കെഎസ്ആര്‍ടിസി സ്വിഫ്റ്റ്
കെഎസ്ആര്‍ടിസി സ്വിഫ്റ്റ്

സ്വിഫ്റ്റ് കെഎസ്ആർടിസിയെ താങ്ങുമോ തളർത്തുമോ? ജീവനക്കാരുടെ എതിർപ്പിന് പിന്നിലെന്ത്?

തുടക്കത്തില്‍ നഷ്ടത്തിലോടിയിരുന്ന സിറ്റി സര്‍ക്കുലര്‍ സര്‍വീസ് ജനങ്ങള്‍ ഏറ്റെടുത്ത് യാത്രക്കാരുടെ എണ്ണം വര്‍ധിച്ചപ്പോഴാണ് സര്‍വീസ് സ്വിഫ്റ്റിന് കൈമാറുന്നത്
Updated on
4 min read

കെ എസ് ആർ ടി സി ജീവനക്കാരുടെ മാനേജ്മെൻ്റിനോടുള്ള എതിർപ്പിൻ്റെ പ്രധാന കാരണങ്ങളിൽ ഒന്ന് സ്വിഫ്റ്റിന് നൽകുന്ന പ്രാധാന്യമാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരം സിറ്റി സർക്കുലർ സർവീസുകൾ സ്വിഫ്റ്റിനെ ഏൽപ്പിച്ചതോടെ പ്രതിഷേധം ശക്തമാകുകയും ചെയ്തു. എന്തുകൊണ്ടാണ് സ്വിഫ്റ്റിനെ കെഎസ്ആർടിസി എതിർക്കുന്നത്? സ്വിഫ്റ്റ് രൂപീകരണം കെഎസ്ആർടിസിയെ വീണ്ടും തളർത്തുമോ?

എന്താണ് കെ സ്വിഫ്റ്റ്?

കേരള സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള സ്വതന്ത്ര കമ്പനിയായ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് 2021 നവംബര്‍ 9നാണ് രൂപീകൃതമായത്. കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ തന്നെയാണ് സ്വിഫ്റ്റിന്റെയും മാനേജിങ് ഡയറക്ടര്‍. കേരള സര്‍ക്കാര്‍ അനുവദിച്ച 100 കോടി രൂപ കൊണ്ട് 116 ഡീസല്‍ ബസുകള്‍ സ്വന്തമാക്കിയ സ്വിഫ്റ്റിന്റെ ആദ്യയാത്ര 2022 ഏപ്രില്‍ 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ആദ്യ ഘട്ടത്തില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന സ്വിഫ്റ്റ് പത്ത് വര്‍ഷത്തിനുശേഷം 2031 ഓടെ കെഎസ്ആര്‍ടിസിയുമായി ലയിപ്പിക്കുമെന്ന് അറിയിച്ചിരുന്നു.

സ്വിഫ്റ്റിന്റെ ഫ്ളാഗ് ഓഫ് ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുന്നു
സ്വിഫ്റ്റിന്റെ ഫ്ളാഗ് ഓഫ് ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുന്നു

പ്രവര്‍ത്തനചെലവ് കുറച്ച്, കൂടുതല്‍ വരുമാനമുണ്ടാക്കി, സ്വിഫ്റ്റിന്റെ ലാഭം കൊണ്ട് കെഎസ്ആര്‍ടിസിയെ ഉയര്‍ത്തിക്കൊണ്ടു വരികയായിരുന്നു ലക്ഷ്യം. പ്രത്യേക കമ്പനിയായതുകൊണ്ടു തന്നെ കെഎസ്ആര്‍ടിസിയുടെ കടബാധ്യതയോ, ശമ്പള സ്‌കെയിലോ ഒന്നും തന്നെ സ്വിഫ്റ്റിന് ബാധകമാകില്ല.

സ്വിഫ്റ്റിന്റെ ഡീസല്‍ ബസുകള്‍ ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന സാഹചര്യത്തിലാണ് സിറ്റി സര്‍ക്കുലര്‍ സര്‍വീസിനായി ഇലക്ട്രിക് ബസുകളും കമ്പനി വാങ്ങിയത്. 325 ജീവനക്കാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുകയും എട്ട് മണിക്കൂര്‍ ഡ്യൂട്ടിക്ക് 715 രൂപ വേതനമായി നല്‍കുകയും ചെയ്യുന്നു. ഡ്രൈവര്‍ കം കണ്ടക്ടര്‍ ജീവനക്കാരാണ് കെഎസ്ആര്‍ടിസി സ്വിഫ്റ്റില്‍. അതുകൊണ്ടു തന്നെ ഒരു ദിവസം ഒരു സ്വിഫ്റ്റ് ബസ് 22 മണിക്കൂര്‍ ഓടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. പുത്തന്‍ ബസുകള്‍ക്ക് വമ്പിച്ച സ്വീകാര്യതയാണ് യാത്രക്കാരുടെ ഭാഗത്ത് നിന്ന് ലഭിച്ചത്.

