്റെടുക്കാനും സമയബന്ധിതമായി പൂർത്തീകരിക്കാനുമുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. സംസ്ഥാനത്തിൻറെ പശ്ചാത്തല സൗകര്യ വികസനത്തിൻറെ നാഴികക്കല്ലായ വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാവുകയാണ്. ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലും ഭവനരഹിതർക്കുള്ള ഭവനനിർമ്മാണ പദ്ധതികൾ ആരംഭിക്കുന്നതിലും സർക്കാർ വലിയ തോതിലുള്ള ഇടപെടലുകളാണ് നടത്തിയത്.

ഇതിനൊപ്പം ക്ഷേമപെൻഷനുകൾ കാലാനുസൃതമായി വർദ്ധിപ്പിക്കാനും കൃത്യമായി വിതരണം ചെയ്യാനും സർക്കാരിനു സാധിച്ചു. സംസ്ഥാന ജീവനക്കാർക്ക് ശമ്പളപരിഷ്‌ക്കരണം നടപ്പിലാക്കാനും സാധിച്ചു. എന്നാൽ, 2022 മാർച്ച് 31-ാം തീയതി കേന്ദ്ര ധനമന്ത്രാലയം സംസ്ഥാനത്തിൻറെ വായ്പാപരിധി മുൻകാല പ്രാബല്യത്തോടെ വെട്ടിച്ചുരുക്കുവാൻ എല്ലാ കീഴ്വഴക്കങ്ങളും ലംഘിച്ചുകൊണ്ട് തീരുമാനമെടുത്തു. കേരളത്തിൽ സമാനതകളില്ലാത്ത വികസനം എല്ലാ നിയമസഭാ മണ്ഡലങ്ങളിലും മുന്നോട്ടു നീക്കാൻ സാധിച്ചത് സംസ്ഥാന സർക്കാർ കിഫ്ബി വഴി നടത്തിയ ഇടപെടലുകളാണ് എന്ന കാര്യം ഈ സഭയിലുള്ള എല്ലാ ബഹുമാനപ്പെട്ട അംഗങ്ങൾക്കും ബോധ്യമുള്ളതാണ്.

സംസ്ഥാന സർക്കാരിൻറെ തനതു റവന്യൂ വരുമാനത്തിൻറെ ഒരു നിശ്ചിത ശതമാനം കിഫ്ബിക്കായി നീക്കിവെച്ചുകൊണ്ടാണ് സംസ്ഥാന സർക്കാർ മേൽപ്പറഞ്ഞ ഇടപെടലുകൾ നടത്തിവരുന്നത്. എന്നാൽ, കിഫ്ബിയും പെൻഷൻ കമ്പനിയും എടുക്കുന്ന വായ്പകൾ സംസ്ഥാന സർക്കാരിൻറെ വായ്പയായി മുൻകാല പ്രാബല്യത്തോടെ പരിഗണിക്കുന്ന സമീപനം കേന്ദ്ര ധനമന്ത്രാലയം കൈക്കൊണ്ടത് സംസ്ഥാനത്തിന് 12,560 കോടി രൂപയുടെ വെട്ടിക്കുറവ് വായ്പാപരിധിയിൽ ഉണ്ടായി. ഇതിനു പുറമെ, കിഫ്ബി എടുക്കുന്ന വായ്പയും പ്രതിവർഷ കടപരിധിയിൽ നിന്നും കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചുകൊണ്ടിരിക്കുകയാണ്.

ജനസംഖ്യാ നിയന്ത്രണത്തിലും പ്രതിശീർഷ വരുമാനത്തിലും കേരളം കൈവരിച്ച നേട്ടങ്ങൾ, ധനകാര്യ കമ്മീഷൻറെ പുതിയ മാനദണ്ഡങ്ങൾ പ്രകാരം സംസ്ഥാനത്തിന് ദോഷകരമാകുന്ന സ്ഥിതിയാണുള്ളത്. അതിൻറെ പേരിൽ കേരളത്തിൻറെ നികുതി വിഹിതം കുറയ്ക്കുന്ന സമീപനമാണ് ഇപ്പോൾ ഉണ്ടാകുന്നത്. മേൽപ്പറഞ്ഞ സാമ്പത്തിക ഉപരോധത്തിനൊപ്പം ധനകാര്യ കമ്മീഷനുകളിൽ നിന്നും ലഭിക്കുന്ന നികുതിവിഹിതത്തിലും ക്രമാനുഗതമായ കുറവ് കഴിഞ്ഞ 25 വർഷക്കാലയളവിൽ ഉണ്ടായിട്ടുണ്ട്.

കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തെ കാര്യം മാത്രം പറഞ്ഞാൽ പതിനാലാം ധനകാര്യ കമ്മീഷൻ അനുവദിച്ച 2.505 ശതമാനം നികുതി വിഹിതം പതിനഞ്ചാം ധനകാര്യകമ്മീഷൻറെ കാലയളവിൽ 1.92 ശതമാനമായി കുറഞ്ഞു. 2020-21 ൽ 31,068 കോടി രൂപയായിരുന്ന കേന്ദ്ര സർക്കാർ ഗ്രാൻറുകൾ 2023-24 ൽ 12,068 കോടി രൂപയായി കുറഞ്ഞു. മൂന്നു വർഷക്കാലയളവിൽ 19,000 കോടി രൂപയുടെ കുറവാണ് കേന്ദ്ര ഗ്രാൻറിനത്തിൽ കുറവുണ്ടായിരിക്കുന്നത്.

ഇതിനോടൊപ്പം പറയേണ്ട മറ്റൊരു കാര്യം കേന്ദ്രാവിഷ്‌കൃത പദ്ധതികൾക്കുള്ള സഹായം കഴിഞ്ഞ ഒമ്പതു വർഷക്കാലയളവിൽ വലിയ ഇടിവ് നേരിട്ടു എന്നതാണ്. മിക്ക പദ്ധതികൾക്കും 75 ശതമാനം കേന്ദ്ര ഗ്രാൻറുകൾ ലഭ്യമായിരുന്നവയിൽ നിന്നും 60 ശതമാനമായി മാറിയിട്ടുണ്ട്.

