ആന്റണിക്ക് ശേഷം തരൂര്‍; കോണ്‍ഗ്രസിന് പെരുന്ന നല്‍കുന്ന സന്ദേശം

ആന്റണിക്ക് ശേഷം തരൂര്‍; കോണ്‍ഗ്രസിന് പെരുന്ന നല്‍കുന്ന സന്ദേശം

തരൂർ നടത്തുന്ന ഇടപെടലിനൊപ്പം നിന്ന് കോൺഗ്രസ് രാഷ്ട്രീയത്തിൽ ശക്തമായ സ്വാധീനം ചെലുത്താനാണ് സുകുമാരൻ നായരുടെ നീക്കം
Updated on
1 min read

ഒരു കാലത്ത് എന്‍എസ്എസ് തള്ളിക്കളഞ്ഞ ശശി തരൂര്‍ മന്നം ജയന്തി സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുമ്പോള്‍ അത് കോൺഗ്രസ് രാഷ്ട്രീയത്തിലെ നിര്‍ണായക നീക്കങ്ങളിലൊന്നായി വിശേഷിപ്പിക്കാം. 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയായി ശശി തരൂര്‍ ആദ്യമെത്തിയപ്പോള്‍ ഇതിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് എന്‍എസ്എസ് സെക്രട്ടറി സുകുമാരന്‍ നായര്‍ ഉയര്‍ത്തിയിരുന്നത്.'ഡല്‍ഹി നായരാണ് ശശി തരൂര്‍' എന്ന വിശേഷണമാണ് അന്ന് എന്‍എസ്എസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. ശശി തരൂരിന്റെ സ്ഥാനാര്‍ത്ഥിത്വം യുഡിഎഫ് നായര്‍ ക്വാട്ടയില്‍ ഉള്‍പ്പെടുത്തേണ്ട എന്നും ജി സുകുമാരന്‍ നായര്‍ അന്ന് വിമര്‍ശിച്ചിരുന്നു. ആ നിലപാടാണ് ഇന്ന് സുകുമാരൻ നായർ തിരുത്തിയത്. അതോടൊപ്പം രമേശ് ചെന്നിത്തലയെക്കാൾ ഇപ്പോൾ തങ്ങൾക്ക് അടുപ്പം തരൂരാണെന്ന സൂചനയും അദ്ദേഹം നൽകുന്നു

എൻഎസ്എസ് പരസ്യമായി ഏറ്റെടുത്തതോടെ കോൺഗ്രസിലെ നീക്കങ്ങളിൽ തരൂരിന്റേത് നിര്‍ണായക ചുവടുവെയ്പ്പാണ്

എൻഎസ്എസ്സിൻ്റെ വേദി തന്നെ വി ഡി സതീശനെതിരെയും കെ സി വേണുഗോപാലിനെയും പരോക്ഷമായി വിമർശിക്കാൻ തരൂർ ഉപയോഗിച്ചുവെന്നതും ശ്രദ്ധേയമാണ്. ഒരു നായർക്ക് മറ്റൊരു നായരെ കണ്ടുകൂടാ എന്ന മന്നത്തിന്റെ പ്രസ്താവന, തനിക്ക് രാഷ്ട്രീയത്തിൽനിന്ന് ബോധ്യമായിട്ടുണ്ടെന്നാണ് തരൂർ പറഞ്ഞത്. ആ പ്രസ്താവന ഏതെങ്കിലും നേതാക്കളെ ലക്ഷ്യമിട്ടല്ലെന്ന് പിന്നീട് തരൂർ തിരുത്തിയെങ്കിലും ചർച്ചകൾ അതിനകം സജീവമായി കഴിഞ്ഞിരുന്നു.

