അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണവുമായി യുവതി പിടിയിൽ
കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരു കോടി രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച യുവതിയെ കസ്റ്റംസ് പിടികൂടി. കോഴിക്കോട് നരിക്കുനി സ്വദേശിനിയായ കണ്ടൻ പ്ലാക്കിൽ അസ്മാബീവിയാണ് പിടിയിലായത്. അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. രണ്ട് പാക്കറ്റുകളിലായി 2031 ഗ്രാം തൂക്കമുള്ള സ്വർണമിശ്രിതം കടത്താൻ ശ്രമിച്ചത്.
എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിൽ ദുബായിൽ നിന്നെത്തിയ അസ്‌മാബീവിയെ കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥരാണ് പിടികൂടിയത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് സംഘം നടത്തിയ തിരച്ചിലിലാണ് സ്വർണം പിടികൂടിയത്. പിടികൂടിയ സ്വർണമിശ്രിതം വേർതിരിച്ചെടുത്തപ്പോൾ 99.68 ലക്ഷം രൂപ വിലമതിക്കുന്ന 24 കാരറ്റ് പരിശുദ്ധിയുള്ള 1.769 കിലോ സ്വർണം ലഭിച്ചു. സംഭവത്തില്‍ അസ്മാബീവിയുടെ അറസ്റ്റും തുടർ നടപടികളും ആരംഭിച്ചതായി കസ്റ്റംസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം നടത്തിവരികയാണ്.
കഴിഞ്ഞ ദിവസങ്ങളിൽ കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് വലിയ തോതിൽ സ്വർണം പിടികൂടിയിരുന്നു. മൂന്ന് വ്യത്യസ്ത കേസുകളിലായി 1.8 കോടി രൂപ വില മതിക്കുന്ന മൂന്നേ കാൽ കിലോഗ്രാമോളം സ്വർണമാണ് കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടിയത്. ശരീരത്തിനുള്ളിലും വിമാനത്തിന്റെ സീറ്റിനടിയിലുമായി ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താൻ ശ്രമിച്ചത്. കൂടാതെ, വിദേശത്തേക്ക് കടത്താൻ ശ്രമിച്ച 15 ലക്ഷം രൂപയ്ക്ക് തുല്യമായ വിദേശ കറൻസിയും പിടിച്ചെടുത്തിരുന്നു