ഐ.സി.ഡി.എസ് പോലുള്ള ചില പ്രധാന പദ്ധതികളിൽ നിന്നും കേന്ദ്രസർക്കാർ പിന്മാറുന്ന അവസ്ഥയുമുണ്ടായിട്ടുണ്ട്. ഈ പദ്ധതിയുടെ മുഴുവൻ ബാധ്യതയും സംസ്ഥാന സർക്കാർ തന്നെ വഹിക്കണം.

നെല്ല് സംഭരണം ഉൾപ്പെടെയുള്ള പ്രധാന പരിപാടികൾക്കുള്ള ധനസഹായം ലഭിക്കുന്നതിൽ വലിയ കാലവിളംബം നേരിടുകയും ചെയ്യുന്നുണ്ട്. ബ്രാൻഡിംഗിൻറെ പേരിൽ കേന്ദ്രാവിഷ്‌കൃത പദ്ധതികൾക്കുള്ള ധനസഹായം തടഞ്ഞുവെക്കുന്ന ഫെഡറൽ തത്വങ്ങൾക്ക് നിരക്കാത്ത സമീപനവും കേന്ദ്രസർക്കാരിൻറെ ഭാഗത്തുനിന്നും ഉണ്ടായി.

കേന്ദ്രത്തിൻറെ പ്രതികൂല സമീപനത്തിനിടയിലും സംസ്ഥാനം തനതു നികുതി വരുമാനം കഴിഞ്ഞ മൂന്നു വർഷക്കാലംകൊണ്ട് 56 ശതമാനം വർദ്ധിപ്പിച്ചതുകൊണ്ടാണ് സാമ്പത്തിക കാര്യത്തിൽ അല്പമെങ്കിലും പിടിച്ചുനിൽക്കാനായത്. കടക്കെണി എന്ന ആക്ഷേപം ചിലർ ഉന്നയിക്കുമ്പോഴും കേരളത്തിൻറെ കടം - ആഭ്യന്തര വരുമാന അനുപാതം 2020-21 ൽ 38.47 ശതമാനമായിരുന്നത് 2023-24 ൽ 33.4 ശതമാനമാക്കി കുറച്ചുകൊണ്ടുവരാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട് എന്നതാണ് വസ്തുത.

എന്നാലും സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്കുള്ള പല ക്ഷേമാനുകൂല്യങ്ങളും ലഭ്യമാക്കുന്നതിൽ കുടിശ്ശിക ഉണ്ടായി എന്നത് ഒരു വസ്തുതയാണ്. ഇത് സംസ്ഥാന സർക്കാരിൻറെ നയങ്ങൾ കാരണം ഉണ്ടായതല്ല. ക്ഷേമാനുകൂല്യങ്ങൾ ജനങ്ങൾക്ക് കൃത്യമായി വിതരണം ചെയ്യണമെന്ന കാര്യത്തിൽ സർക്കാരിന് നിർബന്ധമുണ്ട്. അതുകൊണ്ട് ഈ കുടിശ്ശിക നിവാരണം ഒരു സമയബന്ധിത പരിപാടിയായി ഏറ്റെടുത്ത് നടത്താൻ സർക്കാർ ഉദ്ദേശിക്കുന്നു.

1. സാമൂഹ്യക്ഷേമ പെൻഷനുകൾ

സാമൂഹ്യക്ഷേമ പെൻഷനുകളുടെ വിഹിതത്തിലെ സിംഹഭാഗവും സംസ്ഥാന സർക്കാരാണ് വിതരണം ചെയ്യുന്നത്. നാമമാത്രമായ കേന്ദ്ര പെൻഷൻ വിഹിതം ലഭിക്കുന്നത് ദേശീയ വാർദ്ധക്യകാല പെൻഷൻ, ദേശീയ വിധവാ പെൻഷൻ, ദേശീയ വികലാംഗ പെൻഷൻ എന്നീ മൂന്ന് പദ്ധതികൾക്കാണ്. ശരാശരി 6.8 ലക്ഷം പേർക്ക് മാത്രമാണ് കേന്ദ്ര ആനുകൂല്യം ലഭിക്കുന്നത്. ഇതാകട്ടെ, ശരാശരി 300 രൂപ മാത്രമാണ്. സംസ്ഥാന സർക്കാരിൻറെ സാമൂഹ്യസുരക്ഷാ പെൻഷൻറെ ഗുണഭോക്താക്കൾ 62 ലക്ഷം വരും. കേന്ദ്ര സർക്കാർ ആനുകൂല്യത്തിനുള്ള വരുമാനപരിധിയായി നിശ്ചയിച്ചിട്ടുള്ളത് പ്രതിവർഷം 25,000 രൂപയാണെങ്കിൽ സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ നിശ്ചയിച്ചിട്ടുള്ള വരുമാന പരിധി പ്രതിവർഷം ഒരു ലക്ഷം രൂപയാണ്.

സാമൂഹ്യക്ഷേമ പെൻഷനുകളിൽ താഴെ പറയുന്ന ക്ഷേമനിധി പെൻഷനുകളും ഉൾപ്പെടും

(1) കർഷക ക്ഷേമ പെൻഷൻ (കൃഷി വകുപ്പ് മുഖേന)

(2) മത്സ്യതൊഴിലാളി ക്ഷേമനിധി ബോർഡ് വാർദ്ധക്യകാല പെൻഷൻ

(3) ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോർഡ്

(4) ക്ഷീര കർഷക തൊഴിലാളി ക്ഷേമ ബോർഡ്

(5) കയർ തൊഴിലാളി ക്ഷേമ ബോർഡ്

(6) ഖാദി തൊഴിലാളി ക്ഷേമ ബോർഡ്

(7) വ്യാപാരി ക്ഷേമ ബോർഡ്

(8) അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ്

(9) ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് (സ്‌കാറ്റേർഡ്)

