'കെ-സ്റ്റോര്‍' അഥവാ കേരളത്തിലെ ന്യൂജെന്‍ റേഷന്‍ കട
മുഖംമിനുക്കി ന്യൂജന്‍ ആകുകയാണ് നമ്മുടെ റേഷന്‍ കടകള്‍. റേഷന്‍ കടകളുടെ രൂപവും ഭാവവും മാറ്റി അവതരിപ്പിക്കുന്ന ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ പദ്ധതിയാണ് കെ-സ്റ്റോര്‍. ആദ്യ ഘട്ടത്തില്‍ 108 കെ–സ്റ്റോറുകളാണ് സംസ്ഥാനത്താകെ സജ്ജമാക്കിയിരിക്കുന്നത്. സപ്ലൈകോ ശബരി ഉത്പന്നങ്ങളുടെ വിൽപ്പന,10,000 രൂപ വരെയുള്ള പണമിടപാടുകൾക്കുള്ള സൗകര്യം, പൊതുജന സേവനകേന്ദ്രങ്ങൾ, മിൽമ ഉത്പന്നങ്ങൾ, മിനി എൽപിജിസിലിണ്ടർ എന്നീ സേവനങ്ങള്‍ കെ-സ്റ്റോറുകള്‍ മുഖേന ലഭ്യമാക്കും.
ഗുണമേന്മയുള്ള ഭക്ഷ്യ സാധനങ്ങള്‍ ന്യായവിലയില്‍ ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളിലൂടെ പൊതുവിതരണ സംവിധാനത്തെ കൂടുതല്‍ ശക്തമാക്കുകയാണ് പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ജനങ്ങൾക്ക് കൂടുതൽ സേവനങ്ങളും ഉത്പന്നങ്ങളും ലഭ്യമാകുന്നതോടൊപ്പം റേഷൻ വ്യാപാരികൾക്ക് അധിക വരുമാനം ലഭ്യമാക്കാനും പദ്ധതി ഉപകരിക്കും.
കംപ്യൂട്ടർ ഉൾപ്പെടെ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും താത്പര്യവുമറിയിച്ച റേഷൻകട ഉടമകളെയാണ് ആദ്യഘട്ടത്തിൽ കെ സ്റ്റോറിനായി പരിഗണിച്ചത്. കെ സ്റ്റോർ ഉടമകൾക്കായി പരിശീലനവും നൽകി. രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച പദ്ധതിയാണ് കെ സ്റ്റോർ. സംസ്ഥാനത്തെ റേഷൻ കടകളെ അടിമുടി സ്മാർട്ടാക്കുക എന്ന ലക്ഷ്യത്തോടെ നൂറുദിന കര്‍മ പദ്ധതികളിലുള്‍പ്പെടുത്തിയായിരുന്നു കെ സ്റ്റോർ പ്രഖ്യാപനം. 2022 മേയ് 20ന് ആദ്യ കെ-സ്റ്റോര്‍ ഉദ്ഘാടനം ചെയ്യുമെന്ന പ്രഖ്യാപനം പിന്നീട് പല കാരണങ്ങളാല്‍ നീണ്ടു പോകുകയായിരുന്നു.