'ബേലൂര്‍ മാഖ്‌ന'യെ മയക്കുവെടി വയ്ക്കുക നാളെ രാവിലെ; അജീഷിന്റെ കുടുംബത്തിന് പത്തു ലക്ഷം, ഭാര്യയ്ക്ക് ജോലി
മാനന്തവാടിയില്‍ കര്‍ഷകനായ അജീഷിനെ കൊന്നത് ബേലൂര്‍ മാഖ്‌ന എന്ന ആനയാണെന്ന് കര്‍ണാടക വനംവകുപ്പ് വ്യക്തമാക്കി. ആനയെ മയക്കുവെടി വയ്ക്കാന്‍ വനംവകുപ്പ് ഉത്തരവിറക്കിയതിനു പിന്നാലെ മുത്തങ്ങയില്‍ നിന്ന് കുങ്കിയാനകളെ എത്തിച്ചു. എന്നാൽ, ആന ജനവാസ കേന്ദ്രത്തിലായതിനാഷ മയക്കുവെടി വയ്ക്കാനുള്ള ദൗത്യം നാളെ രാവിലെ മാത്രമേ ഉണ്ടാകൂ.
മാനന്തവാടി ടൗണില്‍ വന്‍പ്രതിഷേധമാണ് നാട്ടുകാര്‍ ഉയര്‍ത്തിയത്. ഇതിനുശേഷം അജീഷിന്റെ മൃതദേഹം മാനന്തവാടി ടൗണില്‍ നിന്ന് സബ്കളക്ടര്‍ ഓഫിസിലേക്ക് നാട്ടുകാര്‍ മാറ്റിയിരുന്നു. അവിടെയും ശക്തമായ പ്രതിഷേധമാണ് നടന്നത്. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ അടിയന്തര സഹായമായ പത്തുലക്ഷം തിങ്കളാഴ്ച തന്നെ കൈമാറുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കി. ഇതു കൂടാതെ ഭാര്യക്ക് സര്‍ക്കാര്‍ ജോലിയും നല്‍കും. അജീഷിന്റെ മക്കളുടെ പഠനവും സര്‍ക്കാര്‍ ഏറ്റെടുക്കും. ഇതേത്തുടര്‍ന്ന് അജീഷിന്റെ മൃതദേഹവുമായുള്ള പ്രതിഷേധം അവസാനിപ്പിച്ചു. അജീഷിന്റെ പോസ്റ്റ്‌മോര്‍ട്ടം നടന്നു. നാളെയാണ് സംസ്കാരം.
കര്‍ഷകന്റെ മരണത്തെത്തുടർന്ന് സംഭവസ്ഥലത്തെത്തിയ ഉദ്യാഗസ്ഥരുടെയും ജനപ്രതിനിധികളുടെയും വാഹനങ്ങള്‍ ജനക്കൂട്ടം തടഞ്ഞിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ വാഹനത്തിനു നേരെയും പ്രതിഷേധമുണ്ടായി. പ്രതിഷേധത്തെത്തുടര്‍ന്ന് ജില്ലാ പോലീസ് സൂപ്രണ്ട് ടി നാരായണന്‍ വാഹനത്തില്‍നിന്നിറങ്ങി നടന്നാണ് മെഡിക്കല്‍ കോളേജിലേക്ക് പോയത്.
റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയുടെ സഞ്ചാരപഥം നിരീക്ഷിക്കുന്നതില്‍ ഉള്‍പ്പെടെ വനം വകുപ്പ് പരാജയപ്പെട്ടുവെന്നാണ് നാട്ടുകാരുടെ ആക്ഷേപം. അന്തരീക്ഷം ശാന്തമാക്കാന്‍ കലക്ടറുടെയും എസ് പിയുടടെയും എംഎല്‍എ ഒ ആര്‍ കേളുവിന്റെയും നേതൃത്വത്തില്‍ ജനങ്ങളോട് ചര്‍ച്ച നടത്തിയിരുന്നു.
രാവിലെ ഏഴോടെയായിരുന്നു മാനന്തവാടി ചാലിഗദ്ദയില്‍ കാട്ടാന ആക്രമണം ഉണ്ടായത്. രാവിലെ കൃഷിയിടത്തിലേക്ക് ജോലിക്കാരെ വിളിക്കാന്‍ പോയപ്പോഴായിരുന്നു അജിയെ കാട്ടാന ആക്രമിച്ചത്. ആന പിന്തുടര്‍ന്നതോടെ സമീപത്തെ പുരയിടത്തിലേക്ക് മതില്‍ ചാടി കടന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഗേറ്റ് പൊളിച്ചുകയറി ആന അക്രമിക്കുകയായിരുന്നു.
മാനന്തവാടിയില്‍ ഇറങ്ങിയ കാട്ടാനയെ മയക്കുവെടി വയ്ക്കുമെന്ന് വനം മന്ത്രി പ്രതികരിച്ചു. ഇതിനുള്ള ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചിരുന്നു. ആശയ വിനിമയത്തില്‍ വന്ന തകരാര്‍ ആനയുടെ നീക്കം മനസിലാക്കുന്നതില്‍ പ്രശ്‌നം ഉണ്ടാക്കി. ആനയെ വെടിവെയ്ക്കുന്നതിനുള്ള ഡ്രാഫ്റ്റ് തയ്യാറായതായി കോടതിയെ അറിയിക്കും. അടിയന്തിരമായി മയക്കുവെടി വെക്കുകയാണ് പരിഹാരം ഒന്നര മണിക്കൂർ കൊണ്ട് മയക്കു വെടി വെക്കാൻ ഉത്തരവ് പുറപ്പെടുവിപ്പിക്കാൻ കഴിയും. കോടതിയിൽ നിന്നുള്ള സാഹചര്യം മനസിലാക്കി ഉത്തരവ് ഇറക്കുമെന്നും മന്ത്രി പ്രതികരിച്ചു.
വന്യമൃഗങ്ങളെ നീരീക്ഷിക്കാൻ കേന്ദീകൃത സംവിധാനം ഇല്ല ഇതിന് പ്രോട്ടോക്കോൾ കൊണ്ട് വരും. ഒരു കമ്മ്യൂണിക്കേഷൻ ഗ്യാപ് ഉണ്ടായിട്ടുണ്ട്. ഇക്കാര്യത്തില്‍ ആരെയും വിമർശിക്കാനോ കുറ്റപെടുത്തനോ ഇല്ല. പ്രതിഷേധം ന്യയമാണ്. ഇപ്പോൾ ഉയരുന്ന വിമർശനങ്ങൾ ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്നുപക്ഷെ തുടർ നടപടികൾ സ്വീകരിക്കാൻ ഉള്ള സൗകര്യം ഉണ്ടാക്കി നൽകണം. മുത്തങ്ങയിലെ കുങ്കി ആനകളെ എത്തിക്കാൻ ശ്രമം തുടങ്ങി. ആവശ്യം എങ്കിൽ കൂടുതൽ കുങ്കി ആനകളെ തരാം എന്ന് കർണാടക ഉറപ്പ് നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.