പ്രഭാത സവാരിക്കിടെ അക്രമം;
പരാതി പോലീസ് നിസാരമായാണ് കൈകാര്യം ചെയ്തതെന്ന് യുവതി

പ്രഭാത സവാരിക്കിടെ അക്രമം; പരാതി പോലീസ് നിസാരമായാണ് കൈകാര്യം ചെയ്തതെന്ന് യുവതി

പ്രതിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി പോലീസ്
Updated on
1 min read

തിരുവനന്തപുരം മ്യൂസിയത്തില്‍ പ്രഭാത സവാരിക്കിടെ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പോലീസിന് വീഴ്ചയുണ്ടായെന്ന് ആവര്‍ത്തിച്ച് പരാതിക്കാരി. പരാതിയുമായി ആദ്യം ചെന്നപ്പോള്‍ പോലീസ് വളരെ നിസാരമായാണ് അതിനെ കൈകാര്യം ചെയ്തതെന്ന് യുവതി ആരോപിച്ചു. പിന്നീട് പരാതിയുമായി കമ്മീഷണറെ സമീപിക്കാനിരിക്കെ, അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരമാണ് പോലീസ് കേസെടുത്തത്. അക്രമിയെ നേരത്തെ ആ പ്രദേശത്തൊന്നും കണ്ടിട്ടില്ല. അക്രമിക്ക് രേഖാചിത്രവുമായി ഏറെ സാമ്യമുണ്ടെന്നും പരാതിക്കാരി ദ ഫോര്‍ത്തിനോട് പറഞ്ഞു.

ബുധനാഴ്ച പുലര്‍ച്ചെ 4.40 ഓടെയായിരുന്നു പ്രഭാത സവാരിക്കിടെ യുവതിക്കുനേരെ ആക്രമണം ഉണ്ടായത്. കാറില്‍ മ്യൂസിയത്തില്‍ എത്തിയ പ്രതി യുവതിയെ കടന്നു പിടിക്കുകയായിരുന്നു. ഇയാളെ പിടികൂടാന്‍ യുവതി പിന്നാലെ ഓടിയെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് യുവതി മ്യൂസിയം സ്റ്റേഷനിലെത്തി പരാതി നല്‍കി. എന്നാല്‍, ലൈംഗികാതിക്രമം നടന്നതായി പരാതിപ്പെട്ടിട്ടും ജാമ്യം ലഭിക്കുന്ന 354 എ 1 വകുപ്പ് പ്രകാരമാണ് പ്രതിക്കെതിരെ പോലീസ് കേസെടുത്തത്.

പ്രഭാത സവാരിക്കിടെ അക്രമം;
പരാതി പോലീസ് നിസാരമായാണ് കൈകാര്യം ചെയ്തതെന്ന് യുവതി
പ്രഭാത നടത്തിനിടെ യുവതിക്ക് അതിക്രമം; പ്രതിയെ തേടി പോലീസ്, രേഖാ ചിത്രം പുറത്തുവിട്ടു

ഇതിന് പിന്നാലെ സംഭവത്തില്‍ പോലീസിന്റെ ഇടപെടല്‍ കാര്യക്ഷമമല്ലെന്ന് ആരോപിച്ച് യുവതി രംഗത്തെത്തിയിരുന്നു. പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്ന് ചൂണ്ടിക്കാട്ടി കമ്മീഷണര്‍ക്ക് പരാതി നല്‍കാനിരിക്കെയാണ് പോലീസ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടെയാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. മ്യൂസിയത്തിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച പോലീസ് പ്രതിയുടെ രേഖാചിത്രവും പുറത്തുവിട്ടു. അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

സംഭവം നടന്നയുടന്‍ ഓടിയെത്തിയ സുരക്ഷാ ജീവനക്കാരും എയ്ഡ് പോസ്റ്റിലുണ്ടായിരുന്ന പോലീസിനോടും പ്രതി മ്യൂസിയത്തില്‍ തന്നെയുണ്ടെന്ന് യുവതി പറഞ്ഞിരുന്നു. എന്നാല്‍, പോലീസ് അത് ശ്രദ്ധിച്ചില്ലെന്നും യുവതി ആരോപിച്ചിരുന്നു.

അതിനിടെ, കുറവൻകോണത്ത് വീടിനുനേരെയുണ്ടായ ആക്രമണത്തിന് പിന്നിലും യുവതിയെ കടന്നുപിടിച്ച ആള്‍ തന്നെയാണെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയായിരുന്നു വീട് ആക്രമിച്ചത്. വീടിന്റെ ജനൽ ചില്ല് തകർന്നിരുന്നു. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രതി കൂടുതല്‍ വീടുകളില്‍ എത്തിയിരുന്നതായുള്ള സംശയവും ബലപ്പെട്ടിട്ടുണ്ട്. ഇക്കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. കുറവന്‍കോണത്തെ വീട് പരിശോധിക്കാനാണ് നീക്കം.

logo
The Fourth
www.thefourthnews.in