ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; വീടും റേഷൻ കടയും തകർത്തു

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; വീടും റേഷൻ കടയും തകർത്തു

ഇടുക്കി ജില്ലയിൽ ഇതുവരെ 44 പേർക്ക് കാട്ടാന ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്
Updated on
1 min read

ഇടുക്കി സൂര്യനെല്ലിയിൽ വീണ്ടും കാട്ടാന ആക്രമണം. ചിന്നക്കനാൽ ബിഎൽ റാവിൽ ആണ് പുലർച്ചയോടെ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ചിന്നക്കനാൽ മഹേശ്വരിയുടെ വീട് തകർന്നു. മഹേശ്വരിയും മകൾ കോകിലയും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. മഹേശ്വരിക്ക് ചെറിയ പരുക്ക് പറ്റിയിട്ടുണ്ട്. അരിക്കൊമ്പൻ എന്ന ഒറ്റയാനാണ് ആക്രമണം നടത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. ചിന്നക്കൽ ഭാഗങ്ങളിൽ അരിക്കൊമ്പൻ ആക്രമണം നടത്തുന്നത് ഇപ്പോൾ പതിവായിരിക്കുകയാണ്.

ഇതിന് മുൻപും പ്രദേശത്ത് അരിക്കൊമ്പൻ ആക്രമണം നടത്തുകയും റേഷൻ കടയും വീടും ചായക്കടയും തകർക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസംബി എൽ റാം സ്വദേശി കുന്നത്ത് ബെന്നിയുടെ വീടാണ് കാട്ടാന തകർത്തത്. ശബ്ദം കേട്ടെത്തിയ നാട്ടുകാർ ബഹളം വെച്ചതോടെ അരിക്കൊമ്പൻ പിൻവാങ്ങി. ആക്രമണത്തിൽ ബെന്നിക്ക് പരിക്കേൽക്കുകയും ചികിത്സ തേടുകയും ചെയ്തിരുന്നു. സമാനമായി പന്നിയാർ എസ്റ്റേറ്റിലെ ആന്‍റണിയുടെ റേഷൻ കടക്ക് നേരെയും ആന ആക്രമണം നടത്തി. റേഷൻ കടയിലും ആനയുടെ ആക്രമണം തുടർകഥയാണ്.

ആനശല്യം രൂക്ഷമായതോടെ കടയിലെ സാധനങ്ങൾ മറ്റൊരിടത്തേക്ക് മാറ്റിയിരുന്നു. സാധനങ്ങൾക്ക് നഷ്ടം സംഭവിച്ചിട്ടില്ലെങ്കിലും കട തകർന്നിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ പതിനൊന്ന് തവണയാണ് ആന കട തകർത്തിട്ടുള്ളത്. അരി ഇഷ്ടമായ അരിക്കൊമ്പൻ ചിന്നക്കനാൽ, ബിയൽ റാം, സൂര്യനെല്ലി എന്നിവിടങ്ങളിൽ നിരവധി പലചരക്ക് കടകൾ നശിപ്പിച്ചിട്ടുണ്ട്. ദേശീയ പാതയിൽ ഭൂരിഭാഗം സമയങ്ങളിലും നിലയുറപ്പിച്ചിട്ടുള്ള ഈ കാട്ടാന വാഹനങ്ങൾ ആക്രമിക്കുന്നതും പതിവാണ്.

ഇടുക്കി ജില്ലയിൽ ഇതുവരെ 44 പേർക്ക് കാട്ടാന ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇതിൽ 11 പേർ മരിച്ചിട്ടുണ്ട്. ശാന്തൻപാറയിൽ കഴിഞ്ഞ ദിവസം വനം വകുപ്പ് വാച്ചറെ ആന ചവിട്ടിക്കൊന്നിരുന്നു. തുടർന്ന് നടപടി ആവശ്യപ്പെട്ട് നാട്ടുകാർ കഴിഞ്ഞ ദിവസം ദേശീയ പാത ഉപരോധിച്ചിരുന്നു. പ്രശ്നക്കാരായ മൂന്ന് ആനകളെയും പ്രദേശത്ത് നിന്ന് പിടിച്ച് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

അതേസമയം ചിന്നക്കനാൽ പന്നിയാർ എസ്റ്റേറ്റിൽ ജനവാസ മേഖലയോട് ചേർന്ന് തമ്പടിച്ച കാട്ടാനക്കൂട്ടത്തെ കാട് കയറ്റാുള്ള ശ്രമം ആർആർടിയുടെ നേതൃത്വത്തിൽ ഇന്നും തുടരും. 5 കുട്ടിയാനകൾ ഉൾപ്പെടെ 9 ആനകളെയാണ് ചിന്നക്കനാൽ ബിഎൽ റാം സിറ്റിയോട് ചേർന്നുള്ള എസ്റ്റേറ്റിൽ ഇന്നലെ കണ്ടെത്തിയത്. ഇന്നലെ നാട്ടുകാരുടെ നേതൃത്വത്തിൽ രാത്രിയിലും ആനകളെ പിന്തിരിപ്പിക്കാൻ ശ്രമങ്ങൾ നടത്തിയെങ്കിലും വിഫലമായിരുന്നു. അരികൊമ്പൻ, ചക്കകൊമ്പൻ, ചില്ലി കൊമ്പൻ എന്നീ ഒറ്റയാൻമാരെ കൂടാതെ കാട്ടാന കൂട്ടങ്ങളും പതിവായി ജനവാസ മേഖലയിലേയ്ക് ഇറങ്ങുകയാണ്.

logo
The Fourth
www.thefourthnews.in