ഉണ്ടാകുമോ തരൂരിന്റെ പത്രികയിൽ ഒരു മലയാളി നിർദേശകൻ ?

ഉണ്ടാകുമോ തരൂരിന്റെ പത്രികയിൽ ഒരു മലയാളി നിർദേശകൻ ?

വെള്ളിയാഴ്ച കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക സമർപ്പിക്കുന്ന ശശി തരൂരിനെ കേരളത്തിലെ 328 വോട്ടർമാരിൽ ആരും പിന്തുണക്കാൻ വഴിയില്ല
Updated on
3 min read

രാജസ്ഥാനും കേരളത്തിനും ഇടയില്‍ കലങ്ങിമറയുകയാണ് കോണ്‍ഗ്രസ് രാഷ്ട്രീയം. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ നിലപാടുകള്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിനെ തന്നെ പ്രതിസന്ധിയിലാക്കുന്നതിനിടെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് തിരുവനന്തപുരം എംപി ഡോ. ശശി തരൂര്‍. ഭാരത് ജോഡോ യാത്രയ്ക്കിടെ പട്ടാമ്പിയില്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് തരൂര്‍ ഇക്കാര്യം വ്യക്തമാക്കിയത്. വെള്ളിയാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ തനിക്കുള്ള പിന്തുണ മനസിലാകുമെന്നാണ് തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞത്.

തികഞ്ഞ ആത്മവിശ്വാസമുണ്ടെന്ന് തിരുവനന്തപുരം എം പി പറയുമ്പോഴും 328 പേര്‍ക്ക് വോട്ടവകാശമുള്ള കേരളത്തില്‍ നിന്ന് എത്ര പേര്‍ തരൂരിനെ പിന്‍താങ്ങുമെന്ന കാര്യം സംശയമാണ്. പത്ത് പേരുടെ പിന്തുണയാണ് നാമനിർദേശ പത്രികയിൽ സ്ഥാനാർത്ഥിക്ക് വേണ്ടത്. കേരളത്തിലെ വോട്ടർമാരിൽ ഒരാളെങ്കിലും ആ പത്ത് പേരിൽ ഉണ്ടാവുമോ എന്നത് സത്യത്തിൽ തരൂരിന് പോലും ഉത്തരം അറിയാത്ത ചോദ്യമാണ്.

പക്ഷെ തരൂരിനെ പിന്തുണയ്ക്കുന്ന ജി 23 സജീവമായി മുന്നോട്ട് വെച്ച ആവശ്യം അടുത്തിടെ കേരളത്തിലെ കോണ്‍ഗ്രസിലെ ചില നേതാക്കളുടെ ഭാഗത്ത് നിന്നും ഉയര്‍ന്ന് വന്നിരുന്നു. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂര്‍ മത്സരിച്ചാല്‍ മനഃസാക്ഷി വോട്ട് ചെയ്യണമെന്നായിരുന്നു കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ സ്വീകരിച്ച നിലപാട്. ഗാന്ധി കുടുംബം ആഗ്രഹിക്കുന്നത് അശോക് ഗെഹ്ലോട്ടിനെ പ്രസിഡന്റാക്കാനാണെന്നും, എന്നാല്‍ എതിരാളിയായി ശശി തരൂര്‍ മത്സരിച്ചാല്‍ കേരളത്തിലുള്ളവര്‍ മനഃസാക്ഷി വോട്ട് ചെയ്യട്ടെയെന്നും അന്ന് സുധാകരന്‍ വ്യക്തമാക്കിയിരുന്നു. സുധാകരനെ കെപിസിസി അധ്യക്ഷ പദത്തില്‍ എത്തിക്കുന്ന കാര്യത്തിലടക്കം ഡല്‍ഹിയില്‍ ചരടുവലി നടത്തിയതില്‍ തരൂര്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പരസ്യമായല്ലെങ്കില്‍ പോലും സുധാകരന്‍ തരൂരിന് പിന്തുണ നല്‍കുന്ന കാര്യം തള്ളിക്കളയാന്‍ സാധിക്കില്ലെന്നാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കുന്ന സൂചന.