സ്വിഫ്റ്റ് കെഎസ്ആര്‍ടിസിക്ക് വെല്ലുവിളിയാകുന്നോ ?

സ്വിഫ്റ്റ് പദ്ധതിയുടെ തുടക്കം മുതല്‍ തന്നെ വിവിധ കോണുകളില്‍ നിന്ന് എതിരഭിപ്രായങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. നിലവില്‍ കെഎസ്ആര്‍ടിസി ലാഭകരമായി സര്‍വീസ് നടത്തുന്ന ദീര്‍ഘദൂര റൂട്ടുകളിലാണ് സ്വിഫ്റ്റും ഓടുന്നത്. ഓര്‍ഡിനറി ബസുകള്‍ എല്ലാം തന്നെ നഷ്ടത്തില്‍ ഓടുന്ന സാഹചര്യത്തില്‍ കെഎസ്ആര്‍ടിസിയുടെ നട്ടെല്ലെന്ന് പറയാനാകുന്ന സൂപ്പര്‍ക്ലാസ് സര്‍വീസുകളാണ് സ്വിഫ്റ്റ് കൊണ്ടുപോയത്. വരുമാനത്തിന്റെ വലിയൊരു ശതമാനം ഇതുമൂലം നഷ്ടമായെന്ന വാദം കെഎസ്ആര്‍ടിസി ഉന്നയിക്കുന്നു. സര്‍വീസുകള്‍ സ്വിഫ്റ്റിന് കൈമാറുന്നത് നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസിയെ വീണ്ടും നഷ്ടത്തിലേക്ക് തള്ളി വിടുമെന്ന് സംഘടനകള്‍ ആരോപിച്ചിരുന്നു. ശമ്പളവും പെന്‍ഷനും നല്‍കാനാകാത്ത അവസ്ഥയില്‍ 100 കോടി രൂപ മുടക്കി ബസുകള്‍ വാങ്ങുന്നതിനെതിരെ ജീവനക്കാരും യൂണിയനും രംഗത്തു വന്നിരുന്നു.

ജന്റം ബസുകളുടെ അറ്റകുറ്റപ്പണികള്‍ നടത്താതെ സര്‍വീസുകള്‍ പലതും മുടങ്ങിയിരിക്കുന്ന സാഹചര്യത്തില്‍ വീണ്ടും മള്‍ട്ടി ആക്സില്‍ ബസുകള്‍ വാങ്ങിക്കൂട്ടുന്നതില്‍ ജീവനക്കാര്‍ ആശങ്ക പ്രകടിപ്പിച്ചു. നിലവില്‍ വോള്‍വോ ബസുകളുടെ സ്പെയര്‍ പാര്‍ട്സുകള്‍ വാങ്ങാനോ കൃത്യമായി അറ്റകുറ്റപ്പണി നടത്താനോ കഴിയാത്ത അവസ്ഥയിലാണ് കോര്‍പ്പറേഷന്‍. മറ്റ് ബസുകളെ അപേക്ഷിച്ച് പരിപാലന ചെലവ് കൂടുതലായ ഇത്തരം ബസുകള്‍ സാമ്പത്തിക ബാധ്യത വര്‍ധിപ്പിക്കുകയും ഈ വാഹനങ്ങളും കട്ടപ്പുറത്താകുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നു.

2019ല്‍ കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസുകള്‍ കേരളത്തില്‍ അവതരിപ്പിച്ചിരുന്നു. ചൈനീസ് കമ്പനിയായ ബിവൈഡിയുടെ ഇലക്ട്രിക് ബസുകള്‍ ആദ്യയാത്രയില്‍ തന്നെ പാതിവഴിയില്‍ നിന്നുപോയി. അതിനുപിന്നാലെയാണ് സ്വിഫ്റ്റ് പുതിയ 50 ഇലക്ട്രിക് ബസുകള്‍ വാങ്ങിയതും കെഎസ്ആര്‍ടിസി നടത്തിവന്നിരുന്ന സിറ്റി സര്‍ക്കുലര്‍ സര്‍വീസ് സ്വിഫ്റ്റിന് കൈമാറാന്‍ തീരുമാനിച്ചതും