(10) ആഭരണ തൊഴിലാളി ക്ഷേമനിധി ബോർഡ്

(11) ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോർഡ്

(12) ഈറ്റ, കാട്ടുവളളി, തഴ തൊഴിലാളി ക്ഷേമനിധി ബോർഡ്

(13) ബീഡി ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോർഡ്

(14) തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ്

(15) കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡ്

(16) കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോർഡ്

2016-ൽ യു.ഡി.എഫ് സർക്കാർ അധികാരമൊഴിയുമ്പോൾ സാമൂഹ്യ സുരക്ഷാ പെൻഷൻ ലഭിച്ചിരുന്നവരുടെ ആകെ എണ്ണം 34,43,414 ആയിരുന്നു. ഇവർക്ക് 600 രൂപ വീതമാണ് പെൻഷനായി നൽകി വന്നിരുന്നത്. ഇതു തന്നെ 18 മാസം വരെ കുടിശ്ശികയായിരുന്നു എന്നത് ഏറെ ചർച്ചകൾക്കിടയാക്കിയതാണ്. 2016-ൽ വന്ന എൽ.ഡി.എഫ് സർക്കാരാണ് കുടിശ്ശിക മുഴുവൻ തീർത്ത് നൽകിയത്. ഇപ്പോഴാകട്ടെ, 62 ലക്ഷം പേർക്ക് സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നുണ്ട്. പെൻഷൻ തുക ഘട്ടം ഘട്ടമായി ഉയർത്തി 1,600 രൂപയുമാക്കിയിട്ടുമുണ്ട്. ഇത് ഇനിയും വർദ്ധിപ്പിക്കുന്നതിനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

2011-16 ലെ യു.ഡി.എഫ് സർക്കാരിൻറെ കാലത്ത് സാമൂഹ്യസുരക്ഷാ പെൻഷൻ ഇനത്തിൽ ആകെ 8,833.6 കോടി രൂപയാണ് നൽകിയതെങ്കിൽ 2016-21 ലെ എൽ.ഡി.എഫ് സർക്കാരിൻറെ കാലത്ത് 30,567.9 കോടി രൂപയാണ് ചെലവഴിച്ചത്. മുൻ യു.ഡി.എഫ് സർക്കാർ 5 വർഷം കൊണ്ട് നൽകിയതിനേക്കാൾ 21,734.3 കോടി രൂപയാണ് 2016-21 കാലത്ത് എൽ.ഡി.എഫ് സർക്കാർ അധികമായി വിതരണം ചെയ്തത്. ഈ സർക്കാരിൻറെ കാലത്ത് ഇതുവരെ 23,461.5 കോടി രൂപ സാമൂഹ്യസുരക്ഷാ പെൻഷൻ ഇനത്തിൽ വിതരണം ചെയ്തിട്ടുണ്ട്.

ഇന്ത്യയിലെ ഏറ്റവും സമഗ്രമായ സാമൂഹ്യസുരക്ഷാ പെൻഷൻ പദ്ധതി നടപ്പിലാക്കുന്നത് കേരളത്തിലാണ്. ഇതിൻറെ 98 ശതമാനം വിഹിതവും കണ്ടെത്തുന്നത് സംസ്ഥാന സർക്കാർ തന്നെയാണ്. സാമൂഹ്യസുരക്ഷാ പെൻഷൻ ഇനത്തിൽ ലഭിക്കുന്ന നാമമാത്രമായ കേന്ദ്ര വിഹിതം, പെൻഷൻ നൽകാൻ വേണ്ട തുകയുടെ വെറും 2 ശതമാനം മാത്രമാണ് എന്നതാണ് വസ്തുത. കടുത്ത പണഞെരുക്കം നിലനിൽക്കുമ്പോഴും സമൂഹത്തിലെ അവശജനവിഭാഗങ്ങളെ ചേർത്തുപിടിക്കുന്ന സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്.

സംസ്ഥാനത്ത് വിതരണം ചെയ്യുന്ന സാമൂഹ്യസുരക്ഷാ പെൻഷനുകളിൽ ഉൾപ്പെടുന്ന ദേശീയ വാർദ്ധക്യകാല പെൻഷൻ, ദേശീയ വിധവാ പെൻഷൻ, ദേശീയ വികലാംഗ പെൻഷൻ എന്നീ പെൻഷനുകൾക്കാണ് കേന്ദ്ര സഹായം ലഭിക്കുന്നത്. 79 വയസ്സുവരെയുള്ളവർക്കുള്ള വാർദ്ധക്യകാല പെൻഷൻ തുകയായ 1,600 രൂപയിൽ 200 രൂപ മാത്രമാണ് കേന്ദ്ര വിഹിതം. ഈ തുകയാകട്ടെ, 3.4 ലക്ഷം പേർക്ക് മാത്രമാണ് കേന്ദ്രം നൽകുന്നത്. 80 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കുള്ള കേന്ദ്ര വിഹിതം 500 രൂപയാണ്. ഇതാകട്ടെ, 1.16 ലക്ഷം പേർക്ക് മാത്രമാണ് ലഭിക്കുന്നത്. ദേശീയ വികലാംഗ പെൻഷനിൽ 66,928 ഗുണഭോക്താക്കൾക്ക് 300 രൂപ വീതം മാത്രമാണ് കേന്ദ്ര വിഹിതമുള്ളത്. ദേശീയ വിധവാ പെൻഷനിൽ 300 രൂപ മാത്രമാണ് കേന്ദ്ര വിഹിതം. കേന്ദ്ര വിഹിതം കൃത്യമായി ലഭിക്കാത്ത സ്ഥിതിയാണ് നിലവിലുള്ളത്. 2024 മെയ് വരെ അനുവദിച്ചിട്ടുള്ള സാമൂഹ്യ സുരക്ഷാ പെൻഷനുകളുടെ കേന്ദ്ര വിഹിതവും സംസ്ഥാന സർക്കാരാണ് നൽകിയത്. 2023 ജൂൺ വരെയുള്ള കേന്ദ്ര വിഹിതം മാത്രമാണ് സംസ്ഥാനത്തിന് ലഭ്യമായിട്ടുള്ളത്. കേന്ദ്ര വിഹിതം യഥാസമയം ലഭിക്കാത്തതു മൂലമുള്ള അധിക ബാധ്യതയും സംസ്ഥാന സർക്കാർ വഹിക്കേണ്ട സ്ഥിതിയാണുള്ളത്.