ടാറ്റായുടെ മാതൃക പിന്തുടര്‍ന്ന് നെഹ്റു കുടുംബം പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറി നില്‍ക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ കെ എസ് ശബരിനാഥന്‍ ഒരു ലേഖനത്തില്‍ നിര്‍ദേശിച്ചിരുന്നു. ഏകദേശം ഒരേ കാലഘട്ടത്തില്‍ പിറവിയെടുത്ത ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും, ടാറ്റാ ഗ്രൂപ്പും, ജന്മവും വളര്‍ച്ചയും നിലനില്‍പ്പും സംഭാവനകളും കൊണ്ട് പരസ്പര പൂരകമാണെന്നാണ് ശബരിനാഥന്‍ ലേഖനത്തില്‍ പറഞ്ഞത്

പരോക്ഷമായെങ്കിലും തരൂരിനെ പിന്തുണയ്ക്കുന്ന നേതാക്കള്‍ കഥാന്ത്യത്തില്‍ തരൂരിന് ഒപ്പം നില്‍ക്കുമോ എന്നതാണ് ചോദ്യം

പരോക്ഷമായെങ്കിലും തരൂരിനെ പിന്തുണയ്ക്കുന്ന നേതാക്കള്‍ കഥാന്ത്യത്തില്‍ തരൂരിന് ഒപ്പം നില്‍ക്കുമോ എന്നതാണ് ചോദ്യം. കഴിഞ്ഞ ദിവസം രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനുള്ള ഹൈക്കമാന്‍ഡ് നീക്കത്തിനെതിരെ ഗെഹ്ലോട്ട് പക്ഷം തുറന്ന പോരുമായി ഇറങ്ങിയപ്പോഴും പന്ത് ഇപ്പോഴും രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ കോര്‍ട്ടില്‍ തന്നെയാണ്.

വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു മലയാളി കോണ്‍ഗ്രസ് അധ്യക്ഷ പദത്തില്‍ എത്താന്‍ അവസരം ഒരുങ്ങുമ്പോഴും തരൂരിന്റെ കാര്യത്തില്‍ റിസ്‌ക് എടുക്കാന്‍ കേരളത്തിലെ നേതാക്കള്‍ തയ്യാറാകുമോ എന്ന കാര്യത്തില്‍ രാഷ്ട്രീയ നിരീക്ഷകര്‍ സംശയം പ്രകടിപ്പിക്കുന്നു. അതിനുള്ള പ്രധാന കാരണമായി അവര്‍ ചൂണ്ടിക്കാണിക്കുന്നത് കേരളത്തിലെ പാര്‍ട്ടിക്കാര്‍ക്കിടയില്‍ തരൂരിനുള്ള സ്വീകാര്യതക്കുറവാണ്. ദേശീയ തലത്തില്‍ വന്‍സ്വീകാര്യതയുള്ള ബുദ്ധി ജീവിയാണ് തരൂരെങ്കിലും പത്ത് വര്‍ഷം തുടര്‍ച്ചയായി തിരുവന്തപുരം എം പിയായിട്ടും താഴെത്തട്ടിലുള്ള പ്രവര്‍ത്തകര്‍ക്കിടയില്‍ ഉമ്മന്‍ ചാണ്ടിയും കരുണാകരനും അടക്കമുള്ള നേതാക്കള്‍ക്ക് ലഭിച്ച സ്വീകാര്യത നേടാന്‍ തരൂരിന് സാധിച്ചിട്ടില്ല.

