''എത്ര കാലം കുട്ടികളെ പൂട്ടിയിടും''; ആണ്‍കുട്ടികള്‍ക്ക് ഇല്ലാത്ത നിയന്ത്രണം പെണ്‍കുട്ടികള്‍ക്ക് എന്തിനെന്ന് ഹൈക്കോടതി
ഹോസ്റ്റലില്‍ ആണ്‍കുട്ടികള്‍ക്കില്ലാത്ത നിയന്ത്രണം പെണ്‍കുട്ടികള്‍ക്ക് എന്തിനെന്ന് ഹൈക്കോടതി. ക്യാംപസ് സുരക്ഷിതമല്ലെങ്കില്‍ ഹോസ്റ്റല്‍ എങ്ങനെ സുരക്ഷിതമാകും. എത്ര കാലം കുട്ടികളെ പൂട്ടിയിടുമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ പെണ്‍കുട്ടികള്‍ക്ക് സമയനിയന്ത്രണം ഏര്‍പ്പെടുത്തിയതിന് എതിരായ ഹര്‍ജിയിലാണ് വിമര്‍ശനം. ഹര്‍ജി അടുത്ത വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
പെണ്‍കുട്ടികളുടെ ഹോസ്റ്റലിലെ നിയന്ത്രണം ആണധികാര വ്യവസ്ഥയുടെ ഭാഗമെന്ന് കോടതി നേരത്തെ സൂചിപ്പിച്ചിരുന്നു. സുരക്ഷയുടെ പേരില്‍ വിദ്യാര്‍ഥിനികളെ നിയന്ത്രിക്കുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്നും കോടതി വ്യക്തമാക്കി. കേരളത്തിന് പുറത്ത് ഇത്തരം നിയന്ത്രണങ്ങളില്ല. കേരളത്തില്‍ മാത്രമാണ് രാത്രിയില്‍ പെണ്‍കുട്ടികള്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കാത്തത്. പൊതുഗതാഗത സംവിധാനങ്ങള്‍ പോലും സുരക്ഷിതമല്ലാത്ത അവസ്ഥയാണ്. ജെഎന്‍യു അടക്കമുള്ള ക്യാമ്പസുകള്‍ 24 മണിക്കൂര്‍ സജീവമാണ്. കേരളത്തിലെ ക്യാമ്പസുകള്‍ സുരക്ഷിതമാക്കുന്നതിന് പകരം പെണ്‍കുട്ടികളെ നിയന്ത്രിക്കുകയല്ല വേണ്ടതെന്നും കോടതി വ്യക്തമാക്കി.
കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനികളോട് വിവേചനം അവസാനിക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടികള്‍ നിയമപോരാട്ടത്തിലേക്ക് നീങ്ങുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഹോസ്റ്റലുകളിലെ സമയ നിയന്ത്രണത്തിനെതിരെയും ലൈബ്രറിയിലെ സമയ നിയന്ത്രണത്തിനെതിരേയും പെണ്‍കുട്ടികള്‍ സമരത്തിന് ഇറങ്ങിയിരുന്നു. കര്‍ഫ്യൂ ബ്രേക്കിംഗ് ആസാദി മൂവ്‌മെന്റി'ന് പിന്തുണയുമായി സാമൂഹ്യപ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു.
മൂവ്‌മെന്റ് രജിസ്റ്ററില്‍ രേഖപ്പെടുത്തി ഹോസ്റ്റലില്‍ നിന്ന് പുറത്ത് പോകാനും തിരികെ പ്രവേശിക്കാനും അനുവദിക്കുക, 24 മണിക്കൂറും ലൈബ്രറി സൗകര്യം ഉപയോഗപ്പെടുത്താന്‍ അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് വിദ്യാര്‍ത്ഥിനികള്‍ പ്രക്ഷോഭം ആരംഭിച്ചത്. വിദ്യാര്‍ത്ഥിനികളുടെ പ്രക്ഷോഭത്തെ തുടര്‍ന്ന് ചര്‍ച്ചകള്‍ നടന്നെങ്കിലും തീരുമാനമാകാത്തതോടെ നിയമപോരാട്ടത്തിലേക്ക് നീങ്ങുകയാണ്.