ഉറക്കെ ചോദിക്കും; അമൽ ജ്യോതി ഉത്തരം പറഞ്ഞേ മതിയാവൂ

ഉറക്കെ ചോദിക്കും; അമൽ ജ്യോതി ഉത്തരം പറഞ്ഞേ മതിയാവൂ

ശ്രദ്ധ സതീഷ് എന്ന വിദ്യാർത്ഥിനിയുടെ ആത്മഹത്യയും തുടർന്ന് കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളേജ് അധികൃതർ സ്വീകരിക്കുന്ന ദുരൂഹ നിലപാടുകളും ഉയർത്തുന്ന ചോദ്യങ്ങൾ ഏറെയാണ്
Updated on
3 min read

ശ്രദ്ധ സതീഷ് എന്ന ഇരുപതുകാരി കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളേജ് വനിതാ ഹോസ്റ്റലിൽ ജീവനൊടുക്കിയിട്ട് മൂന്ന് ദിവസം കഴിഞ്ഞു. ഇതുവരെ ഈ മരണത്തിനുപിന്നിലെ കാരണങ്ങളെപ്പറ്റി യുക്തിസഹമായ ഒരു വിശദീകരണം കോളേജ് അധികൃതരോ മാനേജ്‌മന്റായ കത്തോലിക്കാ സഭയോ നൽകിയിട്ടില്ല.

അതേസമയം, ശ്രദ്ധയുടെ സഹപാഠികൾ ഇന്നലെ മാധ്യമങ്ങളുടെ മുന്നിൽ ഉന്നയിച്ച നിരവധി സംശയങ്ങൾ ഇപ്പോഴും ഉത്തരമില്ലാതെ നിലനിൽക്കുന്നു. മറുവശത്ത്, സംഘടിത ശക്തിയായ സഭയ്ക്കുവേണ്ടി വക്കാലത്തെടുത്ത് ഇറങ്ങിയ ചിലർ തെറ്റിദ്ധാരണാജനകമായ വിവരങ്ങൾ ആധികാരികമെന്ന പോലെ പ്രചരിപ്പിക്കാനുള്ള ആവേശത്തിലുമാണ്. സഭയ്‌ക്കെതിരെ സംസാരിക്കുന്നവരെ വിശ്വാസയോഗ്യമല്ലാത്തവരാക്കി ചിത്രീകരിക്കുന്നത് സഭ എക്കാലവും പിന്തുടർന്നുപോരുന്ന തന്ത്രമാണ്.

ശ്രദ്ധയുടെ നിർഭാഗ്യകരമായ മരണത്തിലേക്ക് നയിച്ച സംഭവങ്ങളുടെ തുടക്കമായി കരുതപ്പെടുന്നത് ലാബിൽവച്ച് കഴിഞ്ഞ വെള്ളിയാഴ്‌ച ആ വിദ്യാർത്ഥിനി മൊബൈൽ ഫോണിൽ എന്തോ മെസ്സേജ് നോക്കുന്നത് അധ്യാപകൻ കണ്ടുവെന്നതാണ്. ലാബിൽനിന്ന് വകുപ്പുമേധാവിയുടെ മുറിയിലേക്ക് വിളിപ്പിച്ച വിദ്യാർത്ഥിനി തിരിച്ചുവന്നത് വളരെ അസ്വസ്ഥയായാണ്. "എനിക്ക് മടുത്തു; മരിച്ചാൽ മതി," എന്ന് വിദ്യാർത്ഥിനി കൂട്ടുകാരോട് പറഞ്ഞിരുന്നു. സ്വാഭാവികമായും ഇവിടെ ഉയരുന്ന ചോദ്യം ആത്മഹത്യ ചെയ്യാൻ പാകത്തിന് ആ മുറിയിൽ എന്താണ് നടന്നതെന്നാണ്?

കുഴഞ്ഞുവീണുവെന്നാണ് വിദ്യാർത്ഥിയെ ആശുപത്രിയിലെത്തിച്ച വാർഡൻ, സിസ്റ്റർ മായ, ഫാദർ ജിൻസ് എന്നിവർ ഡോക്ടറോടും മറ്റും പറഞ്ഞതെന്ന്  സഹപാഠികൾ പറയുന്നു. എന്തിനായിരുന്നു അങ്ങനൊരു കള്ളം പറഞ്ഞത്?