നിലവിൽ സാമൂഹ്യക്ഷേമ പെൻഷനുകളുടെ 5 ഗഡുക്കൾ കുടിശ്ശികയാണ്. പ്രതിമാസം 1,600 രൂപയാണ് സാമൂഹ്യക്ഷേമ പെൻഷനായി വിതരണം ചെയ്യുന്നത്. 2024 മാർച്ച് മുതൽ നിലവിലെ പെൻഷൻ കൃത്യസമയത്തു നൽകിവരികയാണ്. പണഞെരുക്കം കാരണമുണ്ടായ സാമൂഹ്യക്ഷേമ പെൻഷൻ കുടിശ്ശിക ഗുണഭോക്താക്കൾക്ക് 2024-25 സാമ്പത്തിക വർഷത്തിൽ രണ്ടു ഗഡുക്കളും 2025-26 ൽ മൂന്നു ഗഡുക്കളും വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്നു. സാമൂഹ്യ ക്ഷേമ പെൻഷൻ കുടിശ്ശിക തീർത്തും നൽകണമെന്ന കാര്യത്തിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. നിലവിൽ ഈ ഇനത്തിൽ 4,250 കോടി രൂപയാണ് കുടിശ്ശികയായുള്ളത്. 2024-25 സാമ്പത്തിക വർഷത്തിൽ കുടിശ്ശികയുടെ ഭാഗമായി 1,700 കോടി രൂപ വിതരണം ചെയ്യും.

2. തനത് ഫണ്ട് ഉപയോഗിച്ച് പെൻഷൻ വിതരണം ചെയ്യുന്ന ക്ഷേമനിധി ബോർഡുകൾ

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ്, കേരള ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോർഡ് (അൺഅറ്റാച്ച്ഡ്), കേരള പീടിക തൊഴിലാളി ക്ഷേമനിധി ബോർഡ്, കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ്, കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ് എന്നിവിടങ്ങളിൽ 2024 മേയ് മാസം വരെയുളള പെൻഷൻ വിതരണം ചെയ്തിട്ടുണ്ട്. എന്നാൽ കേരള കെട്ടിട നിർമ്മാണ ക്ഷേമനിധി ബോർഡിൽ 2023 മെയ് വരെയാണ് പെൻഷൻ നൽകിയിട്ടുള്ളത്. കെട്ടിട നിർമ്മാതാക്കളിൽ നിന്ന് പിരിച്ചെടുക്കുന്ന സെസ് തുകയിൽ നിന്നുമാണ് കെട്ടിട നിർമ്മാണ തൊഴിലാളി പെൻഷൻ വിതരണം ചെയ്യുന്നത്. സെസ് കാര്യക്ഷമമായി പിരിച്ചെടുത്ത് കുടിശ്ശിക നിവാരണത്തിനുള്ള നടപടികൾ ത്വരിതപ്പെടുത്താൻ സർക്കാർ തലത്തിൽ പ്രത്യേക ഇടപെടൽ ഉണ്ടാകും.

ആധാരം എഴുത്തുകാരുടെയും പകർപ്പ് എഴുത്തുകാരുടെയും സ്റ്റാമ്പ് വെണ്ടർമാരുടെയും പെൻഷനുകൾ നൽകുന്നത് ക്ഷേമനിധിയുടെ തനത് ഫണ്ടിൽ നിന്നാണ്. ഈ ആനുകൂല്യങ്ങൾക്ക് നിലവിൽ കുടിശ്ശികയില്ല.

3. ഖാദി ഇൻകം സപ്പോർട്ട് സ്‌കീം

ഖാദി മേഖലയിലെ തൊഴിലാളികൾക്ക് സർക്കാർ നൽകിവരുന്ന ഇൻകം സപ്പോർട്ട് സ്‌കീം ഖാദി വസ്ത്രങ്ങൾക്കുള്ള റിബേറ്റ്, ഖാദി നൂൽപ്പ്കാർക്കും നെയ്ത്തുകാർക്കും നൽകുന്ന ഉൽപ്പാദക ബോണസ്സും ഉത്സവ ബത്തയും നിലവിൽ കുടിശ്ശികയാണ്. 2024 മെയ് വരെ ഇൻകം സപ്പോർട്ട് ഇനത്തിൽ 38 കോടി രൂപയാണ് കുടിശ്ശിക. പ്രൊഡക്ഷൻ ഇൻസെൻറീവ് ഇനത്തിൽ 7 കോടിയും റിബേറ്റ് ഇനത്തിൽ 35 കോടി രൂപയും കുടിശ്ശികയാണ്. ആകെ 80 കോടി രൂപ കുടിശ്ശികയാണ്. ഇത് കൊടുത്ത് തീർക്കാനുള്ള നടപടി സ്വീകരിക്കും.

4. കേരള അംഗൻവാടി വർക്കേഴ്‌സ് & ഹെൽപ്പേഴ്‌സ് ക്ഷേമനിധി

കേരള അംഗൻവാടി വർക്കേഴ്‌സ് & ഹെൽപ്പേഴ്‌സ് ക്ഷേമനിധി ബോർഡിൽ നിന്ന് 8,219 വർക്കർമാർക്കും 8,946 ഹെൽപ്പർമാർക്കുമായി ആകെ 17,165 പേർക്ക് അംശാദായ പെൻഷൻ നൽകിവരുന്നു. 2010 മുതൽ 2022 വരെ വിരമിച്ച വർക്കർമാർക്ക് 2024 മെയ്, ജൂൺ മാസങ്ങളിലെ പെൻഷൻ നൽകുന്നതിനായി 6.10 കോടി രൂപയും 2023 ഏപ്രിലിൽ വിരമിച്ചവർക്ക് 11 മാസത്തെ കുടിശ്ശിക നൽകുന്നതിന് 4.18 കോടി രൂപയും 2024 ൽ വിരമിച്ചവർക്ക് പെൻഷൻ കുടിശ്ശികയായി 94.35 ലക്ഷം രൂപയും ഉൾപ്പെടെ 11.22 കോടി രൂപ കുടിശ്ശികയുണ്ട്. ഇത് അനുവദിക്കാൻ നടപടി സ്വീകരിക്കും.

