എഡിജിപി സ്ഥാനത്തുനിന്ന് അജിത്കുമാര്‍ തെറിക്കുമോ? തീരുമാനം ഇന്നറിയാം, മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം രാവിലെ 11ന്
എഡിജിപി അജിത്കുമാറിനെ തല്‍സ്ഥാനത്തു നിന്ന് നീക്കണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ നിന്നും സഖ്യകക്ഷികള്‍ക്കിടയില്‍ നിന്നും ശക്തമായതോടെ ഇന്ന് രാവിലെ വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലേക്കാണ് ഏവരും ഉറ്റുനോക്കുന്നത്. എഡിജിപിക്കെതിരായ നടപടി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിക്കുമോയെന്നാണ് ആകാംക്ഷ.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എഡിജിപിക്കെതിരേ കഴിഞ്ഞ ദിവസം വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കടുത്ത സമ്മര്‍ദ്ദത്തിനൊടുവിലായിരുന്നു സര്‍ക്കാര്‍ നടപടി. ഇതോടെ അന്വേഷണം നേരിടുന്ന ഒരാള്‍ പോലീസിന്റെ ഉന്നത സ്ഥാനത്തിരിക്കുന്നത് ധാര്‍മികല്ലെന്ന വാദവും ഉയര്‍ന്നിരുന്നു. ഇതിനു പുറമേ ആര്‍എസ്എസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി എഡിജിപിയെ നീക്കണമെന്ന ആവശ്യം സിപിഐ ഉള്‍പ്പടെയുള്ള ഘടകകക്ഷികള്‍ ശക്തമാക്കിയതോടെ മുഖ്യമന്ത്രിക്കുമേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദമേറുകയാണ്.
മലപ്പുറം എസ്പിയായിരിക്കെ സുജിത്ത് ദാസിന്റെ നേതൃത്വത്തില്‍ പോലീസ് ക്വാര്‍ട്ടേഴ്സില്‍ നിന്ന് മുറിച്ച മരം അജിത്ത്കുമാറിന് നല്‍കിയെന്നാണ് അന്‍വറിന്റെ ആരോപണം. ഇതിനു പുറമേ അനധികൃത സ്വത്ത് സമ്പാദനം, അനധികൃത കെട്ടിട നിര്‍മാണം എന്നിവയുള്‍പ്പടെയുള്ള ആരോപണങ്ങളും അജിത്ത്കുമാറിനെതിരേയുണ്ട്.
ആരോപണങ്ങള്‍ നേരിടുന്ന എഡിജിപിക്കെതിരെ കടുത്ത നിലപാടാണ് കഴിഞ്ഞ എല്‍ഡിഎഫ് യോഗത്തില്‍ ഘടകകക്ഷികള്‍ സ്വീകരിച്ചത്. സിപിഐ ഉള്‍പ്പടെ എഡിജിപിയെ മാറ്റിനിര്‍ത്തണമെന്ന കടുത്ത നിലപാട് സ്വീകരിച്ചിട്ടും മുഖ്യമന്ത്രിയും സിപിഎമ്മും വഴങ്ങിയിരുന്നില്ല.
എഡിജിപിയെ ഉടന്‍ മാറ്റേണ്ട കാര്യമില്ലെന്നും അദ്ദേഹത്തിനെതിരേ ഉയര്‍ന്ന പരാതിയില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും അതിന്റെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം നടപടി സ്വീകരിക്കാമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും കഴിഞ്ഞ ഇടതുമുന്നണി യോഗത്തിനു ശേഷം എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് എഡിജിപിയെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് കഴിഞ്ഞ ദിവസം പിവി അന്‍വര്‍ വീണ്ടും രംഗത്തുവരികയും എഡിജിപിക്കെതിരേ നടപടി സ്വീകരിച്ചില്ലെങ്കില്‍ 'സഖാക്കളെ കൂട്ടി സമരം ചെയ്യും' എന്നു പരസ്യപ്രഖ്യാപനം നടത്തുകയും ചെയ്തതിനു പിന്നാലെയാണ് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്.
എന്നാല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടും എഡിജിപി സ്ഥാനത്തു നിന്ന് അജിത്കുമാറിനെ മാറ്റാനോ, സ്ഥാനമൊഴിയാന്‍ അദ്ദേഹത്തോട് ആവശ്യപ്പെടാനോ സിപിഎമ്മും മുഖ്യമന്ത്രിയും തയാറായില്ല. ഇതാണ് സിപിഐയെ ചൊടിപ്പിച്ചത്. തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയതില്‍ പോലീസിന് പങ്കുണ്ടെന്നും അത് തൃശൂരിലെ ബിജെപി ലോക്‌സഭാ സ്ഥാനാര്‍ഥി സുരേഷ് ഗോപിയെ സഹായിക്കാനാണെന്നും അന്നത്തെ സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം പോലും പോലീസ് അട്ടിമറിച്ചെന്നും അതിന് പോലീസിന്റെ തലപ്പത്ത് ഇരിക്കുന്ന ചിലര്‍ക്ക് ബന്ധമുണ്ടെന്നും പരസ്യമായി ആരോപിച്ച് സിപിഐ നേതാവും മുന്‍മന്ത്രിയും തൃശൂരിലെ ഇടതുപക്ഷ സ്ഥാനാര്‍ഥിയുമായിരുന്ന വിഎസ് സുനില്‍കുമാര്‍ ഇന്നലെ രംഗത്തുവന്നിരുന്നു.
സുനില്‍കുമാറിന്റെ നീക്കം എഡിജിപി അജിത് കുമാറിനെ ഉന്നിയാണെന്നും എഡിജിപി സ്ഥാനത്തുനിന്നു നീക്കാതെ ഒരു ഒത്തുതീര്‍പ്പിനും സിപിഐ വഴങ്ങില്ലെന്നുമുള്ള സൂചനയാണ് ഇതിലൂടെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. ഈ സാഹചര്യത്തില്‍ എഡിജിപിയെ ഇനിയും സംരക്ഷിക്കുകയെന്നത് സിപിഎമ്മിനും മുഖ്യമന്ത്രിക്കും കൂടുതല്‍ പ്രതസന്ധിയുണ്ടാക്കുമെന്ന് തീര്‍ച്ചയാണ്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ സ്ഥാനത്തു നിന്നുനീക്കി മറ്റേതെങ്കിലും പദവി നല്‍കി മുഖം രക്ഷിക്കുകയല്ലാതെ മറ്റു പോംവഴിയില്ല.
സിപിഐയ്ക്കു പുറമേ ആര്‍ജെഡിയും നടപടി വേണമെന്ന് ശക്തമായ ആവശ്യമുന്നയിച്ചിട്ടുണ്ട്. അടുത്തമാസം ആദ്യം നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെയാണ്. അതിനു മുമ്പ് പ്രശ്‌നത്തില്‍ കാര്യമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ സഭയില്‍ പ്രക്ഷോഭമുണ്ടാക്കാനാണ് പ്രതിപക്ഷ തീരുമാനം. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കും എഡിജിപിക്കുമെതിരേ പ്രതിപക്ഷം ഉയര്‍ത്താന്‍ പോകുന്ന പ്രക്ഷോഭത്തിന്റെ പോര്‍മുന തുടക്കത്തിലെ ഒടിക്കാനും നടപടി സ്വീകരിക്കുന്നതിലൂടെ സാധിക്കും. ഈ സാഹചര്യത്തില്‍ ഇന്ന് മുഖ്യമന്ത്രി എന്താകും വാര്‍ത്താസമ്മേളനത്തില്‍ പറയാന്‍ പോകുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ ആകാംക്ഷ.