ഒടുവില്‍ കണ്ണീരായി തണ്ണീര്‍ക്കൊമ്പന്‍; മാനന്തവാടിയില്‍ വനംവകുപ്പ് മയക്കുവെടി വെച്ച കാട്ടാന ചരിഞ്ഞു

ഒടുവില്‍ കണ്ണീരായി തണ്ണീര്‍ക്കൊമ്പന്‍; മാനന്തവാടിയില്‍ വനംവകുപ്പ് മയക്കുവെടി വെച്ച കാട്ടാന ചരിഞ്ഞു

ഇന്നലെ രാത്രി പത്തരയോടെ ബന്ദിപ്പൂരിലെ രാമപുരം ആനക്യാമ്പില്‍ എത്തിച്ചിരുന്നു
Updated on
1 min read

മാനന്തവാടിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയതിനെ തുടര്‍ന്ന് വനംവകുപ്പ് മയക്കുവെടി വച്ച് പിടികൂടിയ കാട്ടാന തണ്ണീര്‍ക്കൊമ്പന്‍ ചരിഞ്ഞു. കര്‍ണാടക വനംവകുപ്പാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മയക്കുവെടിയേറ്റ ആനയെ ഇന്നലെ രാത്രി പത്തരയോടെ ബന്ദിപ്പൂരിലെ രാമപുരം ആന ക്യാമ്പില്‍ എത്തിച്ചിരുന്നു.

രണ്ടുതവണയാണ് ആനയെ മയക്കുവെടി വെച്ചത്. വെടിയേറ്റ ആന അവശനിലയിലായിരുന്നു. ആനയുടെ കാലിന് പരിക്കുള്ളതായി കര്‍ണാടക വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. എന്താണ് സംഭവിച്ചത് എന്ന് പരിശോധിക്കാനായി വെറ്റിറിനറി സര്‍ജന്‍മാരുടെ സംഘത്തെ നിയോഗിച്ചു. പോസ്റ്റുമോര്‍ട്ടം ഇന്നുതന്നെ നടത്തും.

''ഇന്നലെ രാത്രിവരെ മാനന്തവാടി പ്രദേശത്തെ ജനങ്ങള്‍ ഭീതിയോടെ കണ്ടിരുന്ന തണ്ണീര്‍ കൊമ്പന്‍ എന്ന ആന ചരിഞ്ഞു. നടുക്കമുണ്ടക്കുന്ന വാര്‍ത്തയാണ്. ബന്ദിപ്പൂരില്‍ ഇന്നലെ രാത്രി എത്തിച്ച ആനയെ വിദഗ്ധ പരിശോധനയ്ക്ക് ശേഷം കാട്ടിലേക്ക് അയച്ചാല്‍ മതിയെന്നാണ് തീരുമാനം എടുത്തിരുന്നത്. പക്ഷേ, വിദഗ്ധ പരിശോധന തുടങ്ങുന്നതിന് മുന്‍പു തന്നെ ആന ചരിഞ്ഞു എന്നാണ് ബോധ്യപ്പെട്ടിട്ടുള്ളത്. ഇത് കര്‍ണാടക, കേരള വനംവകുപ്പ് മേധാവിമാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മരണകാരണം എന്താണെന്ന് അറിയണമെങ്കില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കണം. എല്ലാ കാര്യങ്ങളും സുതാര്യമായിരുന്നു. തുടര്‍ന്നുള്ള നടപടികളും സുതാര്യമായിരിക്കും. പോസ്റ്റ് മോര്‍ട്ടം കേരള, കര്‍ണാടക ഉദ്യോഗസ്ഥര്‍ സംയുക്തമായി നടത്തും'', വനംമന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു.

പന്ത്രണ്ട് മണിക്കൂറോളം മാനന്തവാടിയില്‍ ചുറ്റിക്കറങ്ങിയ ആനയെ, നാലര മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് മയക്കുവെടി വെയ്ക്കാന്‍ സാധിച്ചത്. രണ്ടുവട്ടം മയക്കുവെടി വെച്ചതിന് ശേഷം ബൂസ്റ്റര്‍ ഡോസും നല്‍കിയിരുന്നു. കര്‍ണാടകയില്‍ നിന്ന് രണ്ടാഴ്ച മുമ്പ് പിടികൂടി ബന്ദിപ്പൂര്‍ വനാതിര്‍ത്തിയായ മുലഹൊള്ളയില്‍ തുറന്നുവിട്ട ആനയാണ് മാനന്തവാടി ടൗണില്‍ ഇറങ്ങിയത്.

'ഓപ്പറേഷന്‍ ജംബോ' എന്ന ദൗത്യത്തിലൂടെ കര്‍ണാടക വനംവകുപ്പ് ഹാസനിലെ സഹാറ എസ്റ്റേറ്റില്‍ നിന്ന് പിടികൂടിയ ആനയാണിതെന്ന് നേരത്തേ സ്ഥിരീകരിച്ചിരുന്നു. റേഡിയോ കോളര്‍ ഘടിപ്പിച്ച ശേഷം ആനയെ ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വില്‍ തുറന്നുവിട്ടിരുന്നു. ഇന്നലെ രാവിലെയോടെയാണ് മാനന്തവാടിയില്‍ ആനയെത്തിയത്. ജനവാസ മേഖലയില്‍ ഇറങ്ങിനടന്നതോടെ, മാനന്തവാടിയില്‍ നിരോധനജ്ഞ പ്രഖ്യാപിച്ചിരുന്നു.

logo
The Fourth
www.thefourthnews.in