5. ആരോഗ്യമേഖലയിലെ കുടിശ്ശിക

കാരുണ്യ പദ്ധതിയുടെ ഭാഗമായും മരുന്ന് വിതരണത്തിനുള്ള ബില്ലുകളിലും വന്ന കുടിശ്ശിക സമയബന്ധിതമായി 2024-25 സാമ്പത്തിക വർഷത്തിൽ തന്നെ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്. സർക്കാർ ആശുപത്രികളിൽ മരുന്നുലഭ്യതയ്ക്കും മറ്റും ഈ കുടിശ്ശിക തടസ്സമാകരുതെന്ന് സർക്കാരിന് നിർബന്ധമുള്ളതിനാൽ ഇത് പൂർണ്ണമായും കൊടുത്തുതീർക്കുന്നതാണ്.

6. സപ്ലൈകോ

വിപണി ഇടപെടലിൻറെ ഭാഗമായി സപ്ലൈകോയ്ക്കുള്ള സഹായം, നെല്ല് സംഭരണം, നെല്ലുല്പാദനം എന്നിവയ്ക്ക് നൽകേണ്ട തുക, ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം വഹിക്കേണ്ട ചെലവുകൾ എന്നിവയിലെ കുടിശ്ശിക 2024-25 സാമ്പത്തിക വർഷം തന്നെ വിതരണം ചെയ്യുന്നതാണ്.

169 ത്രിവേണി സ്റ്റോറുകളെ ഉപഭോക്തൃ സൗഹൃദമാക്കുന്നതിന് നടപടികൾ സ്വീകരിച്ചുവരികയാണ്. എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും മെഗാ ത്രിവേണി മാർക്കറ്റുകൾ ആരംഭിക്കാനും നീതി സ്റ്റോറുകളുടെ വാതിൽപ്പടി വിതരണം പുനരുജ്ജീവിപ്പിക്കാനും ഉദ്ദേശിക്കുന്നു. ത്രിവേണി/ നീതി വിഭാഗത്തിൽ ഓണം ഉൾപ്പെടെയുള്ള ഉത്സവ കാലങ്ങളിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന സബ്‌സിഡി വിപണികൾ നടത്തും.

7. കരാറുകാർക്കുള്ള കുടിശ്ശിക

ബിൽ ഡിസ്‌ക്കൗണ്ടിംഗ് സ്‌കീം വഴി ലഭ്യമാക്കിയിട്ടുള്ള തുകയുടെ കുടിശ്ശിക 2024-25 സാമ്പത്തിക വർഷത്തിൽ തന്നെ വിതരണം ചെയ്യുന്നതാണ്. ഈ ഇനത്തിൽ 2,500 കോടി രൂപയുടെ തുകയാണ് വിതരണം ചെയ്യാനുദ്ദേശിക്കുന്നത്.

8. സ്‌കോളർഷിപ്പ് വിതരണം

പട്ടികജാതി - പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്കും, മത്സ്യത്തൊഴിലാളി കുടുംബത്തിൽ പെട്ടവർക്കും ഉള്ള വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പ് ആനുകൂല്യങ്ങളുടെ കുടിശ്ശിക 2024-25 സാമ്പത്തികവർഷം തന്നെ വിതരണം ചെയ്യുന്നതാണ്.

9. മറ്റ് ധനസഹായങ്ങൾ

വന്യമൃഗ ആക്രമണങ്ങൾക്ക് ഇരയാകുന്നവർക്കുള്ള ധനസഹായം, ക്യാൻസർ, ക്ഷയം, ലെപ്രസി രോഗികൾക്കുള്ള ധനസഹായം, പമ്പിംഗ് സബ്‌സിഡി, യൂണിഫോം വിതരണത്തിൻറെ ഭാഗമായി കൈത്തറിത്തൊഴിലാളികൾക്കുള്ള കൂലിയും റിബേറ്റും, മിശ്രവിവാഹിതർക്കുള്ള ധനസഹായം, തണൽ പദ്ധതി പ്രകാരം മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കുള്ള ധനസഹായം, മലബാർ ദേവസ്വത്തിൻറെ കീഴിലുള്ള ആചാര്യസ്ഥാനീയർ, കോലധികാരികൾക്കുള്ള ധനസഹായം, മദ്രസ്സ അദ്ധ്യാപക ക്ഷേമനിധിയിൽ നിന്നുള്ള വിവാഹധനസഹായം എന്നീ ഇനങ്ങളിൽ ഈ സാമ്പത്തിക വർഷാവസാനത്തോടെ ഒരു കുടിശ്ശികയും നിലവിലില്ലായെന്ന് സർക്കാർ വകുപ്പുകൾ ഉറപ്പുവരുത്തും. ഈ ഇനത്തിലെ കുടിശ്ശിക വിതരണത്തിൽ 103.91 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നു.

മേൽ പറഞ്ഞ കുടിശ്ശിക തുകകൾ 2024-25 സാമ്പത്തിക വർഷത്തിൽ തന്നെ വിതരണം ചെയ്യാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

10. ലൈഫ് മിഷൻ

അഞ്ചുവർഷത്തിനുള്ളിൽ എല്ലാവർക്കും വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ള നടപടികളുമായാണ് സർക്കാർ മുന്നോട്ടുപോകുന്നത്. ഓരോ വീടുകൾക്കും നാലു ലക്ഷം രൂപ വീതമാണ് സർക്കാർ നൽകുന്നത്. ഇപ്രകാരം ഇതുവരെ അനുവദിച്ച 5,78,025 വീടുകളിൽ 4,04,529 വീടുകൾ പൂർത്തിയാക്കിയിട്ടുണ്ട്.

