ക്രിസ്ത്യന്‍ സമൂഹത്തെ വരുതിയിലാക്കാന്‍ പെടുന്ന പെടാപാടുകള്‍... അനിൽ ആന്റണിയെ കൊണ്ട് ബിജെപിക്ക് എന്ത് പ്രയോജനം?

ക്രിസ്ത്യന്‍ സമൂഹത്തെ വരുതിയിലാക്കാന്‍ പെടുന്ന പെടാപാടുകള്‍... അനിൽ ആന്റണിയെ കൊണ്ട് ബിജെപിക്ക് എന്ത് പ്രയോജനം?

ക്രിസ്ത്യൻ നാമധാരി എന്നതിനപ്പുറം സമുദായത്തിന്റെ പിന്തുണ കിട്ടാൻ മാത്രമൊരു നേട്ടത്തിനുടമയല്ലാതിരുന്നിട്ടും അനിലിലേക്കെത്തുന്നുവെങ്കില്‍ ഒരു 'പ്രകടനപരത' ബിജെപി ലക്ഷ്യമിടുന്നെന്നാണ്
Updated on
2 min read

'കടന്നുപോകല്‍'എന്നാണ് പെസഹയുടെ അർഥം. അന്ത്യ അത്താഴത്തിന്റെ സ്മരണയില്‍ ക്രൈസ്തവർ പെസഹാ വ്യാഴം ആചരിക്കുന്ന ദിവസം മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകൻ അനില്‍ ആന്റണി ബിജെപി പാളയത്തിലെത്തി. അന്ത്യ അത്താഴത്തിന് പിന്നാലെ യേശു ഒറ്റു കൊടുക്കപ്പെട്ടെന്നത് പിന്നീടുള്ള ഐതിഹ്യം. പിതാവിനെ ഒറ്റിയ യൂദാസെന്നാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അനിലിനെ വിശേഷിപ്പിച്ചത്. എന്നാല്‍, വെറും 30 വെള്ളിക്കാശിന് ഒറ്റിയ, വളരെ പെട്ടെന്ന് സംഭവിച്ച എന്തോ ഒന്നായി ഈ കൂടുമാറ്റത്തെ കാണേണ്ടതില്ലെന്ന തിരിച്ചറിവിലേക്കാണ് കഴിഞ്ഞ കുറച്ചുകാലമായി ക്രിസ്ത്യൻ സമുദായത്തെ ലക്ഷ്യം വച്ചുള്ള സംഘപരിവാർ പ്രയത്നങ്ങള്‍ കൈ ചൂണ്ടുന്നത്.

മൃദു ഹിന്ദുത്വ സമീപനം എന്ന വിമർശനമേറ്റുവാങ്ങിയ നേതാവാണ് എ കെ ആന്റണി. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ പ്രീണന നടപടികളാണ് കോൺഗ്രസിന് തിരിച്ചടിയായതെന്ന് തുറന്നടിച്ച ആന്റണി പരക്കെ എതിർപ്പുകള്‍ക്ക് പാത്രമായിരുന്നു. എന്നാല്‍, കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകനെന്ന പേരിനപ്പുറം അനില്‍, കേരളാ രാഷ്ട്രീയത്തിലൊരു നിഴല്‍ പോലുമായിരുന്നില്ലാ ഇതുവരെ. ക്രിസ്ത്യൻ നാമധാരി എന്നതിനപ്പുറം സമുദായത്തിന്റെ പിന്തുണ കിട്ടാൻ മാത്രമൊരു നേട്ടത്തിനുടമയുമല്ല അനില്‍. എന്നിട്ടും, അനിലിലേക്കെത്തുന്നുവെങ്കില്‍ ക്രിസ്ത്യൻ സമുദായത്തിന് മുൻപിലൊരു 'പ്രകടനപരത' ബിജെപി ലക്ഷ്യമിടുന്നെന്നാണ്.

ക്രിസ്ത്യന്‍ സമൂഹത്തെ വരുതിയിലാക്കാന്‍ പെടുന്ന പെടാപാടുകള്‍... അനിൽ ആന്റണിയെ കൊണ്ട് ബിജെപിക്ക് എന്ത് പ്രയോജനം?
'കൈ' അല്ല, താമരക്കുമ്പിള്‍! അനില്‍ ആന്റണി ബിജെപിയില്‍

എ എൻ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ന്യൂനപക്ഷ മോർച്ചയുടെ പ്രവർത്തകർ ദുഃഖ വെള്ളിയാഴ്ച മലയാറ്റൂർ മല കയറാനൊരുങ്ങുകയാണ്. തീർഥാടനത്തിന്റെ ഭാഗമായുള്ള മലകയറ്റത്തില്‍ ബിജെപി പങ്കാളികളാകുന്നതിലെ അസ്വാഭാവികത, അതിശയോക്തിയില്‍ നിന്ന് സ്വാഭാവികത കൈവരിച്ചിട്ടുണ്ട് അടുത്ത കാലത്ത്. സമുദായത്തിന് വേണ്ടിയൊരു പാർട്ടി രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ സമാന്തരമായി നടക്കുന്നു. കാസ പോലുള്ള തീവ്ര സംഘങ്ങള്‍ക്ക് വളമിട്ട് പരിപോഷിപ്പിച്ച് ചർച്ചകളുടെ പരിധിയിലേക്ക് വരെ എത്തിച്ചുകഴിഞ്ഞു.

