ഒടുവില്‍ ഹിറ്റ് വിക്കറ്റായി; അന്‍വറിന്റെ മുന്നില്‍ ഇനിയെന്ത്?

ഒടുവില്‍ ഹിറ്റ് വിക്കറ്റായി; അന്‍വറിന്റെ മുന്നില്‍ ഇനിയെന്ത്?

അന്‍വറിന് ഇനി ഇടതില്‍ ഇടമില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. അല്ലെങ്കില്‍, പരാതിക്കാരനായ തന്നെ കുറ്റക്കാരനാക്കിയ മുഖ്യമന്ത്രിക്ക് മുന്നില്‍ വിനീതവിധേയനായി ശിഷ്ടകാലം കഴിയേണ്ടി വരും
Updated on
2 min read

ഇടതുമുന്നണി സ്ഥാനാര്‍ഥിയായി നിലമ്പൂരില്‍ നിന്നു സിപിഎം ചിഹ്നത്തില്‍ മത്സരിച്ചു ജയിച്ച പിവി അന്‍വര്‍, സ്വയം മുന്നണി ബന്ധം അവസാനിപ്പിച്ച് പുറത്തേക്ക് ഇറങ്ങുമോ അതോ സിപിഎം മുന്‍കൈയെടുത്ത്, 2016-ല്‍ ഇട്ടുനല്‍കിയ പാലം വലിക്കുമോ എന്നേ ഇനി അറിയാനുള്ളൂ. മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാര്‍ത്താ സമ്മേളനത്തോടെ അന്‍വറിന് ഇനി ഇടതില്‍ ഇടമില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. അല്ലെങ്കില്‍, പരാതിക്കാരനായ തന്നെ കുറ്റക്കാരനാക്കിയ മുഖ്യമന്ത്രിക്ക് മുന്നില്‍ വിനീതവിധേയനായി ശിഷ്ടകാലം കഴിയേണ്ടി വരും.

അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളെല്ലാം തള്ളിക്കളഞ്ഞു എന്ന് മാത്രമല്ല സ്വര്‍ണ്ണക്കടത്തുകാര്‍ക്കും ഹവാല പണമിടപാടുകാര്‍ക്കും വേണ്ടിയാണ് അന്‍വറിന്റെ നീക്കങ്ങളെന്നു പറയാതെ പറയുകയായിരുന്നു ഒന്നേമുക്കാല്‍ മണിക്കൂര്‍ നീണ്ട വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. വാദി ഇപ്പോള്‍ പ്രതിയായിരിക്കുന്നു.

ഒടുവില്‍ ഹിറ്റ് വിക്കറ്റായി; അന്‍വറിന്റെ മുന്നില്‍ ഇനിയെന്ത്?
നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി, അൻവറിന് നിശിത വിമർശനം; പി ശശിയുടെത് മാതൃകാപരമായ പ്രവർത്തനം, എഡിജിപിയ്ക്കും സംരക്ഷണം

അന്‍വര്‍ ഒന്നാമതായി ഉന്നമിട്ട എഡിജിപി എംആര്‍ അജിത് കുമാറിനെ ചേര്‍ത്ത് നിര്‍ത്തിയ മുഖ്യമന്ത്രി, ആരോപണങ്ങളുടെ പേരില്‍ നടപടിയുണ്ടാകുമെന്ന് ആരും വ്യാമോഹിക്കേണ്ടെന്ന് സംശയത്തിന് ഇടയില്ലാതെ പറഞ്ഞുവച്ചു. അന്‍വര്‍ ആരോപിച്ചത് പോലെ, പോലീസ് സ്വര്‍ണ്ണക്കടത്ത് നടത്തുന്നില്ലെന്നും അര്‍ത്ഥശങ്കക്ക് ഇടയില്ലാതെ വ്യക്തമാക്കി. അന്‍വര്‍ ഉന്നമിട്ട രണ്ടാമന്‍ പി ശശിയായിരുന്നു. ശശിയെക്കുറിച്ച് പിണറായി പറഞ്ഞത് ''എന്‍റെ ഓഫീസില്‍ മാത്യകപരമായി പ്രവര്‍ത്തിക്കുന്ന ആളാണ്'' -എന്നാണ്. നിയമവിരുദ്ധമായ കാര്യത്തിന് പി ശശിയുടെ അടുത്തെത്തിയ അന്‍വര്‍, അത് ചെയ്ത് കിട്ടാത്തതിന്‍റെ പേരിലാണ് ശശിയെ വേട്ടയാടുന്നതെന്ന് വ്യംഗ്യമായി ദ്യോതിപ്പിക്കുകയും ചെയ്തു മുഖ്യമന്ത്രി.

