'200 കോടി കിട്ടിയിട്ടും ശമ്പളത്തിന് സർക്കാർതന്നെ ആശ്രയം'; പുതിയ ഗതാഗതമന്ത്രിക്ക് ജീവനക്കാരുടെ പരാതി പരിഹരിക്കാനാകുമോ?
സര്‍ക്കാര്‍ ധനസഹായത്തിന് കാത്തുനില്‍ക്കാതെ കൃത്യമായി ശമ്പളം നല്‍കുന്നൊരു കെഎസ്ആര്‍ടിസി മന്ത്രി. അങ്ങനെയൊരു മന്ത്രിയാകാന്‍ ആന്റണി രാജുവിന്റെ പിന്‍ഗാമിക്കാകുമോ? അതത്ര എളുപ്പമല്ലെന്നതാണ് കെഎസ്ആര്‍ടിസിയുടെ ചരിത്രം. ശബരിമലയും ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളും വരുന്നതിനാല്‍ ഡിസംബറില്‍ കെഎസ്ആര്‍ടിസിക്ക് അധിക വരുമാനം ലഭിക്കും. പക്ഷേ ശമ്പളം പൂര്‍ണമായി നല്‍കാന്‍ കഴിയുമോ എന്നത് സംശയമാണ്. ശമ്പളം ഒന്നിച്ച് അഞ്ചാം തീയതിക്ക് മുന്നേ നല്‍കുക എന്നതുതന്നെയാകും സത്യപ്രതിജ്ഞയ്ക്ക് ശേഷം പുതിയ ഗതാഗത മന്ത്രി നേരിടേണ്ടി വരുന്ന ആദ്യ പ്രതിസന്ധി.
ശരാശരി 200 കോടി രൂപ കെഎസ്ആര്‍ടിസിക്ക് ഇപ്പോള്‍ മാസവരുമാനം ലഭിക്കുന്നുണ്ട്. കഴിഞ്ഞ നവംബറില്‍ 210.27 കോടിയായും വരുമാനം ഉയര്‍ന്നിരുന്നു. ഇത് കൂടാതെ 20 കോടി രൂപവരെ പെട്രോള്‍ പമ്പ്, വാടക ഇനങ്ങളിലായി ടിക്കറ്റേതര വരുമാനമായും ലഭിക്കുന്നുണ്ട്. എന്നിട്ടും സര്‍ക്കാര്‍ ധനസഹായം ലഭിച്ച ശേഷമാണ് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയത്. നിലവില്‍ 72 കോടി രൂപ വരെയാണ് എല്ലാ ജീവനക്കാര്‍ക്കും ശമ്പളം നല്‍കാന്‍ വേണ്ടി വരുന്നത്. 200 കോടി രൂപ വരെ കളക്ഷന്‍ നേടിയിട്ടും ശമ്പളം നല്‍കാനുള്ള 72 കോടി രൂപ ജീവനക്കാര്‍ക്ക് നല്‍കാതെ മറ്റ് ചെലവുകള്‍ മാനേജ്‌മെന്റ് നടത്തുന്നു എന്നതാണ് തൊഴിലാളികള്‍ ഉന്നയിക്കുന്ന വിമര്‍ശനം.
വരുമാനത്തില്‍നിന്ന് മാസാദ്യം തന്നെ ശമ്പളം നല്‍കുന്ന തീരുമാനം പുതിയ മന്ത്രി എടുക്കണം എന്നാണ് തൊഴിലാളികള്‍ ആഗ്രഹിക്കുന്നത്
പ്രതിമാസ വരുമാനത്തില്‍ 90 മുതല്‍ 100 കോടി രൂപവരെയാണ് ഡീസലിനായി കെഎസ്ആര്‍ടിസി ചെലവഴിക്കുന്നത്. 72 കോടി രൂപ ശമ്പള ഇനത്തിലും നാല് കോടി രൂപ വരെ ഓവര്‍ടൈം അലവന്‍സായും ചെലവ് വന്നേക്കും. ബാങ്ക് കണ്‍സോഷ്യം വായ്പ തിരിച്ചടവില്‍ 33 കോടി രൂപയും സ്‌പെയര്‍പാര്‍ട്ട്‌സിന് 8 മുതല്‍ 10 കോടി രൂപ വരെയും മറ്റ് കോടതി വ്യവഹാരങ്ങള്‍, ഇന്‍ഷുറന്‍സ് ക്ലെയിം എന്നിവയെല്ലാം ചേര്‍ത്ത് മൂന്ന് കോടി രൂപ വരെയും ചെലവുണ്ട്. തൊഴിലാളികളുടെ പിഎഫ് അടക്കമുള്ള അടവുകള്‍, വിരമിക്കല്‍ ആനുകൂല്യം, അടിസ്ഥാന സൗകര്യ വികസനം, ഇലക്ട്രിസിറ്റി, ടിക്കറ്റ് ചെലവ്, ഓണ്‍ലൈന്‍ ബുക്കിംഗ് ചെലവ് തുടങ്ങിയവയും കെഎസ്ആര്‍ടിസിക്ക് മുന്നില്‍ ചെലവ് ആയി നില്‍ക്കുന്നുണ്ട്.
പ്രതിമാസം 260 കോടി രൂപ വരെ ലഭിച്ചാല്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ ഇല്ലാതെ കെഎസ്ആര്‍ടിസി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമെന്നാണ് മാനേജ്‌മെന്റ് പറയുന്നത്. നിലവില്‍ 50 കോടി രൂപ എല്ലാ മാസവും സര്‍ക്കാര്‍ ധനസഹായം നല്‍കുന്നുണ്ട്. ഇത് ലഭിക്കുന്ന മുറയ്ക്ക് മാത്രമാണ് ജീവനക്കാര്‍ക്കുള്ള ശമ്പളം നല്‍കി പോകുന്നത്. ഇതില്‍ മാറ്റം വരുത്തി, വരുമാനത്തില്‍നിന്ന് മാസാദ്യംതന്നെ ശമ്പളം നല്‍കുന്ന തീരുമാനം പുതിയ മന്ത്രി എടുക്കണം എന്നാണ് തൊഴിലാളികള്‍ ആഗ്രഹിക്കുന്നത്.
കെ ബി ഗണേഷ് കുമാര്‍തന്നെ ഗതാഗത വകുപ്പ് മന്ത്രിയാകാനാണ് സാധ്യത. വരുമാനത്തില്‍നിന്ന് ആദ്യം ശമ്പളം നല്‍കിയ ശേഷം മറ്റ് ചെലവുകള്‍ സര്‍ക്കാര്‍ ധനസഹായം ലഭിക്കുന്ന മുറയ്ക്ക് തീര്‍ത്താല്‍ മതിയെന്ന തീരുമാനവും പുതിയ മന്ത്രി എടുക്കുമോ എന്നാണ് അറിയേണ്ടത്. ശമ്പളം ആദ്യം നല്‍കണമെന്ന നിലപാട് ഗതാഗത മന്ത്രി സ്വീകരിച്ചാല്‍ ഗതാഗത സെക്രട്ടറിയും കെഎസ്ആര്‍ടിസി എംഡിയുമായ ബിജുപ്രഭാകര്‍ അതംഗീകരിക്കുമോ എന്നതും കാത്തിരുന്ന് കാണേണ്ടതാണ്.