ചെറിയ ഇരയിട്ട് വലിയ മീനുകളെ പിടിക്കാമെന്നത് വ്യാമോഹമായി തന്നെ കേരളത്തില്‍ അവശേഷിച്ചെങ്കിലും ലക്ഷ്യം വലുതായതിനാല്‍ മാർഗം എന്തുമാകാമെന്നതിന് തെളിവുകള്‍ പലത് പിന്നെ കണ്ടു

ക്രിസ്ത്യാനികളിലെ സംഘപരിവാർ അനുകൂല നിലപാടുകാരെ 'ക്രിസംഘി'കളെന്ന് പരിഹസിക്കുമെങ്കിലും സമുദായത്തിനുള്ളില്‍ സംഘ് അനുകൂലികളെ സൃഷ്ടിക്കാനുള്ള പ്രത്യേക തന്ത്രമൊന്നുമല്ല. പകരം, വരാൻ പോകുന്ന തിരഞ്ഞെടുപ്പുകളില്‍ ക്രിസ്ത്യൻ വോട്ട് ലക്ഷ്യംവച്ചുള്ള നീക്കങ്ങള്‍. ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ടെന്ന തോന്നലുണ്ടാക്കലിന്റെ ഏതോ പരിധികളില്‍ അവർ വിജയിച്ചുവെന്നതാണല്ലോ 300 വെള്ളിക്കാശിന് ഒറ്റുകൊടുത്തെന്ന വിമർശനമേറ്റുവാങ്ങുന്ന തലശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി നല്‍കുന്ന സന്ദേശം. ആരുമായും അയിത്തമില്ല. അയിത്തം എന്നത് സഭയുടെ നിഘണ്ടുവിലില്ലായെന്ന് പാംപ്ലാനിയെ ചിന്തിപ്പിച്ച, പറയിപ്പിച്ച നേട്ടം ചെറുതല്ല. പിന്നാലെ താമരശേരി ബിഷപ്പിന്റെ പിന്തുണയും ആലോചനയില്ലാത്ത പ്രസ്താവനയല്ല.

ടോം വടക്കൻ, അല്‍ഫോൺസ് കണ്ണന്താനം, മുൻ ഡിജിപി ജേക്കബ് തോമസ് എന്നിവരിലേക്ക് എത്തിയതിന് പിന്നിലും വ്യക്തമായ ധാരണകളുണ്ടായിരുന്നു. എന്നാല്‍, ലക്ഷ്യം വച്ചതെന്തോ അത് നേട്ടത്തിലെത്തിക്കാൻ പ്രതീക്ഷിച്ച പോലെ കഴിഞ്ഞില്ല. ചെറിയ ഇരയിട്ട് വലിയ മീനുകളെ പിടിക്കാമെന്നത് വ്യാമോഹമായി തന്നെ കേരളത്തില്‍ അവശേഷിച്ചെങ്കിലും ലക്ഷ്യം വലുതായതിനാല്‍ മാർഗം എന്തുമാകാമെന്നതിന് തെളിവുകള്‍ പലത് പിന്നെ കണ്ടു. ക്രിസ്ത്യൻ മത മേലധ്യക്ഷൻമാരുമായുള്ള നിരന്തര ചർച്ചകളും ആ നിലയ്ക്ക് വായിച്ചെടുക്കാം.

ക്രിസ്ത്യന്‍ സമൂഹത്തെ വരുതിയിലാക്കാന്‍ പെടുന്ന പെടാപാടുകള്‍... അനിൽ ആന്റണിയെ കൊണ്ട് ബിജെപിക്ക് എന്ത് പ്രയോജനം?
അനില്‍ ആന്റണി സംഘപരിവാര്‍ രാഷ്ട്രീയത്തിനൊപ്പം ചുവടുവയ്ക്കുമ്പോള്‍