2019ല്‍ കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസുകള്‍ കേരളത്തില്‍ അവതരിപ്പിച്ചിരുന്നു. ചൈനീസ് കമ്പനിയായ ബിവൈഡിയുടെ ഇലക്ട്രിക് ബസുകള്‍ ആദ്യയാത്രയില്‍ തന്നെ പാതിവഴിയില്‍ നിന്നുപോയി. അതിനുപിന്നാലെയാണ് സ്വിഫ്റ്റ് ഡല്‍ഹി ആസ്ഥാനമാക്കിയുള്ള പിഎംഐയുടെ പുതിയ 50 ഇലക്ട്രിക് ബസുകള്‍ വാങ്ങിയതും കെഎസ്ആര്‍ടിസി നടത്തിവന്നിരുന്ന സിറ്റി സര്‍ക്കുലര്‍ സര്‍വീസ് സ്വിഫ്റ്റിന് കൈമാറാനും തീരുമാനിച്ചത്. തുടക്കത്തില്‍ നഷ്ടത്തിലോടിയിരുന്ന സിറ്റി സര്‍ക്കുലര്‍ സര്‍വീസ് ജനങ്ങള്‍ ഏറ്റെടുത്ത് യാത്രക്കാരുടെ എണ്ണം വര്‍ധിച്ചപ്പോഴാണ് സര്‍വീസ് സ്വിഫ്റ്റിന് കൈമാറുന്നത്. ഇതാണ് സിഐറ്റിയു ഉള്‍പ്പെടെയുള്ള സംഘടനകളെയും കെഎസ്ആര്‍ടിസി ജീവനക്കാരെയും ചൊടിപ്പിച്ചത്.

സ്വിഫ്റ്റിന്റെ  പുതിയ ഇലക്ട്രിക് ബസുകള്‍
സ്വിഫ്റ്റിന്റെ പുതിയ ഇലക്ട്രിക് ബസുകള്‍

അഞ്ചാം തീയതിക്ക് മുന്‍പ് ശമ്പളം നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് ഇതുവരെയും പാലിക്കപ്പെട്ടില്ല.ജൂണ്‍ മാസത്തെ ശമ്പളം പോലും ഇതുവരെ നല്‍കാന്‍ കെഎസ്ആര്‍ടിസിക്ക് കഴിഞ്ഞിട്ടില്ല. ആ സാഹചര്യത്തിലാണ് വീണ്ടും കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഇലക്ട്രിക് ബസുകള്‍ വാങ്ങിയത്. വാങ്ങിയ ബസുകള്‍ കെഎസ്ആര്‍ടിസിക്ക് നല്‍കണമെന്ന ആവശ്യം അവഗണിച്ചുകൊണ്ട് സ്വിഫ്റ്റിന് കൈമാറിയതും പ്രശ്‌നത്തിന് ആക്കം കൂട്ടി.

അതിനു പിന്നാലെ സിറ്റി സര്‍ക്കുലര്‍ സര്‍വീസ് എയര്‍ റെയില്‍ സര്‍വീസ് എന്ന പേരില്‍ സ്വിഫ്റ്റിന് കൈമാറാനും തീരുമാനമായി . ഇത്തരത്തില്‍ മുന്നോട്ട് പോയാല്‍ സ്വിഫ്റ്റ് കെഎസ്ആര്‍ടിസിയെ ഇല്ലാതാക്കുമെന്ന ആശങ്കയാണ് വിവിധ യൂണിയനുകള്‍ പങ്കുവെക്കുന്നത്.

എം പാനല്‍ ജീവനക്കാരെ കെഎസ്ആര്‍ടിസിയില്‍ നിയമിക്കാനാകില്ലെന്നും സ്വിഫ്റ്റില്‍ എം പാനല്‍ ജീവനക്കാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് സ്വിഫ്റ്റിനെ അവതരിപ്പിച്ചത്.കെഎസ്ആര്‍ടിസിയില്‍ നിന്ന് പിരിച്ചുവിട്ട 8500ഓളം താല്‍കാലിക ജീവനക്കാരെ പുനരധിവസിപ്പിക്കാന്‍ സർക്കാരിന് ഉത്തരവാദിത്തം ഉണ്ടെന്നും എന്നാല്‍ ഉദ്യോഗാര്‍ത്ഥികളുടെ കേസ് നിലനില്‍ക്കുന്നതിനാല്‍ കെഎസ്ആര്‍ടിസിയില്‍ നിയമിക്കുന്നതിന് തടസമുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.

