വീല്‍ചെയറിൽ നിന്നൊരു അതിജീവന പോരാട്ടം; സിവില്‍ സര്‍വീസ് സ്വപ്നം യാഥാർഥ്യമാക്കി
ഷെറിന്‍ ഷഹാന

വീല്‍ചെയറിൽ നിന്നൊരു അതിജീവന പോരാട്ടം; സിവില്‍ സര്‍വീസ് സ്വപ്നം യാഥാർഥ്യമാക്കി ഷെറിന്‍ ഷഹാന

പരുക്കിനെ തുടര്‍ന്ന് കഴുത്തിന് താഴോട്ട് പൂര്‍ണമായും തളര്‍ന്ന് വീല്‍ ചെയറിലാകുന്ന ക്വാഡ്രാപ്ലീജിയ എന്ന അവസ്ഥയിലാണ് ഷെറിന്‍ ഈ നേട്ടം കൈവരിച്ചത്
Updated on
2 min read

വീല്‍ ചെയറിലായിപ്പോയ ജീവിതവുമായി സമരസപ്പെടാൻ ഒരുക്കമായിരുന്നില്ല ഷെറിന്‍ ഷഹാനയെന്ന വയനാട്ടുകാരി. അപകടങ്ങളുടെയും നിരന്തരമായ ആശുപത്രിവാസങ്ങളുടെയും ഇടയിൽ ഷെറിൻ തളരാതെ പോരാടിയത് സിവിൽ സർവീസ് എന്ന വലിയ ലക്ഷ്യത്തിനുവേണ്ടിയായിരുന്നു. ഒടുവിൽ സ്വപ്നം വിജയകരമായി കൈപ്പിടിയിലൊതുക്കിയിരിക്കുകയാണ് ഈ യുവതി.

സിവിൽ സർവീസ് പരീക്ഷയിൽ 913 റാങ്ക് ലഭിച്ച വാർത്ത ഷെറിന്‍ ഷഹാന അറിഞ്ഞത് ആശുപത്രിയിൽവച്ചാണ്. രണ്ടാമത്തെ അപകടത്തെത്തുടർന്ന് ശസ്ത്രക്രിയയ്ക്കായി പെരിന്തൽമണ്ണയിലെ ആശുപത്രിയിലാണ് ഷെറിനിപ്പോൾ.

2017ൽ ഇരുപത്തി രണ്ടാം വയസിലായിരുന്നു ആദ്യ അപകടം. പിജി പരീക്ഷ കഴിഞ്ഞുള്ള അവധിക്കാലത്തിന്റെ തുടക്ക ദിവസം. വീടിന്റെ ടെറസിനു മുകളില്‍ ഉണക്കാനിട്ട വസ്ത്രങ്ങളെടുക്കാന്‍ പോയ ഷെറിന്, മഴയിൽ നനഞ്ഞ വസ്ത്രം വലിച്ചെടുക്കുന്നതിനിടെ കാൽ വഴുതി. സണ്‍ഷെയ്ഡിൽ ചെന്നിടിച്ച് താഴേക്ക് വീണ ഷെറിന് നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റു. രണ്ട് വാരിയെല്ലുകൾക്ക് പൊട്ടലുണ്ടാവുകയും ചെയ്തു. രണ്ടുവർഷത്തോളം കിടക്കയിൽ തന്നെയായിരുന്നു ജീവിതം. നിലവിൽ, കഴുത്തിന് താഴോട്ട് പൂര്‍ണമായി തളര്‍ന്ന് വീല്‍ ചെയറിലാകുന്ന ക്വാഡ്രാപ്ലീജിയ എന്ന അവസ്ഥയിലാണ് ഷെറിന്‍.

വാഹനാപകടത്തിന്റെ രൂപത്തിലായിരുന്നു രണ്ടാമത്തെ ദുരന്തം. ഈ മെയ് 16ന് കോഴിക്കോട്ടുനിന്ന വയനാട്ടിലേക്ക് കുടുംബത്തിനൊപ്പം ഷെറിൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. ഇപ്പോൾ ശസ്ത്രക്രിയയ്ക്കായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്നതിനിടെയാണ് ഷെറിനെ തേടി സിവിൽ സർവീസ് വിജയമെത്തിയത്.