രാജ്യത്ത് ലവ് ജിഹാദുണ്ടെന്നും മുസ്ലീം സമുദായത്തില്‍പ്പെട്ടവർ ക്രിസ്ത്യൻ സമുദായത്തില്‍പ്പെട്ടവരെ നിർബന്ധിച്ച് മതം മാറ്റുന്നുവെന്നും ക്രിസ്ത്യൻ സമുദായം ആരോപണം ഉയർത്തിയപ്പോള്‍ പിന്തുണയ്ക്കാൻ ആദ്യമെത്തിയത് സംഘപരിവാറായിരുന്നു. കത്തോലിക്കാ പെൺകുട്ടികളെയും യുവാക്കളെയും നാർക്കോട്ടിക് ലവ് ജിഹാദികള്‍ ഇരയാക്കുമെന്ന് പാലാ രൂപതാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞത് ലവ് ജിഹാദ് വീണ്ടും കേരളത്തില്‍ ചർച്ചയാക്കിയിരുന്നു. സിറോ മലബാർ സഭയും ഇതേ വാദവുമായി രംഗത്തെത്തിയിരുന്നു. പിന്നാലെയെത്തി, ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യമിട്ട് തീവ്രവാദ സംഘടനകളൊരുക്കുന്ന പ്രണയക്കുരുക്കുകള്‍ വർധിക്കുകയാണെന്ന് തലശേരി അതിരൂപതയുടെ ഇടയലേഖനവും. അതിനും പിന്നിലും ബിഷപ് പാംപ്ലാനിയായിരുന്നു. അന്നുയർന്ന് വന്ന ചർച്ചകളിലൊക്കെ ബിജെപി പിന്തുണ പരോക്ഷമായിരുന്നില്ല. അത് വെറും മുസ്ലീം വിരോധം മാത്രമായിരുന്നില്ലാതാനും.

ക്രിസ്ത്യൻ-ഗോത്രവർഗ ഭൂരിപക്ഷമുള്ള സംസ്ഥാനങ്ങളില്‍ എന്താണ് ബിജെപിയുടെ തന്ത്രം?

റബ്ബര്‍ വില 300 ആക്കിയാല്‍ ബിജെപിയെ സഹായിക്കുമെന്ന പാംപ്ലാനിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ബിജെപി-ന്യൂനപക്ഷ മോർച്ചാ നേതാക്കള്‍ അദ്ദേഹത്തെ നേരിട്ടെത്തി കണ്ടതും വ്യക്തമായ അജണ്ടയിൻമേലാണ്. മലയോര മേഖലയെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതില്‍ ഇനി ബിജെപിക്കൊരു മാസ്റ്റർ പ്ലാൻ ഇല്ലാതിരിക്കും എന്ന് കരുതാനുമാകില്ല.

ഒറ്റ തവണ മാത്രം അക്കൗണ്ട് തുറന്ന ചരിത്രമുള്ള കേരള ബിജെപി, സംസ്ഥാനത്ത് ലക്ഷ്യം വയ്ക്കുന്ന നേട്ടങ്ങളില്‍ ക്രിസ്ത്യൻ സമുദായത്തെ ഒപ്പം നിർത്തിയാല്‍ ഗുണമാകുമെന്ന ധാരണയുണ്ട്. ക്രിസ്ത്യൻ-ഗോത്രവർഗ ഭൂരിപക്ഷമുള്ള സംസ്ഥാനങ്ങളില്‍ എന്താണ് ബിജെപിയുടെ തന്ത്രം? ത്രിപുരയും അസമും ഹിന്ദു ഭൂരിപക്ഷമുള്ള സംസ്ഥാനങ്ങളാണ്, എന്നാൽ മറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഗോത്രവർഗക്കാരും ക്രിസ്ത്യൻ മതവിഭാഗവുമാണ് ഭൂരിപക്ഷം. സസ്യാഹാരം മാത്രം മതിയെന്ന് അവർ അവിടെ നിലപാടെടുത്തിട്ടില്ല. ബീഫിനെതിരെ പ്രചാരണം നടത്തിയിട്ടില്ല. ക്രിസ്ത്യൻ-ആദിവാസി ഭൂരിപക്ഷമുള്ള മേഖലയെ എങ്ങനെ കൈകാര്യം ചെയ്യാമെന്ന ബോധ്യമാണ് കഴിഞ്ഞ കാലങ്ങളില്‍ അവിടെ പാർട്ടിയുടെ വിജയം. എന്നാല്‍, ഹിന്ദു ഭൂരിപക്ഷമുള്ള അസമിലും ത്രിപുരയിലും വെള്ളം ചേർക്കാത്ത നിലപാടെടുക്കുന്നതിന്റെ തെളിവാണ് അവിടെ ന്യൂനപക്ഷം എത്രത്തോളം ആക്രമിക്കപ്പെടുന്നു എന്നത്.

അനിലിന് കോൺഗ്രസിനോടുള്ളത് പിതാവ് ആന്റണിയുള്ളതുകൊണ്ടുള്ള ബന്ധം മാത്രമെന്നാണ് കെപിസിസി അധ്യക്ഷൻ പ്രതികരിച്ചത്. എന്നാല്‍, ഈ മറുപടിയോളം ചെറുതല്ല മുന്നോട്ടുള്ള കാര്യങ്ങളെന്നതിന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ചുള്ള ബിജെപിയുടെ പ്രവർത്തനം തെളിവാകും.

logo
The Fourth
www.thefourthnews.in