മലപ്പുറം മുന്‍ എസ്പി സുജിത് ദാസിന് എതിരെ നടപടി എടുത്തത് മരം മുറിയുടെ പേരില്‍ അല്ലെന്ന് അടിവരയിട്ട് പറഞ്ഞ പിണറായി അന്‍വറിനോട് വാവിട്ട രീതിയില്‍ സംസാരിച്ചതാണ് സസ്പെന്‍ഷന് കാരണമെന്നും തുറന്ന്പറഞ്ഞു. വ്യക്തിപരമായി സംസാരിക്കുന്ന കാര്യങ്ങള്‍ ആരെങ്കിലും റെക്കോഡ് ചെയ്യുമോയെന്ന് ചോദിച്ച പിണറായി അക്കാര്യത്തിലും അന്‍വറിനെ തള്ളിപ്പറയുകയാണ് ചെയ്തത്.

ഒടുവില്‍ ഹിറ്റ് വിക്കറ്റായി; അന്‍വറിന്റെ മുന്നില്‍ ഇനിയെന്ത്?
'മാധ്യമങ്ങൾ നടത്തുന്നത് നശീകരണ മാധ്യമപ്രവർത്തനം, കേരളം അവഹേളിക്കപ്പെട്ടു'; വയനാട് എസ്റ്റിമേറ്റ് കണക്ക് വാർത്തകളില്‍ നിയമനടപടിയെന്ന് മുഖ്യമന്ത്രി

അന്‍വറിനെ ചെറുതാക്കി കാണിക്കാനുള്ള ശ്രമവും മുഖ്യമന്ത്രിയില്‍ നിന്നുണ്ടായി. ''ഞാനും അന്‍വറും തമ്മിലുണ്ടായ കൂടിക്കാഴ്ച വെറും അഞ്ച് മിനിറ്റ് മാത്രമായിരുന്നുവെന്ന്''- മുഖ്യമന്ത്രി വെളിപ്പെടുത്തിയത് അതിന് വേണ്ടിയാണ്. അരമണിക്കൂറോളം സമയമെടുത്ത് വിശദമായി മുഖ്യമന്ത്രിയോട് കാര്യങ്ങള്‍ പറഞ്ഞുവെന്നായിരുന്നു കൂടിക്കാഴ്ചക്ക് ശേഷമുള്ള അന്‍വറിന്‍റെ അവകാശവാദം. കൂടിക്കാഴ്ച നീണ്ടുപോയെന്ന് കാണിക്കാന്‍ സെക്രട്ടേറയേറ്റിനുള്ളില്‍ വെറുതെ സമയം ചിലവിട്ടയാളാണ്‌ അന്‍വറെന്ന പരിഹാസവും മുഖ്യമന്ത്രിയുടെ വാക്കുകളിലുണ്ടായിരുന്നു. അന്‍വറിന്‍റെ കോണ്‍ഗ്രസ് ബന്ധം ഓര്‍മ്മപ്പെടുത്തിയ മുഖ്യമന്ത്രി അന്‍വര്‍ ഇടത് പശ്ചാത്തലമുള്ള ആളല്ലെന്ന് പറഞ്ഞത് അന്‍വറിനെ പിന്തുണയ്ക്കുന്ന സിപിഎം പ്രവര്‍ത്തകര്‍ക്കുള്ള സന്ദേശമാണ്.