കോൺഗ്രസിനൊപ്പം നിൽക്കുന്ന സാമുദായിക ശക്തികളെ കൂടെ നിർത്തുന്ന തരൂരിന്റെ തന്ത്രം ഇതുവരെ വിജയിച്ചിട്ടുണ്ട്. പാണക്കാട് തങ്ങൾ മാരെ കാണാൻ പോയതും അവിടെനിന്ന് ഊഷ്മളമായ സ്വീകരണം ലഭിച്ചതും മുന്നണി രാഷ്ട്രീയത്തിൽ ചർച്ചയായിരുന്നു. സുധാകരനടക്കമുള്ള കോൺഗ്രസ് നേതാക്കളുടെ പ്രവർത്തനരീതിയോടുള്ള വിയോജിപ്പ് അതിൽ പ്രതിഫലിച്ചിട്ടുണ്ടാകാമെങ്കിലും, തരൂരിന് അത് നേട്ടമായിരിന്നു. ഇപ്പോൾ എൻഎസ്എസ് പരസ്യമായി ഏറ്റെടുത്തതോടെ കോൺഗ്രസിലെ നീക്കങ്ങളിൽ നിർണായക ചുവടാണ് തരൂർ വെച്ചത്. അടുത്ത ദിവസം മാരമൺ കൺവെൻഷനിലും തരൂർ പങ്കെടുക്കുന്നുണ്ട്

ആന്റണിക്ക് ശേഷം തരൂര്‍; കോണ്‍ഗ്രസിന് പെരുന്ന നല്‍കുന്ന സന്ദേശം
ഒരു നായർക്ക് മറ്റൊരു നായരെ കണ്ടുകൂടെന്ന് മനസിലായെന്ന് തരൂർ; തരൂരിനെ വാഴ്ത്തി സുകുമാരന്‍ നായർ

കഴിഞ്ഞ കുറച്ചുകാലമായി പ്രത്യക്ഷത്തിൽ രാഷ്ട്രീയത്തിൽ ഇടപെടാതിരിക്കുകയായിരുന്നു എൻഎസ്എസ്. കേരളത്തിൽ ഇടതുപക്ഷം അധികാരത്തിൽ വന്നതിന് ശേഷം ഇടപെടൽ ശേഷിയും ഇല്ലാതായി. പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായി നടത്തിയ ഏറ്റുമുട്ടലല്ലാതെ കാര്യമായി കോൺഗ്രസ് രാഷ്ട്രീയത്തിലും ഇടപെടാൻ കഴിയാത്ത അവസ്ഥയിലായിരുന്നു സുകുമാരൻ നായർ. സാമുദായിക സംഘടനകളോട് അകലം കാട്ടുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശനും എന്‍എസ്എസും തുറന്ന പേരിലാണ് താനും. തരൂർ നടത്തുന്ന ഇടപെടലിനൊപ്പം നിന്ന് ശക്തമായി കോൺഗ്രസ് രാഷ്ട്രീയത്തിൽ സ്വാധീനം ചെലുത്താനാണ് സുകുമാരൻ നായരുടെയും ശ്രമം.

കാര്യം കഴിഞ്ഞാല്‍ പാലം വലിക്കുന്ന രമേശ് ചെന്നിത്തലയും വി ഡി സതീശനും അടക്കമുള്ള കോണ്‍ഗ്രസുകാര്‍ക്കെതിരായ തുറപ്പുച്ചീട്ടായി തരൂരിനെ മുന്നില്‍ നിര്‍ത്താന്‍ എന്‍എസ്എസ് കരുക്കള്‍ നീക്കുമ്പോള്‍, പുതിയ സമവാക്യത്തിന്റെ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തി അടുത്ത നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി കളം പിടിക്കാനുള്ള നീക്കമാണ് തരൂർ നടത്തുന്നത്. അതിനെ കോൺഗ്രസിലെ പ്രബലരായ എല്ലാ നേതാക്കളും എങ്ങനെ നേരിടുമെന്നതും കണ്ടറിയണം.

logo
The Fourth
www.thefourthnews.in