അതിനാല്‍ പത്ത് വര്‍ഷം കഴിഞ്ഞവരെ കെഎസ്ആര്‍ടിസിയുടെ സബ്‌സിഡറി കോര്‍പ്പറേഷനായ കെയുആര്‍ടിസിയില്‍ സ്ഥിരപ്പെടുത്താനും, പത്ത് വര്‍ഷം പൂര്‍ത്തിയാകാത്ത മൂവായിരത്തോളം പേരെ സ്വിഫ്റ്റ് എന്ന പുതിയൊരു കമ്പനി രൂപീകരിച്ച് അതില്‍ നിയമിക്കുമെന്ന് മുഖ്യമന്ത്രിയും മാനേജിങ്ങ് ഡയറക്ടറും അറിയിച്ചിരുന്നു. എന്നാല്‍ അത്തരത്തില്‍ എം പാനല്‍ ജീവനക്കാരെ ഇതുവരെയും നിയമിച്ചിട്ടില്ല.

പത്ത് വര്‍ഷം പൂര്‍ത്തിയാകാത്ത മൂവായിരത്തോളം പേരെ സ്വിഫ്റ്റ് എന്ന പുതിയൊരു കമ്പനി രൂപീകരിച്ച് അതില്‍ നിയമിക്കുമെന്ന് മുഖ്യമന്ത്രിയും മാനേജിങ്ങ് ഡയറക്ടറും അറിയിച്ചിരുന്നു

700 ബസുകള്‍ സ്വിഫ്റ്റിനായി വാങ്ങാനുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. ആ ബസുകള്‍ വരികയും സര്‍വീസ് കൈമാറുകയും ചെയ്യുന്നതോടെ ഇപ്പോഴുള്ള കെഎസ്ആര്‍ടിസിയുടെ വരുമാനം കുത്തനെ ഇടിയുമെന്ന് മാത്രമല്ല നിലവിലുള്ള ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകുമോ എന്ന് ആശങ്കയും തൊഴിലാഴികള്‍ പങ്കുവെക്കുന്നു.

കെഎസ്ആര്‍ടിസിയുടെ ബസ്സ്റ്റാന്‍ഡുകള്‍, റിസര്‍വേഷന്‍ കൗണ്ടറുകള്‍, ടിക്കറ്റ് ആന്‍ഡ് ക്യാഷ് സെക്ഷന്‍, അക്കൗണ്ട്‌സ്, എന്നിവയുള്‍പ്പടെ ഉപയോഗപ്പെടുത്തിയാണ് സ്വിഫ്റ്റ് മുന്നോട്ട് പോകുന്നത്. എന്നാല്‍ ഇവയൊന്നും സ്വിഫ്റ്റിന്റെ ചെലവായി കണക്കാക്കാതെയാണ് മന്ത്രിസഭയിലും പുറത്തും, മന്ത്രിയും മാനേജിങ്ങ് ഡയറക്ടറും സ്വിഫ്റ്റിന് കെഎസ്ആര്‍ടിസിയെക്കാള്‍ ചെലവ് കുറവാണെന്ന് സ്ഥാപിക്കുന്നതെന്ന് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയിസ് യൂണിയന്‍ എഐടിയുസി ജനറല്‍ സെക്രട്ടറി എം ജി രാഹുല്‍ പറഞ്ഞു. ഇപ്പോള്‍ സ്വിഫ്റ്റിന്റെ കടം കൂടി കെഎസ്ആര്‍ടിസി താങ്ങേണ്ട അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ സിറ്റി സര്‍ക്കുലര്‍ സര്‍വീസില്‍ നിലവിലുള്ള ഡീസല്‍ ബസുകള്‍ കിലോമീറ്ററിന് 50 രൂപവരെ നഷ്ടമുണ്ടാക്കുമ്പോള്‍ ഇലക്ട്രിക് ബസുകള്‍ പ്രതിമാസം ശരാശരി 40 ലക്ഷം രൂപ ലാഭം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ സാഹചര്യം മനസിലാക്കി പരിഷ്‌കാരങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്നും കോര്‍പ്പറേഷനോട് സഹകരിക്കണമെന്നുമാണ് മാനേജ്‌മെന്റ് ആവശ്യപ്പെടുന്നത്.

logo
The Fourth
www.thefourthnews.in