പി.എം.എ.വൈ (അർബൻ) പദ്ധതി പ്രകാരം 83,261 വീടുകൾക്ക് 1,50,000 രൂപ വീതവും പി.എം.എ.വൈ (റൂറൽ) പ്രകാരം 33,375 വീടുകൾക്ക് 72,000 രൂപ വീതവും കേന്ദ്ര ഫണ്ട് ലഭിച്ചിട്ടുണ്ട്. കേന്ദ്ര സഹായത്തോടെ നിർമ്മിച്ച 1,16,636 വീടുകൾക്ക് ആകെ കേന്ദ്ര സഹായം 1,489.2 കോടി രൂപയാണ്. ഇത്രയും വീടുകൾക്ക് ആവശ്യമായ ബാക്കി തുകയായ 3,176.2 കോടി രൂപ സംസ്ഥാന സർക്കാരാണ് അനുവദിച്ചത്. കേന്ദ്ര വിഹിതത്തോടൊപ്പം സംസ്ഥാന സർക്കാർ നൽകുന്ന വിഹിതം കൂടി വിനിയോഗിച്ചാണ് ഈ വീടുകൾ പൂർത്തിയാക്കിയിട്ടുള്ളത്.

2,87,893 വീടുകൾ നിർമ്മിക്കാനുള്ള മുഴുവൻ തുകയും നൽകിയത് സംസ്ഥാന സർക്കാരാണ്. ലൈഫ് പദ്ധതിക്കായി 14,692.4 കോടി രൂപയാണ് ഇതിനകം സംസ്ഥാന സർക്കാർ ചെലവഴിച്ചത്. എന്നാൽ, ഈ ഇനത്തിൽ കേന്ദ്ര സർക്കാർ വിഹിതം 1,489.2 കോടി രൂപ മാത്രമാണ്. അതായത്, ലൈഫ് പദ്ധതി പ്രകാരം അനുവദിക്കുന്ന ഭൂരിപക്ഷം വീടുകൾക്കും സംസ്ഥാന സർക്കാരാണ് മുഴുവൻ തുകയും അനുവദിക്കുന്നത്. എന്നാൽ, ഇപ്രകാരം നിർമ്മിക്കുന്ന എല്ലാ വീടുകളെയും കേന്ദ്ര സർക്കാരിൻറേതാക്കി ബ്രാൻറ് ചെയ്യണമെന്നും പി.എം.എ.വൈയുടെ ലോഗോ വീടുകളിൽ പ്രദർശിപ്പിക്കണമെന്നുമാണ് കേന്ദ്ര സർക്കാർ ആവശ്യപ്പെടുന്നത്. ഈ നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്ന് സംസ്ഥാന സർക്കാർ ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ പൂർത്തീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനാവശ്യമായ തുക അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. കൂടാതെ, പുനർഗേഹം പദ്ധതിയുടെ നടത്തിപ്പിലും ഗണ്യമായ പുരോഗതി കൈവരിക്കാൻ ലക്ഷ്യമിടുന്നു.

11. പെൻഷൻ പരിഷ്‌കരണ കുടിശ്ശിക

11-ാം ശമ്പള പരിഷ്‌കരണ കമ്മീഷൻറെ ഭാഗമായി നടപ്പിലാക്കിയ പെൻഷൻ പരിഷ്‌കരണത്തിൻറെ ഭാഗമായുള്ള കുടിശ്ശിക തുകയായ 600 കോടി രൂപ 2024-25 സാമ്പത്തിക വർഷം തന്നെ വിതരണം ചെയ്യുന്നതാണ്.

12. സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും നൽകുവാനുള്ള ഡി.എ/ഡി.ആർ/ശമ്പള പരിഷ്‌കരണ കുടിശ്ശിക

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും മെച്ചപ്പെട്ട ശമ്പള പരിഷ്‌ക്കരണം നടപ്പാക്കുകയും, ഡി.എ ഉറപ്പാക്കുകയും, ഡി.എ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ 2021-22 സാമ്പത്തിക വർഷത്തിൻറെ തുടക്കത്തിൽ തന്നെ പണമായി നൽകുകയും ചെയ്തു. പക്ഷെ തുടക്കത്തിൽ തന്നെ വിശദീകരിച്ച കേന്ദ്രത്തിൻറെ പ്രതികൂല സമീപനം കാരണം കേരളം നേരിട്ട അസാധാരണമായ പണഞെരുക്കം ശമ്പള-പെൻഷൻ പരിഷ്‌ക്കരണ കുടിശ്ശികകളും ജീവനക്കാർക്കുള്ള ക്ഷാമബത്ത, പെൻഷൻകാർക്കുള്ള ഡിയർനെസ്സ് റിലീഫ് എന്നിവയുടെ വിതരണത്തിൽ കുടിശ്ശിക വരാൻ ഇടയാക്കിയിട്ടുണ്ട്. ഈ കുടിശ്ശിക നിവാരണം ചെയ്യണമെന്ന് സർക്കാർ ലക്ഷ്യമിടുന്നു.

ജീവനക്കാർക്കും പെൻഷൻകാർക്കും ഒരു ഗഡു ഡി.എ/ഡി.ആർ ഏപ്രിൽ 2024ൽ വിതരണം ചെയ്തിട്ടുണ്ട്. 2021 ജനുവരി 1 മുതൽ 2024-25 സാമ്പത്തിക വർഷത്തിൻറെ തുടക്കം വരെ ഏഴ് ഗഡു ഡിഎ/ഡിആർ ആണ് കുടിശ്ശികയായി വന്നിട്ടുള്ളത്. ശമ്പള പരിഷ്‌ക്കരണ കുടിശ്ശികയും സർക്കാർ ജീവനക്കാർക്ക് നൽകാനുണ്ട്. ഡി.എ/ഡി.ആർ/ ശമ്പളപരിഷ്‌കരണ കുടിശ്ശിക അനുവദിക്കുന്നത് സംബന്ധിച്ച് വിശദമായ സർക്കാർ ഉത്തരവ് പ്രത്യേകം പുറപ്പെടുവിക്കുന്നതാണ്. 2024-25 സാമ്പത്തിക വർഷം മുതൽ പ്രതിവർഷം രണ്ടു ഗഡു ഡി.എ/ ഡി ആർ ജീവനക്കാർക്കും പെൻഷൻകാർക്കും അനുവദിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