അതിന് ഉത്തരം കണ്ടെത്തണമെങ്കിൽ ആദ്യം ശ്രദ്ധയോടൊപ്പം താമസിക്കുന്ന, ഒരേ ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ മൊഴിയെടുക്കണം. എന്നാൽ, അതിനുള്ള ശ്രമമൊന്നും പോലീസ് ഇതുവരെ നടത്തിയിട്ടില്ലെന്നാണ് അറിയുന്നത്. കൃത്യമായ നടപടിയില്ലാതെ ഫോൺ വാങ്ങിവയ്ക്കാനും പ്രൈവറ്റ് ചാറ്റ് വായിക്കാനും പോലീസിനു പോലും അധികാരമില്ലാത്ത ഈ നാട്ടിൽ, അമൽ ജ്യോതിയിലെ മാനേജ്മെന്റിനും അദ്ധ്യാപകർക്കും ആരാണ് ഇതിനെല്ലാം അധികാരം കൊടുത്തത്?

അടച്ചിട്ട ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിദ്യാർത്ഥിയെ ആശുപത്രിയിൽ എത്തിച്ചത് വാർഡൻ, സിസ്റ്റർ മായ, ഫാദർ ജിൻസ് എന്നിവർ ചേർന്നാണെന്നു കുട്ടികൾ ചൂണ്ടിക്കാണിക്കുന്നു. ആശുപത്രിയിൽ ചെന്നപ്പോൾ കുട്ടി കുഴഞ്ഞുവീണുവെന്നാണ്  ഡോക്ടറോടും മറ്റും ഇവർ പറഞ്ഞതെന്ന്  സഹപാഠികൾ പറയുന്നു. എന്തിനായിരുന്നു അങ്ങനൊരു കള്ളം പറഞ്ഞത്? ആ കള്ളം കാരണം ആ കുട്ടിക്ക് ലഭിക്കേണ്ടിയിരുന്ന ചികിത്സ വൈകിയെന്നാണ് പരാതി. അങ്ങനയെങ്കിൽ ഇത് മനഃപൂർവമായ നരഹത്യ തന്നെയല്ലേ? അത്തരത്തിൽ കേസെടുത്ത് ഇവരെ വിചാരണ ചെയ്യേണ്ട ക്രിമിനൽ കുറ്റമല്ലേ?

"ചാകാൻ പോകുകയാണെന്ന് പറഞ്ഞിട്ട് നിങ്ങൾ കൂട്ടുകാർ എന്തുകൊണ്ട് കൂടെ ഇരുന്നില്ല. അതുകൊണ്ട് നിങ്ങളാണ് ഈ ദുരന്തത്തിന് ഉത്തരവാദികൾ," എന്ന് കുട്ടികളോട് ഇന്നലെ ക്ലാസിൽവച്ച് കുറ്റപ്പെടുത്തിയ രണ്ട് അധ്യാപികമാർ അങ്ങനെ പറഞ്ഞത് എന്തുകൊണ്ടെന്നും അവർ വാസ്‌തവത്തിൽ ആരെയാണ് രക്ഷിക്കാൻ ശ്രമിക്കുന്നതെന്നും അറിയേണ്ടതുണ്ട്. ഈ വിഷയത്തിൽ പ്രതിസ്ഥാനത്തു കുട്ടികൾ ആരോപിക്കുന്ന കന്യാസ്ത്രീ ആയ ഒരു അധ്യാപികയ്ക്ക് നേരെ നേരത്തെയും പരാതികൾ ഉണ്ടായിട്ടുണ്ട്. എന്നാൽ, നിർഭാഗ്യവശാൽ അവർക്കെതിരെ ഒരു നടപടിയും എടുത്തിട്ടില്ല.

മരിച്ച കുട്ടിക്ക് സപ്ലിമെന്ററി പേപ്പർ ഉണ്ടെന്നു സാമൂഹിക മാധ്യമങ്ങളിൽ ആവർത്തിച്ച് പറയിക്കുന്നതിന്റെ ഉദ്ദേശം ഒട്ടും നിഷ്കളങ്കമല്ല. ഇതേ വാദം ആശുപത്രിയിൽ വച്ച് ശ്രദ്ധയുടെ രക്ഷിതാക്കളെ പറഞ്ഞു ബോധ്യപ്പെടുത്താൻ മാനേജ്മെന്റിന്റെ വക്കാലത്ത് എടുത്ത ചില വിരമിച്ച പോലീസ് ഉദ്യോഗസ്ഥർ ശ്രമിച്ചെന്നാണ് ആരോപണം

