എലിസബത്ത് രാജ്ഞിയുടെ ചിത്രമുള്ള കറന്‍സികളുമായി സുനീർ.
എലിസബത്ത് രാജ്ഞിയുടെ ചിത്രമുള്ള കറന്‍സികളുമായി സുനീർ.

വെറ്റിലപ്പാറയിലെ കറന്‍സികള്‍ പറയും, എലിസബത്ത് രാജ്ഞിയുടെ കഥ

ലോകത്ത് ഏറ്റവും കൂടുതല്‍ കറന്‍സികളില്‍ ഫോട്ടോ അച്ചടിച്ച ഭരണാധികാരിയെക്കുറിച്ച് വെറ്റിലപ്പാറയിലെ കറന്‍സികള്‍ക്കു പറയാനുള്ളത്...
Updated on
1 min read

ലോകത്ത് ഏറ്റവും കൂടുതല്‍ കറന്‍സികളില്‍ ഫോട്ടോ അച്ചടിച്ച ഭരണാധികാരിയെന്ന ഗിന്നസ് റെക്കോഡും സ്വന്തമാക്കി എലിസബത്ത് രാജ്ഞി ഓര്‍മയാകുബോള്‍, വെറ്റിലപ്പാറയിലെ കറന്‍സികള്‍ക്കും പറയാനൊരു കഥയുണ്ട്. ബക്കിംങ്ങ്ഹാം കൊട്ടാരത്തിലെ രാജ്ഞി ലോകത്തെ എത്രമാത്രം സ്വാധീനിച്ചെന്നറിയാന്‍ ബ്രിട്ടണ്‍ വരെ പോകണമെന്നില്ല, അതിന് മലപ്പുറം വെറ്റിലപ്പാറയിലെ സുനീറിന്റെ വീട്ടിലെത്തിയാല്‍ മതിയാകും. രാജ്ഞിയുടെ ചിത്രമുള്ള അപൂര്‍വ കറന്‍സി ശേഖരം ആ കഥ ഭംഗിയായി തന്നെ പറയും. എലിസബത്ത് രാജ്ഞിയുടെ ചിത്രം ആലേഖനം ചെയ്ത് വിവിധ രാജ്യങ്ങള്‍ ഇറക്കിയ കറന്‍സികള്‍ ഇവിടെ കാണാം.

ഇതിനു പുറമേ ഇതുവരെ മുറിച്ചെടുക്കാത്ത എട്ടു കറന്‍സികളും ഇവിടെയുണ്ട്. കാനഡ 1973ല്‍ പുറത്തിറക്കിയ ഒരു ഡോളറിന്റയും,1986 ല്‍ ഇറക്കിയ രണ്ടു ഡോളറിന്റെയും കറന്‍സികളും ഇതില്‍പ്പെടും. കറന്‍സി ശേഖരിക്കുന്നവര്‍ക്കിടയില്‍ അണ്‍കട്ട് കറന്‍സി എന്നാണിതറിയപ്പെടുന്നത്. ഈ കറന്‍സി അവസാനമായി പുറത്തിറക്കിയത് ശേഖരണക്കാര്‍ക്കിടയില്‍ ഒരു സുവനീര്‍ എന്ന രീതിയില്‍ സൂക്ഷിക്കുന്നതിനു വേണ്ടിയാണ്. ഇതിനു ശേഷം ഇവ പേപ്പറില്‍ അച്ചടിച്ചിട്ടില്ല. നാണയങ്ങളായിട്ടാണ് ഇറക്കിയിട്ടുള്ളത്. വളരെ അപൂര്‍വമായ ഈ കറന്‍സികള്‍ നിധിപോലെയാണ് സുനീര്‍ സൂക്ഷിക്കുന്നത്. എലിസബത്ത് രാജ്ഞിയുടെ ചിത്രം ആലേഖനം ചെയ്ത നാണയങ്ങളുടെ അപൂര്‍വ ശേഖരവും, രാജ്ഞിയുടെ ചിത്രമുള്ള സ്റ്റാമ്പുകളും സുനീറിന്റെ പക്കലുണ്ട്.

സുനീറിന്‍റെ ശേഖരത്തിലെ കറന്‍സികള്‍.
സുനീറിന്‍റെ ശേഖരത്തിലെ കറന്‍സികള്‍.

ഇത്തരം ഹോബികള്‍ പരിപോഷിപ്പിക്കുന്നതിനും പഠനം നടത്തുന്നതിനുമായി പ്രവര്‍ത്തിക്കുന്ന സൊസൈറ്റികള്‍ വഴിയാണ് സുനീര്‍ തന്റെ നാണയശേഖരം വിപുലമാക്കുന്നത്. മലപ്പുറം ന്യൂമിസ് മാറ്റിക് സൊസൈറ്റിയുടെ(MNS) എക്‌സ്‌ക്യുറ്റീവ് മെമ്പറും, തിരൂര്‍ നാപ്‌സ് (NAPS), കോഴിക്കോട് ആര്‍ക്കിയോളജി ആന്‍ഡ് ഹെറിറ്റേജ് സോസൈറ്റി എന്നിവയിലെ അംഗവുമാണ് സുനീര്‍ കെ.പി. വെറ്റിലപ്പാറ. സ്റ്റാമ്പ്, നാണയം, കറന്‍സികള്‍, പുരാവസ്തുക്കള്‍ എന്നിവയെല്ലാം ശേഖരിക്കുന്ന സുനീറിന്റെ വിനോദവും വ്യത്യസ്തമാണ്. ലോകത്തില്‍ ആദ്യമായി ഓസ്‌ട്രേലിയ പുറത്തിറക്കിയ 10 ഡോളറിന്റെ പോളിമര്‍ കറന്‍സിയും വിദേശ രാജ്യങ്ങളുടെ പോളിമര്‍ കറന്‍സി ശേഖരവും സുനീറിനു സ്വന്തം. സാധാരണ കടലാസില്‍ നിന്ന് വ്യത്യസ്തമാണ് പോളിമര്‍ കറന്‍സികള്‍. ലോകത്തിലെ ഏറ്റവും വലിയ കറന്‍സിയായ നൂറു ട്രില്യണ്‍ ഡോളറിന്റെ (100 000 000 000 000) സിംബാബ്വെ കറന്‍സി, തിബറ്റിന്റെ ഹാന്‍ഡ്മെയ്ഡ് കറന്‍സി, ജര്‍മന്‍ ക്ലോത്ത് കറന്‍സി എന്നിവയും സുനീറിന്റെ ശേഖരത്തിലുണ്ട്.

logo
The Fourth
www.thefourthnews.in