2015ല്‍ ഉപ്പയുടെ മരണത്തോടെ നാല് പെണ്‍കുട്ടികളും ഉമ്മ ആമിനയും മാത്രമായിപ്പോയ കുടുംബത്തില്‍നിന്നാണ് സിവില്‍ സര്‍വീസ് നേട്ടത്തിലേക്ക് ഷെറിന്‍ എത്തിയത്. ഷെറിന്റെ ചേച്ചി ജാലിഷ ഉസ്മാന് ജോലി ലഭിക്കുന്നതോടെയാണ് കുടുംബത്തിന് അല്‍പ്പമെങ്കിലും ആശ്വാസമായത്. ജാലിഷയാണ്, അനിയത്തി വീല്‍ചെയറിൽനിന്ന് പൊരുതിനേടിയ വിജയം ലോകത്തോട് വിളിച്ചുപറഞ്ഞത്.

വീല്‍ചെയറിൽ നിന്നൊരു അതിജീവന പോരാട്ടം; സിവില്‍ സര്‍വീസ് സ്വപ്നം യാഥാർഥ്യമാക്കി
ഷെറിന്‍ ഷഹാന
സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; മലയാളിയായ ഗഹന നവ്യയ്ക്ക് ആറാം റാങ്ക്

മുഴുവന്‍ പരീക്ഷയും മലയാളത്തിലെഴുതി, മലയാളത്തില്‍ തന്നെ ഇന്റര്‍വ്യൂ നേരിട്ടാണ് ഷെറിന്റെ വിജയം. ഷെറിന്‍ പഠിച്ചതെല്ലാം സര്‍ക്കാര്‍ വിദ്യാലയങ്ങളിലായിരുന്നു. കണിയാമ്പറ്റ സര്‍ക്കാര്‍ സ്‌കൂളിലായിരുന്നു പ്രാഥമിക പഠനം. സുൽത്താൻ ബത്തേരി സെന്റ് മേരിസ് കോളേജിൽനിന്ന് ബിരുദവും ബിരുദാനന്തര പഠനവും പൂര്‍ത്തിയാക്കി. പൊളിറ്റിക്കല്‍ സയന്‍സിലാണ് പി ജി. തുടർന്ന് ഇതേ വിഷയത്തിൽ നെറ്റും ജെ ആര്‍ എഫും നേടിയ ഷെറിൻ നിലവിൽ കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവേഷക വിദ്യാർഥിയാണ്.

അബ്‌സല്യൂട്ട് അക്കാദമി, പെരിന്തല്‍മണ്ണ ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ അക്കാദമി, കേരള സിവില്‍ സര്‍വീസ് അക്കാദമി എന്നിവിടങ്ങളിലായിരുന്നു സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം. ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളും നേതൃരംഗത്തേയ്ക്ക് വരണമെന്ന ആഗ്രഹവുമായാണ് അബ്‌സൊല്യൂട്ട് ഐ എ എസ് അക്കാദമി രണ്ടു വര്‍ഷം മുന്‍പ് ആരംഭിച്ച 'ചിത്ര ശലഭം' പദ്ധതിയുടെ ആദ്യ ബാച്ചിലെ 25 പേരില്‍ ഒരാളായിരുന്നു ഷെറിന്‍.

നജീബ് കാന്തപുരം എം എല്‍ എയുടെ കെ ആര്‍ ഇ എ പദ്ധതിക്കുകീഴില്‍ പെരിന്തല്‍മണ്ണ ഹൈദരലി ശിഹാബ് തങ്ങള്‍ അക്കാദമിയുടെ ഭാഗമായ ഷെറിനെ കൂടാതെ, കാസര്‍ഗോഡ് സ്വദേശി കാജല്‍ രാജുവും ശാരീരിക വൈകല്യത്തെ അതിജീവിച്ച് സിവില്‍ സര്‍വീസ് നേട്ടം സ്വന്തമാക്കി. ഇരുവർക്ക് ശശി തരൂര്‍ ഉള്‍പ്പെടെയുളവര്‍ അഭിനന്ദനം അറിയിച്ചു.

logo
The Fourth
www.thefourthnews.in