കണ്ണൂരില്‍ കാട്ടാനയാക്രമണത്തില്‍ ഗുരുതര പരുക്കേറ്റ മാവോയിസ്റ്റ് പിടിയില്‍
കണ്ണൂര്‍ പയ്യാവൂരില്‍ കാട്ടാനയാക്രമണത്തില്‍ ഗുരുതരമായ പരുക്കേറ്റ മാവോയിസ്റ്റ് പിടിയില്‍. ചിക്കമംഗളൂര്‍ സ്വദേശി സുരേഷാണ് പിടിയിലായത്. സുരേഷിനെ ഉപേക്ഷിച്ച് സംഘാംഗങ്ങള്‍ കടന്നുകളയുകയായിരുന്നു. രണ്ടു ദിവസം മുന്‍പാണ് കാട്ടാന ആക്രമണമുണ്ടായതെന്നും സുരേഷിനെ ജനവാസമേഖലയിലെത്തിച്ച ശേഷം മറ്റുള്ളവര്‍ രക്ഷപ്പെടുകയുമായിരുന്നെന്നാണ് സൂചന.
ഇന്ന് വൈകിട്ട് 4.30 ഓടെയാണ് പത്തംഗ സംഘം കാട്ടാനയാക്രമണത്തില്‍ പരുക്കേറ്റെന്ന് കരുതുന്ന മാവോയിസ്റ്റ് സംഘത്തിലെ സുരേഷ് എന്ന സംഘാംഗത്തെയുമായി പയ്യാവൂര്‍ കാഞ്ഞിരംകൊല്ലി കോളനിക്ക് മുകളിലുള്ള ചിറ്റാരിക്കല്‍ കോളനിയില്‍ എത്തിയത്. പരുക്കേറ്റ സംഘാംഗത്തെ കോളനിയിലെ ഒരു വീട്ടില്‍ കിടത്തിയ മാവോവാദി സംഘം അരമണിക്കൂര്‍ കോളനിയില്‍ തങ്ങിയ ശേഷം കാട്ടിലേക്ക് മടങ്ങിയതായാണ് സൂചന. വിവരമറിഞ്ഞ് പയ്യാവൂര്‍ പോലീസും തണ്ടര്‍ബോള്‍ട്ടും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
ഇന്ന് വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. മാനന്തവാടി പുല്‍പ്പള്ളി പാക്കത്ത് ആനയുടെ ചവിട്ടേറ്റ് ഗുരുതരമായ പരുക്കേറ്റ കുറുവ ദ്വീപ് വിനോദ സഞ്ചാര കേന്ദ്രത്തിലെ ജീവനക്കാരന്‍ പുല്‍പ്പള്ളി പാക്കം വെള്ളച്ചാല്‍ പോള്‍ ആണ് ഇന്ന് മരിച്ചത്. ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ മരണമാണ് വയനാട്ടില്‍ സംഭവിച്ചത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് അജീഷ് എന്നയാളെ വീട്ടില്‍ കയറി കാട്ടാന ചവിട്ടിക്കൊന്നത്. ഈ സംഭവങ്ങളെത്തുടര്‍ന്ന് ജില്ലയില്‍ നാളെ യുഡിഎഫും സിപിഎമ്മും ബിജെപിയും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.