13. വയനാട്, ഇടുക്കി, കാസർഗോഡ്, കുട്ടനാട് പാക്കേജുകൾ

സംസ്ഥാനത്തെ ചില ജില്ലകളിലെയും പ്രദേശങ്ങളിലെയും സവിശേഷ സാഹചര്യം കണക്കിലെടുത്ത് അവയുടെ വികസനത്തിനായാണ് മേൽപറഞ്ഞ പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുള്ളത്. ഇവ സമയബന്ധിതമായും കാര്യക്ഷമമായും പൂർത്തിയാക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. മേൽപറയുന്ന വയനാട്, ഇടുക്കി, കാസർഗോഡ് പാക്കേജുകൾക്കായി 75 കോടി രൂപ വീതം ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.

കാർഷിക മേഖലയുടെ വളർച്ചയ്ക്കും കർഷക വരുമാനം വർദ്ധിപ്പിക്കുന്നതിനും വേമ്പനാട് കായൽ വ്യവസ്ഥയെ പാരിസ്ഥിതികാഘാതങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനുമായുള്ള കുട്ടനാട് പാക്കേജിലെ പദ്ധതികൾ നടപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങളും ഊർജ്ജിതമാക്കുന്നതാണ്. ഇതിനായി 2024-25 സാമ്പത്തിക വർഷം 203 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

ഇടുക്കി ജില്ലയിൽ 16,621 ഹെക്ടറിലുള്ള ഏലം കൃഷിക്ക് സംഭവിച്ചിട്ടുള്ള കൃഷിനാശം കണക്കിലെടുത്ത് ഈ വിഷയം ഇടുക്കി പാക്കേജിൽ ഉൾപ്പെടുത്തി ആനുകൂല്യങ്ങൾ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കും. 2024-25 സാമ്പത്തിക വർഷത്തിൽ ബന്ധപ്പെട്ട വകുപ്പുകൾ ഇതിനായുള്ള സ്‌കീമുകൾ സമയബന്ധിതമായി തയ്യാറാക്കി തുക വിനിയോഗിക്കുമെന്ന് പ്രഖ്യാപിക്കുന്നു.

എൻഡോസൾഫാൻ ദുരിതബാധിതരായ 1,031 പേരെ കാസർഗോഡ് പാക്കേജിൻറെ പരിധിയിൽ ഉൾപ്പെടുത്തി സഹായം അനുവദിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്.

14. ഗ്രാമീണ റോഡുകളുടെ പുനർനിർമ്മാണം

പ്രകൃതിക്ഷോഭങ്ങൾ കാരണം ബാധിക്കപ്പെട്ടിട്ടുള്ള ഗ്രാമീണ റോഡുകളുടെ പുനർനിർമ്മാണത്തിനായി ബജറ്റിൽ വകയിരുത്തിയ 1,000 കോടി രൂപ ഈ സാമ്പത്തിക വർഷം തന്നെ സമയബന്ധിതമായ പരിപാടികൾ തയ്യാറാക്കി ചെലവ് ചെയ്യാൻ ഉദ്ദേശിക്കുന്നു.

15. ജലജീവൻ മിഷൻ

ജലജീവൻ മിഷൻ പദ്ധതി നടപ്പാക്കുന്നതിനുള്ള ആകെ ചെലവ് 42,000 കോടി രൂപയാണ്. ഇതിൽ തദ്ദേശസ്ഥാപനങ്ങളുടെ വിഹിതം ഉൾപ്പെടെ 21,000 കോടി രൂപ സംസ്ഥാന സർക്കാരിൻറെ വിഹിതമാണ്. ഇതുവരെയുള്ള പ്രവൃത്തികൾ നടത്തിയ വകയിൽ കരാറുകാർക്കുള്ള കുടിശ്ശിക നൽകാൻ നടപടി സ്വീകരിക്കും. നിലവിൽ നടന്നുവരുന്ന പ്രവൃത്തികൾ 2025 ഒക്ടോബറോടുകൂടി പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ജലജീവൻ മിഷൻ പദ്ധതി നടപ്പാക്കുന്നതിന് ഭാരിച്ച സാമ്പത്തിക ബാധ്യതയാണ് സർക്കാരിനു മേൽ വന്നുചേരുന്നത്. പൈപ്പിലൂടെ കുടിവെള്ളം എത്തിക്കുന്നതിനുള്ള ഈ പദ്ധതിയുടെ അടങ്കലിനായുള്ള തുകയുടെ സംസ്ഥാന സർക്കാർ വിഹിതം കണ്ടെത്തുന്നതിനായി നിലവിലെ കടപരിധിയിൽ തുകയ്ക്ക് തുല്യമായ തുക ഇളവ് നൽകണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടും.

16. തരംമാറ്റം അനുവദനീയമായ ഭൂമിയിൽ 1,291 ച. അടി വരെ വീട് നിർമ്മിക്കുന്നതിന് അനുമതിക്ക് നടപടിക്രമങ്ങളിൽ ഇളവ്

ഡാറ്റാ ബാങ്കിൽ ഉൾപ്പെടാത്ത ഭൂമിയിൽ സ്വന്തം ആവശ്യത്തിനായുള്ള 1,291 ചതുരശ്ര അടി വരെ വീട് നിർമ്മിക്കാൻ ഇളവ് ലഭ്യമാണ്. എന്നാൽ, ഈ ഇളവ് ലഭ്യമാണെന്നത് അറിയാതെ, അപേക്ഷകർ ഈ ആവശ്യത്തിലേക്ക് തരംമാറ്റത്തിനായി റവന്യൂ അധികാരികളെ സമീപിക്കുന്നുണ്ട്. ഈ ആനുകൂല്യം നിലവിലുണ്ട് എന്ന കാര്യം എല്ലാവരിലേക്കും എത്തിക്കുന്നതിന് നടപടി സ്വീകരിക്കും. ഇതിന് സ്പഷ്ടീകരണം നൽകി പ്രത്യേക നിർദ്ദേശം പുറപ്പെടുവിക്കും. ഈ ആനുകൂല്യത്തിന് അർഹതയുള്ള എല്ലാ അപേക്ഷകളും ഇപ്രകാരം തീർപ്പാക്കും.

ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട സ്ഥലത്ത് സ്വന്തം പേരിലോ, കുടുംബാംഗങ്ങളുടെ പേരിലോ ജില്ലയിൽ മറ്റൊരിടത്തും വീട് നിർമ്മിക്കാൻ ഭൂമി ഇല്ലെങ്കിൽ വീട് നിർമ്മിക്കുന്നതിന് പഞ്ചായത്ത് പ്രദേശത്ത് 10 സെൻറും മുനിസിപ്പാലിറ്റി/കോർപ്പറേഷൻ പ്രദേശത്ത് 5 സെൻറും നെൽവയൽ നികത്തി വീട് നിർമ്മിക്കാൻ ഒറ്റത്തവണ അനുമതി നൽകാൻ വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥയിൽ നിലവിലുള്ള നടപടിക്രമം ലഘൂകരിക്കുകയും വേഗത്തിലാക്കുകയും ചെയ്യും. ഇതിനായി ഒരു ഗ്രീൻ ചാനൽ സംവിധാനം ഏർപ്പെടുത്തും. ഇത്തരം കേസുകളിൽ വീട് നിർമ്മിക്കുന്നതിനുള്ള പെർമിറ്റ് അനുവദിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഡാറ്റാ ബാങ്കിൽ ഉൾപ്പെടുന്നു എന്ന വ്യവസ്ഥ തടസ്സമാവില്ല. ഇതിനും പ്രത്യേകമായ ഉത്തരവ് പുറപ്പെടുവിക്കും.

വരുമാന വർദ്ധനയും ചെലവ് ചുരുക്കലും സംബന്ധിച്ച നടപടികൾ

വരുമാനം വർദ്ധിപ്പിക്കുന്നതോടൊപ്പം ചിലവുകളിൽ മിതവ്യയം പാലിക്കുകയും സർക്കാർ സേവനങ്ങൾ ജനങ്ങളിൽ സുതാര്യമായും സങ്കീർണ്ണമല്ലാതെയും എത്തിക്കാനുള്ള പ്രത്യേക ഉത്തരവുകൾ 2024 ജൂലായ് 31-നകം ബന്ധപ്പെട്ട വകുപ്പുകൾ പുറപ്പെടുവിക്കുന്നതാണ്. ഇതിനു മേൽനോട്ടം വഹിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തുന്നതാണ്.

നികുതി-നികുതിയേതര വരുമാനം പരമാവധി വർദ്ധിപ്പിക്കാനുള്ള പരിശ്രമങ്ങളാണ് സർക്കാർ നടത്തിവരുന്നത്. നികുതിയേതര വരുമാന വർദ്ധനയ്ക്കായി വകുപ്പ് സെക്രട്ടറിമാരുടെ നേതൃത്വത്തിൽ ഇതിനാവശ്യമായ ഫലപ്രദമായ നടപടികൾ സ്വീകരിക്കും.

സർക്കാർ സേവനങ്ങൾ ഗുണഭോക്താക്കൾക്ക് തടസ്സം കൂടാതെ ലഭ്യമാക്കാൻ സാധ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചുവരുന്നുണ്ട്. സാധാരണക്കാർ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ സർക്കാർ എല്ലാ നടപടികളും സ്വീകരിക്കും.

സംസ്ഥാന സർക്കാർ സ്വയം നികുതി-നികുതിയേതര വരുമാനം വർദ്ധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമ്പോൾ തന്നെ, പരിമിതികൾക്ക് അകത്തുനിന്നുകൊണ്ട് നമ്മുടെ നാടിൻറെ വികസനത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിന് ആവിഷ്‌കരിച്ച പദ്ധതികൾ യാഥാർത്ഥ്യമാക്കുന്നതിനുള്ള ഉത്തരവാദിത്വം നിർവ്വഹിക്കുന്നതോടൊപ്പം, ചെലവ് ചുരുക്കലിനുള്ള നടപടികളും സർക്കാർ കൈക്കൊള്ളുന്നതാണ്.

സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ലഭ്യമാകേണ്ട ആനുകൂല്യങ്ങൾ അവരുടെ അവകാശമാണെന്ന് കരുതുന്ന നിലപാടാണ് സംസ്ഥാന സർക്കാരിനുള്ളത്. കേന്ദ്രസമീപനം മൂലമുണ്ടായ പണഞെരുക്കത്തിനിടയിലും വികസന - ക്ഷേമ പദ്ധതികളിൽ നിന്നും സർക്കാർ പിന്നോട്ടു പോവുകയില്ല. കേന്ദ്രസർക്കാരിൻറെ സമീപനം സൃഷ്ടിച്ച പണഞെരുക്കത്തിൻറെ പ്രത്യാഘാതം നടപ്പു സാമ്പത്തിക വർഷവും അടുത്ത സാമ്പത്തിക വർഷവും ഉണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല. ഇതിനെതിരെ സാധ്യമായ നിയമനടപടികൾ തേടുന്നതോടൊപ്പംതന്നെ സ്വയംപരിശ്രമം നടത്തുന്ന കാര്യത്തിലും സർക്കാർ ശ്രദ്ധ പതിപ്പിക്കുന്നതാണ്.

സാധാരണക്കാർക്കും സമൂഹത്തിലെ ദുർബ്ബല വിഭാഗങ്ങൾക്കും നൽകാനുള്ള സർക്കാർ ആനുകൂല്യങ്ങൾ കൃത്യമായി വിതരണം ചെയ്യുന്നതിലും കുടിശ്ശിക നിവാരണം ചെയ്യുന്നതിലും സംസ്ഥാന സർക്കാരിനുള്ള പ്രതിജ്ഞാബദ്ധത ഈ സഭയെ അറിയിക്കുകയാണ്.

logo
The Fourth
www.thefourthnews.in