p p chitharanjan
p p chitharanjan

സജി ചെറിയാന് പകരക്കാരനായി ചിത്തരഞ്ജന്‍ എത്തുമോ ?

പുതിയ മന്ത്രി ഉടനുണ്ടാകുമോ എന്ന് ആകാംക്ഷ
Updated on
1 min read

സജി ചെറിയാന്‍ മന്ത്രി സ്ഥാനം ഒഴിഞ്ഞതോടെ ആരാകും അടുത്ത മന്ത്രി എന്ന ചര്‍ച്ചകള്‍ സജീവമാണ്. പുതിയൊരാളെ കൂടി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ സിപിഎം തീരുമാനിച്ചാല്‍ ആലപ്പുഴയില്‍ നിന്നുള്ള പി പി ചിത്തരഞ്ജനാണ് സാധ്യത കൂടുതല്‍. രണ്ടാം പിണറായി സര്‍ക്കാരിന്റെ മന്ത്രിസഭാ രൂപീകരണവേളയില്‍ സജി ചെറിയാനെക്കാള്‍ ആദ്യഘട്ടത്തില്‍ സാധ്യത കല്‍പ്പിക്കപ്പെട്ടതും പി പി ചിത്തരഞ്ജനായിരുന്നു. എന്നാല്‍ മികച്ച സംഘാടകന്‍, ആലപ്പുഴയിലെ ജനകീയ മുഖം, മുഖ്യമന്ത്രിയുമായുള്ള അടുപ്പം എന്നിവയായിരുന്നു സജി ചെറിയാന് തുണയായത്. അതുകൊണ്ട് തന്നെ രണ്ടാംഘട്ടത്തില്‍ ചിത്തരഞ്ജനെ തള്ളാന്‍ സാധ്യത കുറവാണ് . മത്സ്യഫെഡിലും മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലും ചെയര്‍മാനായി പ്രവര്‍ത്തിച്ച പരിചയം ഫിഷറീസ് വകുപ്പ് കൈകാര്യം ചെയ്യുന്നതിന് സഹായകമാകും , ആലപ്പുഴയില്‍ നിന്നുള്ള തീരമേഖലയുടെ പ്രതിനിധി എന്നതും ചിത്തരഞ്ജന്റെ സാധ്യത കൂട്ടുന്നു .

എന്നാല്‍ ഉടന്‍ പുതിയൊരു മന്ത്രി വേണ്ടെന്ന ചര്‍ച്ചയും സിപിഎമ്മില്‍ സജീവമാണ്. ഇപ്പോള്‍ മുഖ്യമന്ത്രി തന്നെയാണ് സാസ്‌കാരികവും ഫിഷറീസും കൈകാര്യം ചെയ്യുന്നത്. ആഭ്യന്തരമടക്കമുള്ള നിരവധി പ്രധാനവകുപ്പുകള്‍ കൈവശമുള്ള മുഖ്യമന്ത്രിക്ക് കൂടുതല്‍ വകുപ്പുകള്‍ ബാധ്യതയാകുമെന്നതിനാല്‍ മറ്റൊരു സിപിഎം മന്ത്രിക്ക് തന്നെ വകുപ്പുകളുടെ ചുമതല നല്‍കുന്നതും പാര്‍ട്ടിയുടെ പരിഗണനയിലാണ് .അങ്ങനെയെങ്കില്‍ കേസ് തീര്‍ന്നാല്‍ സജി ചെറിയാനെ തിരികെ കൊണ്ടുവരാനുള്ള സാധ്യതയും സിപിഎം പരിശോധിക്കുന്നുണ്ട്.

ഘടകകക്ഷികളായ ജെഡിഎസും (കെ പി മോഹനന്‍) ആര്‍ എസ് പി ലെനിനിസ്റ്റും (കോവൂര്‍ കുഞ്ഞുമോന്‍) മന്ത്രിസ്ഥാനത്തിനായി അവകാശവാദമുന്നയിക്കുന്നുണ്ട്. നിലവില്‍ ടേം അടിസ്ഥാനത്തിലായിട്ടെങ്കിലും കേരളാ കോണ്‍ഗ്രസ് ബി ഉള്‍പ്പെടെയുള്ള മറ്റുള്ള ചെറുകക്ഷികള്‍ക്ക് മന്ത്രിസ്ഥാനം നല്‍കുന്നതിനാല്‍ തങ്ങളെ പരിഗണിക്കണമെന്ന ആവശ്യമാണ് ഇരു കക്ഷികളും മുന്നോട്ടുവയ്ക്കുന്നത്. .

logo
The Fourth
www.thefourthnews.in