'അരിക്കൊമ്പനെ' മയക്കുവെടി വയ്ക്കാന്‍ അനുമതി
ഇടുക്കിയിലെ കാട്ടാന അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടാൻ ഉത്തരവായി. ശാന്തന്‍പാറ, ചിന്നക്കനാല്‍ മേഖലയില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്ന കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടുന്നതിന് അനുമതി നല്‍കി ഉത്തരവായതായി വനം മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. കാട്ടാനയെ കണ്ടെത്തി മയക്കുവെടി വച്ച് പിടികൂടി വാഹനത്തില്‍ മറ്റൊരിടത്തേയ്ക്ക് മാറ്റുകയോ, റേഡിയോ കോളര്‍ ഘടിപ്പിച്ച് നിരീക്ഷിയ്ക്കുകയോ ചെയ്യാമെന്നാണ് നിർദേശം. ചീഫ് വെറ്ററിനറി ഓഫീസർ അരുൺ സക്കറിയയും വിദഗ്ദ വനം വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡന് നൽകിയ റിപ്പോർട്ടിലാണ് അനുമതി ലഭിച്ചത്.
കുങ്കിയാനകളുടെ സേവനം ഹൈറേഞ്ച് സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് ലഭ്യമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ 7 വര്‍ഷത്തിനിടെ ദേവികുളം റേഞ്ചില്‍ കാട്ടാനയുടെ ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെടുകയും 3 പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തതായാണ് കണക്ക്. കൂടാതെ 24 വീടുകളും 4 വാഹനങ്ങളും അരിക്കൊമ്പൻ നശിപ്പിച്ചിരുന്നു. 30 വയസ് പ്രായം വരുന്ന അരിക്കൊമ്പന്‍ കഴിഞ്ഞ മാസം മാത്രം മൂന്ന് കടകള്‍ തകര്‍ക്കുകയും റേഷൻകടയും ക്യഷിയും നശിപ്പിച്ചിരുന്നു.
വനംവകുപ്പ് വാച്ചര്‍ ശക്തിവേല്‍ കാട്ടാന അക്രമണത്തില്‍ കൊല്ലപ്പെട്ടതിന് ശേഷം പ്രതിഷേധം ശക്തമായതോടെയാണ് ഇടുക്കിയിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും ആക്രമണകാരികളായ കാട്ടാനകളെ പിടിച്ച് മാറ്റണമെന്നുമുള്ള ആവശ്യം ഉയര്‍ന്നത്. ജനങ്ങളുടെ സ്വൈര്യ ജീവതം ദുസ്സഹമാകുകയും ജനരോഷം ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് മന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം വിളിച്ചത്. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ വേഗത്തിലാക്കാനാണ് വനം വകുപ്പിന്റെ തീരുമാനം. വയനാട്ടിലും പാലക്കാടും സമാന സാഹചര്യത്തില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ 2 കാട്ടനകളെയും ഒരു കടുവയെയും മയക്കുവെടി വച്ച് പിടികൂടിയിരുന്നു.