വെള്ളിയാഴ്ച ഒരു വിദ്യാർത്ഥിനി കോളേജ് ഹോസ്റ്റലിൽ ആത്മഹത്യ ചെയ്യുന്നു. അടുത്ത പ്രവർത്തി ദിനമായ തിങ്കളാഴ്ച ഒന്നും സംഭവിക്കാത്ത പോലെ കോളജിൽ ക്‌ളാസ് നടത്തുകയാണ്. ഇത്രമേൽ ലാഘവത്തോടെ ഈ വിഷയത്തെ കാണാനുള്ള ധൈര്യം കോളജ് അധികൃതർക്ക് ലഭിക്കുന്നത് എങ്ങനെയാണ്? ഇതിനെ ചോദ്യം ചെയ്തു വിദ്യാർത്ഥി സംഘടനകൾ കോളജിൽ സമരം നടത്തുമ്പോൾ അത് ക്രൈസ്തവ സഭയ്‌ക്കെതിരെയുള്ള സംഘടിത ആക്രമണമായി ചിത്രീകരിക്കാനുള്ള ശ്രമത്തിനു പിന്നിലെ ലക്ഷ്യമെന്താണ്?
ശ്രദ്ധയുടെ മരണ വിവരം വാട്സാപ്പ് സ്റ്റാറ്റസ് ആയി പങ്കുവച്ച വിദ്യാർത്ഥികളെയൊക്കെ രാത്രി പതിനൊന്നുമണിക്ക് വിളിച്ച് സ്റ്റാറ്റസ് ഡിലീറ്റ് ചെയ്യിപ്പിച്ചിരുന്നുവത്രെ.

അതും പോരാഞ്ഞ്, അനുശോചന യോഗത്തിൽ വളരെ ലാഘവത്തോടെ കോളേജ് മാനേജർ "നിങ്ങൾക്ക് ആ മരിച്ച കുട്ടിയോട് സ്നേഹമുണ്ടെങ്കിൽ ഇങ്ങനെ മാനേജ്മെന്റിനെ ചോദ്യം ചെയ്യുകയാണോ വേണ്ടത്? നിങ്ങൾക്ക് മാന്യതയുണ്ടോ?" എന്നൊക്കെ ചോദിച്ചെന്നും കുട്ടികൾ പറയുന്നുണ്ട്. ആ സ്ഥാപനത്തിലെ വിദ്യാർത്ഥിനി മരണപെടുമ്പോൾ മറ്റാരോടാണ് ചോദ്യങ്ങൾ ചോദിക്കേണ്ടത്? ആശുപത്രിയിൽ വിവരമറിഞ്ഞ് രാത്രിയെത്തിയ ശ്രദ്ധയുടെ പിതാവിനെയും സുഹൃത്തിനെയും കണ്ടപ്പോൾ വാർഡനും സഹ വാർഡനും സ്ഥലം വിടുകയായിരുന്നുവെന്ന് അയൽവാസിയായ രഘുനന്ദനൻ എഴുതിയ ഫേസ്ബുക്ക് പോസ്റ്റിലുണ്ട്.

ഈ മരണത്തിൽ മാനേജ്മെന്റിന് എന്തൊക്കെയോ മറക്കാനുണ്ടെന്ന സൂചനയാണ് ഈ സംഭവങ്ങളൊക്കെ നൽകുന്നത്. ആ സംശയങ്ങൾ നീക്കാനുള്ള മറുപടിയാണ് മാനേജ്മെന്റിൽനിന്ന് പ്രതീക്ഷിക്കുന്നത്. അതിനു പകരം മരിച്ച കുട്ടിക്ക് സപ്ലിമെന്ററി പേപ്പർ ഉണ്ടെന്നു സാമൂഹിക മാധ്യമങ്ങളിൽ ആവർത്തിച്ച് പറയിക്കുന്നതിന്റെ ഉദ്ദേശം ഒട്ടും നിഷ്കളങ്കമല്ല. ഇതേ വാദം ആശുപത്രിയിൽ വച്ച് ശ്രദ്ധയുടെ രക്ഷിതാക്കളെ പറഞ്ഞു ബോധ്യപ്പെടുത്താൻ മാനേജ്മെന്റിന്റെ വക്കാലത്ത് എടുത്ത ചില വിരമിച്ച പോലീസ് ഉദ്യോഗസ്ഥർ ശ്രമിച്ചെന്ന് അവരോടൊപ്പം ആശുപത്രിയിൽ ചെന്ന  രഘുനന്ദനൻ പറഞ്ഞിട്ടുണ്ട്.