പ്രസംഗങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും അപ്പുറം താഴെത്തട്ടില്‍ ഇറങ്ങി പ്രവര്‍ത്തിക്കാത്ത നേതാവ് എന്ന ചീത്തപ്പേര് തന്നെയാണ് തരൂര്‍ നേരിടുന്ന വെല്ലുവിളി. രാഷ്ട്രീയത്തില്‍ എത്തി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒരു ബൂത്ത് യോഗത്തില്‍ പോലും പങ്കെടുക്കാത്ത തരൂരിന് എങ്ങനെ അധ്യക്ഷനായി പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നാണ് അവര്‍ ചോദിക്കുന്ന ചോദ്യം. അടുത്തിടെ തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തിയിരുന്നു. ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ തനിക്ക് അദ്ദേഹത്തോട് ബഹുമാനമാണ്, പക്ഷേ തരൂരിന്റെ രാഷ്ട്രീയ കാഴ്ചപ്പാടില്‍ സ്ഥിരതയില്ലെന്നാണ് മുല്ലപ്പള്ളിയുടെ ആരോപണം. തരൂര്‍ പറയുന്നത്, തനിക്ക് മുന്നില്‍ രാഷ്ട്രീയ വഴികള്‍ തുറന്ന് കിടക്കുന്നുണ്ടെന്നും, ആം ആദ്മി പാര്‍ട്ടിക്കും ബിജെപിക്കും തന്നോട് താല്‍പര്യമുണ്ടെന്നുമാണ് .കോണ്‍ഗ്രസ് പ്രവര്‍ത്തകനും എം പിയുമായ ഒരു വ്യക്തിക്ക് എങ്ങിനെയാണ് ഇത്തരത്തില്‍ ചിന്തിക്കുവാന്‍ സാധിക്കുകയെന്നും അദ്ദേഹം ചോദിച്ചിരുന്നു.

കോണ്‍ഗ്രസുമായി വൈകാരിക ബന്ധമുള്ള ഒരു വ്യക്തിക്ക് ഒരിക്കലും ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. കോണ്‍ഗ്രസ് ഒരു ജനാധിപത്യ പാര്‍ട്ടിയാണ്. സംഘടനാ സംവിധാനത്തെ കുറിച്ചും, അതില്‍ കൊണ്ടു വരേണ്ട പരിഷ്‌കാരത്തെ കുറിച്ചും നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. അതിനപ്പുറം കോണ്‍ഗ്രസില്‍ നിന്നു കൊണ്ട് രാഷ്ട്രീയ അവസരങ്ങള്‍ തുറന്ന് കിടക്കുന്നതായി പറയുന്ന ഒരാള്‍ക്ക് എങ്ങിനെ ഒരു യഥാര്‍ത്ഥ കോണ്‍ഗ്രസുകാരനാകാന്‍ സാധിക്കുകയെന്ന സംശയവും മുല്ലപ്പള്ളി പ്രകടിപ്പിച്ചിരുന്നു.

അധ്യക്ഷ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ആര് ആർക്ക് വോട്ട് ചെയ്തുവെന്ന് മനസ്സിലാക്കാനുള്ള സംവിധാനം ഇല്ലെങ്കിൽ കൂടുതൽ പേർ തരൂരിനെ പിന്തുണയ്ക്കാനുള്ള സാധ്യത ഉണ്ടെന്നാണ് ഒരു വിഭാഗം കോൺഗ്രസുകാർ കരുതുന്നത്. അങ്ങനെ സംഭവിച്ചാൽ വിചാരിക്കുന്നതിലും അധികം വോട്ടുകൾ തരൂരിന് മറയാനുള്ള സാധ്യതയും തള്ളിക്കളയാൻ സാധിക്കില്ല. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ തരൂരിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് ഒരു റിസ്‌ക് എടുക്കാന്‍ കേരളത്തിലെ നേതാക്കള്‍ തയ്യാറാവില്ലെന്ന് വിലയിരുത്തപ്പെടുമ്പോഴും, സുധാകരന്റെ അടക്കം മുന്‍കാല പ്രസ്താവനകളുടെ സാഹചര്യത്തില്‍ അപ്രതീക്ഷിത പിന്തുണ ലഭിക്കുന്ന കാര്യവും തള്ളിക്കളയാന്‍ സാധിക്കില്ല.

logo
The Fourth
www.thefourthnews.in