സില്‍വര്‍ ലൈന്‍ റെയില്‍ പദ്ധതി അട്ടിമറക്കാന്‍ പ്രതിപക്ഷ നേതാവിന് 150 കോടി രൂപ കണ്ടെയ്‌നറില്‍ എത്തിച്ചുവെന്ന അന്‍വറിന്‍റെ ആരോപണം ഒപ്പം നില്‍ക്കുന്നവര്‍ പോലും ഏറ്റെടുക്കാതെ വന്നപ്പോള്‍ അപഹാസ്യനായതാണ് നിലമ്പൂര്‍ എംഎല്‍എ. അതിനുശേഷമാണ്‌ മൂന്നാഴ്ച മുമ്പ് പുതിയ വിവാദങ്ങളുമായി അന്‍വറിന്‍റെ കടന്നുവരവ്.

എഡിജിപിക്കെതിരെ അന്വേഷണമെന്ന പരസ്യ നിലപാട് മുഖ്യമന്ത്രി പ്രഖ്യാപിച്ചതോടെയാണ് ആരോപണത്തില്‍ കഴമ്പുണ്ടെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടത്. സിപിഐ പൂര്‍ണ്ണമായും അന്‍വറിനെ പിന്തുണച്ചു. ഇതോടെ താരപരിവേഷം കിട്ടിയ അന്‍വര്‍, കൂടുതൽ ആക്രമണവുമായി മുന്നോട്ട് പോയി.

ഒടുവില്‍ ഹിറ്റ് വിക്കറ്റായി; അന്‍വറിന്റെ മുന്നില്‍ ഇനിയെന്ത്?
അന്‍വറിനെ തള്ളി സിപിഎം; പരാതികളിൽ പാര്‍ട്ടിതല അന്വേഷണമില്ല, പി ശശിക്കെതിരെ എഴുതിനൽകിയ പരാതിയില്ല, ഭരണതല അന്വേഷണം മികച്ചതെന്നും എം വി ഗോവിന്ദന്‍

ഇന്ന് അന്‍വറിനെ പൂര്‍ണ്ണമായും തള്ളി മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയതോടെ ഒരു ചോദ്യം മാത്രം ഉയര്‍ന്നു നില്ക്കുന്നു. ഒരു ഘട്ടത്തിലും അന്‍വറിനെ തള്ളുന്നുവെന്ന സൂചന കൊടുക്കാത്ത പിണറായി നിലമ്പൂര്‍ എംഎല്‍എയെ അതിരൂക്ഷമായി ഇന്ന് പെട്ടന്ന് വിമര്‍ശിക്കാന്‍ കാരണം എന്തായിരിക്കും?

ഇതുവരെയുള്ള മുഖ്യമന്ത്രിയുടെ മൗനവും അന്വേഷണ പ്രഖ്യാപനവുമൊക്കെ, അന്‍വര്‍ പറയുന്നത് ശരിയാണെന്ന പ്രതീയാണ് ഉണ്ടാക്കിയത്. സ്വന്തം ഓഫീസിനെതിരെ ഉയര്‍ന്ന ആരോപണം ആയിട്ടിപോലും മുഖ്യമന്ത്രി ആരോപണം തള്ളിയില്ല. അന്‍വറിനുവേണ്ടി സൈബര് ലോകത്തെ ഇടത് പോരാളികള് വരെ രംഗത്ത് വന്നു. പാര്‍ട്ടി അണികള്‍ക്ക് പുറമേ നേതാക്കളില്‍ ചിലരും അന്‍വറിനെ പിന്തുണച്ച് രംഗത്തു വന്നതോടെ അന്‍വറിനെ മുന്‍നിര്‍ത്തിയുള്ള നീക്കങ്ങള്‍ തനിക്കെതിരേയാണെന്ന തോ ന്നലായിരിക്കുമോ, പെട്ടന്നുള്ള തള്ളിപ്പറയലിന് പിന്നിൽ. പ്രത്യേകിച്ച് പാര്‍ട്ടി സമ്മേളനം നടക്കുന്ന ഈ സമയത്ത്.

logo
The Fourth
www.thefourthnews.in