കത്തോലിക്കാ സഭയാകട്ടെ മറ്റേതു മതസ്ഥാപനമാകട്ടെ, അവരുടെ കീഴിലുള്ള കോളജുകളിൽ പുരോഹിതരും മറ്റും അധികാര സ്ഥാനത്ത് വരുന്നത് എങ്ങനെയാണെന്ന് പരിശോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സഭയുടെ സ്ഥാപനമാണ് എന്നതുകൊണ്ട് കത്തോലിക്കാ പൗരോഹിത്യം കോളജ് അധികാരിയാകാനുള്ള യോഗ്യതയാവുമോ?

കേരളത്തിൽ ഏറ്റവും മികച്ച വിജയശതമാനം രേഖപ്പെടുത്തുന്ന എൻജിനീയറിങ് കോളേജുകളിൽ ഒന്നാണ് അമൽ ജ്യോതി. ഇതേ കോളേജിൽ പഠിച്ചിറങ്ങിയ അടുത്ത ഒരു സുഹൃത്തിനോട് ശ്രദ്ധയുടെ കാര്യം സംസാരിച്ചപ്പോൾ "പത്തു കൊല്ലം കഴിഞ്ഞിട്ടും അമൽ ജ്യോതിക്ക് ഒരു മാറ്റവും ഇല്ലല്ലോ," എന്നായിരുന്നു ആദ്യത്തെ വാചകം. പഠിക്കുന്ന കോളേജിനെ വെറുത്തുകൊണ്ട് പഠിക്കേണ്ടിവരുന്ന അവസ്ഥയാണ് ഇവിടുത്തെ കുട്ടികൾക്ക്. ഇവിടെ മാത്രമല്ല, മറ്റു പല മാനേജ്‌മന്റ് സ്ഥാപനങ്ങളിലും ഇതിലും രൂക്ഷമാണ് സ്ഥിതി. "ജനഗണമന" സിനിമയുടെ തിരക്കഥാകൃത്തും അമൽ ജ്യോതി കോളേജ് മുൻവിദ്യാർത്ഥിയുമായ ഷാരിസ് മുഹമ്മദ് പതിന്നാല് വർഷം മുൻപ് അദ്ദേഹത്തിന് ഈ കോളേജിന്റെ മാനേജ്മെന്റിൽനിന്ന് അനുഭവിക്കേണ്ടി വന്ന ദുരവസ്ഥ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. വീണ്ടും ഒരവസരം ലഭിക്കുമെങ്കിൽ ഒരിക്കലും അമൽജ്യോതി തിരഞ്ഞെടുമായിരുന്നില്ലെന്നാണ് ഷാരിസിന്റെ നിലപാട്.

