'എന്തു രാഷ്ട്രീയ ബാലപാഠമാണ് സഖാവെ പഠിക്കേണ്ടത്'; അടൂരിനെ പിന്തുണച്ച എംഎ ബേബിക്കെതിരെ വ്യാപക വിമര്‍ശനം
കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട വിവാദത്തില്‍ ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന് പിന്തുണയുമായി രംഗത്തെത്തിയ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിയുടെ നിലപാടിനെതിരെ വ്യാപക വിമര്‍ശനം. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിന് താഴെ പ്രമുഖരുള്‍പ്പെടെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
ജീവിതകാലം മുഴുവന്‍ ഒരു മതേതരവാദിയായിരുന്നുവെന്നും വര്‍ഗീയതയ്ക്കും ജാതിമേധാവിത്വത്തിനും എതിരെ നിന്ന വ്യക്തിയാണ്. അടൂര്‍ പറയുന്ന വാക്കുകള്‍ ഓരോന്നും എടുത്ത് അദ്ദേഹത്തെ സാമൂഹ്യമാധ്യമങ്ങളില്‍ ചിത്രവധം ചെയ്യുകയാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ വിപ്ലവകരമാണെന്ന് ആരെങ്കിലും കരുതുന്നു എങ്കില്‍ അവര്‍ രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങള്‍ ഒന്നുകൂടെ പഠിക്കണമെന്നും എംഎ ബേബി പോസ്റ്റില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അടുരിനെതിരെ നടക്കുന്നത് വ്യക്തഹത്യയാണ് എന്ന വാദം തള്ളുകയാണ് പോസ്റ്റിലെ കമന്റുകള്‍.
അടൂരിനെ മനസ്സിലാക്കാന്‍ എന്തു രാഷ്ട്രീയ ബാലപാഠമാണ് സഖാവെ പഠിക്കേണ്ടത് എന്ന ചോദ്യവും ചിലര്‍ ഉയര്‍ത്തുന്നു. സംവിധായകന്‍ ജിയോ ബേബിയുള്‍പ്പെടെ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. എംഎ ബേബിയുടെ നിലപാടിനോട് ശക്തമായി വിയോജിക്കുന്നു എന്ന് തുറന്ന് പറയുന്ന ജിയോ ബേബി അടൂര്‍ ഗോപാലകൃഷ്ണനെ ആ സ്ഥാപനത്തില്‍ നിന്നും പുറത്താക്കണം എന്ന് വീണ്ടും വീണ്ടും ആവശ്യപ്പെടുകയാണ് എന്നും കമന്റില്‍ വ്യക്തമാക്കുന്നു. എംഎ ബേബിയുടെ കുറിപ്പ് അരാഷ്ട്രീയവും, ഉത്തരവാദിത്ത രഹിതവുമാണ്. ഒരാള്‍ വര്‍ത്തമാന കാലത്ത് നടത്തുന്ന പ്രസ്താവനകള്‍ അയാളുടെ ഭൂ തകാലത്തിന്റെ പേരില്‍ പരിശോധിക്കപ്പെടരുത് എന്ന് പറയുന്നത് മാര്‍ക്‌സിസ്റ്റ് രീതികള്‍ക്ക് വിരുദ്ധമാണെന്നും കമന്റുകള്‍ ഓര്‍മ്മിപ്പിക്കുന്നു.
ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഡയറക്ടര്‍ ശങ്കര്‍ മോഹനനെ സ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ഒരു മാസത്തിലേറെയായി സമരം തുടരുകയാണ്. ജാതിവിവേചനം, സംവരണ അട്ടിമറി തുടങ്ങിയ ആക്ഷേപങ്ങളാണ് ചെയര്‍മാനായ അടൂരിനും ഡയറക്ടറായ ശങ്കര്‍ മോഹനും എതിരെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികളും ശുചീകരണതൊളിലാളികളും ഉന്നയിക്കുന്നത്. ഇതിനിടെ ആയിരുന്നു എംഎ ബേബിയുടെ പ്രതികരണം.