ആറുകൊല്ലം മുൻപ്, അന്ന് കാഞ്ഞിരപ്പള്ളി എം എൽ എ ആയിരുന്ന പി സി ജോർജിന് അമൽജ്യോതിയിലെ ആയിരത്തോളം കുട്ടികൾ ഒപ്പിട്ട ഒരു നിവേദനം നൽകിയിരുന്നു. മാനേജ്‍മെന്റിന്റെ ദ്രോഹനടപടികൾ പ്രതിരോധിക്കാൻ സർക്കാർ വക സഹായം ഉണ്ടാകണമെന്നായിരുന്നു കുട്ടികളുടെ അഭ്യർത്ഥന. ഇതിൽ നിന്നെല്ലാം മനസിലാകുന്നത് വർഷങ്ങളായി മാനേജ്‌മന്റ് തുടർന്നു വരുന്ന, കുട്ടികളെ ശ്വാസംമുട്ടിക്കുന്ന നയങ്ങളുടെ വാർപ്പുമാതൃകകൾ എത്രമാത്രം വിഷലിപ്തമാണെന്നാണ്. ഏതു സമരത്തെയും നേരിടാമെന്നുള്ള ധാർഷ്ട്യം ഈ വിഷയത്തിന്റെ തുടക്കം മുതൽ മാനേജ്മെന്റിനുണ്ട്. അത് മുൻകാലങ്ങളിൽ സമരങ്ങൾ ഒതുക്കിയ ആത്മവിശ്വാസത്തിൽനിന്ന് ഉരുത്തിരിഞ്ഞതാകാനേ വഴിയുള്ളു.പലപ്പോഴും ഒരു പ്രൊഫഷണൽ കോളജിന്റെ തലപ്പത്തു ഇരിക്കാനും കുട്ടികളുമായി വിനിമയം നടത്താനുമൊന്നും യോഗ്യത ഇല്ലാത്ത ആൾക്കാരാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്. കത്തോലിക്കാ സഭയാകട്ടെ മറ്റേതു മതസ്ഥാപനമാകട്ടെ, അവരുടെ കീഴിലുള്ള കോളജുകളിൽ പുരോഹിതരും മറ്റും അധികാര സ്ഥാനത്ത് വരുന്നത് എങ്ങനെയാണെന്ന് പരിശോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സഭയുടെ സ്ഥാപനമാണ് എന്നതുകൊണ്ട് കത്തോലിക്കാ പൗരോഹിത്യം കോളജ് അധികാരിയാകാനുള്ള യോഗ്യതയാവുമോ? എ ഐ സി ടി ഇയും യു ജി സിയും തീരുമാനിക്കുന്ന മാനദണ്ഡമനുസരിച്ചാണോ ഇവിടങ്ങളിലെ പ്രിൻസിപ്പൽ, മാനേജർ, വാർഡൻ നിയമനങ്ങൾ എന്നത് വിശദ പരിശോധന അർഹിക്കുന്ന വിഷയമാണ്. കുട്ടികളോട് പെരുമാറാൻ അറിയാത്തവർ ഈ സ്ഥാനങ്ങൾ കയ്യാളുന്നത് ഒരു സ്ഥാപനത്തിനും ഭൂഷണമല്ല.

നമ്മുടെ ക്യാംപസുകളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടികളാണ് സർക്കാർ സ്വീകരിക്കേണ്ടത്

സാങ്കേതിക വിദ്യ അതിവേഗം വികസിക്കുന്ന, അതിലെ മാറ്റങ്ങൾ നമ്മുടെ മാനസിക നിലയിൽ പോലും പ്രതിഫലിക്കുന്ന ഈ കാലഘട്ടത്തിൽ കഴിഞ്ഞ നൂറ്റാണ്ടിലെ തന്ത്രങ്ങളുമായി അച്ചടക്കം പഠിപ്പിക്കാനിറങ്ങുന്നത് തീർത്തും തെറ്റായ രീതിയാണ്. 2023ലും മൊബൈൽ ഫോൺ നിരോധിച്ചു പഠന നിലവാരം ഉയർത്താൻ കഴിയുമെന്ന് വിചാരിക്കുന്ന മൗഢ്യത്തെ എങ്ങനെയാണ് നിർവചിക്കേണ്ടത്? ഹോസ്റ്റലിൽവച്ച് അച്ചന്മാർ കുട്ടികളെ തെറിവിളിക്കുന്നതായും വിദ്യാർത്ഥിനികളെ ‘സ്ലട് ഷെയിം’ ചെയ്യുന്നതായും ഇന്റേണൽ പരീക്ഷയ്ക്ക് മനഃപൂർവം മാർക്ക് കുറച്ചുനൽകിയും ലാബ് പരീക്ഷയിൽ ജയിക്കുന്നവരെ  തോല്പിച്ചുമൊക്കെയാണ് ഈ കാഞ്ഞിരപ്പള്ളി കോളജിൽ അച്ചടക്കം നടപ്പാക്കുന്നതെന്ന് കുട്ടികൾ പരാതി പറയുന്നുണ്ട്.

അമൽ ജ്യോതിയിലെ ആത്മഹത്യ അന്വേഷിക്കാൻ സർക്കാർ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സത്യത്തിൽ വേണ്ടത് എൻജിനീയറിങ് കോളജുകളിലെ വിദ്യാർത്ഥി വിരുദ്ധ നടപടികളെപ്പറ്റി സമഗ്രമായ ഒരു അന്വേഷണമാണ്. കോളജ് അദ്ധ്യാപിക കൂടിയായ വകുപ്പ് മന്ത്രി ആർ ബിന്ദുവിന് ഇക്കാര്യങ്ങൾ മറ്റാരെക്കാളും നന്നായി മനസിലാവും. നമ്മുടെ ക്യാംപസുകളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടികളാണ് സർക്കാർ സ്വീകരിക്കേണ്ടത്.

logo
The Fourth
www.thefourthnews.in