'ഇതെന്റെ ആത്മഹത്യാക്കുറിപ്പാണ്'; കെഎസ്എഫ്ഡിസിക്കെതിരെ യുവ സംവിധായിക

'ഇതെന്റെ ആത്മഹത്യാക്കുറിപ്പാണ്'; കെഎസ്എഫ്ഡിസിക്കെതിരെ യുവ സംവിധായിക

18 ദിവസം കൊണ്ട് എങ്ങനെയാണ് 19 തിരക്കഥകള്‍ മുഴുവന്‍ വായിച്ച് നോട്ട്‌സ് തയ്യാറാക്കി ചര്‍ച്ച ചെയ്ത് വിലയിരുത്തിയതെന്നത് അത്ഭുതമാണെന്ന് ലയ
Updated on
2 min read

'അടുത്ത നിമിഷങ്ങളില്‍, മണിക്കൂറുകളില്‍, ദിവസങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ ഞാന്‍ ആത്മഹത്യ ചെയ്തുപോയേക്കുമോയെന്ന് വല്ലാതെ ഭീതി തോന്നുന്നു. അത്തരത്തില്‍ ഞാന്‍ മരണപ്പെടുകയാണെങ്കില്‍ (കൊല്ലപ്പെടുകയാണെങ്കില്‍) ഇതെന്റെ ആത്മഹത്യാക്കുറിപ്പായി കാണണം. ജീവിക്കാനുള്ള, ഇനിയും ബാക്കിനില്‍ക്കുന്ന അടങ്ങാത്ത കൊതി കൊണ്ടാണ് ഒരു അവസാന ശ്രമമെന്നോണം ഇതിവിടെ കുറിക്കുന്നത്. ഞാന്‍ കൊല്ലപ്പെടുകയാണെങ്കില്‍ അതിന്റെ പരിപൂര്‍ണ ഉത്തരവാദികള്‍ ഇനി പറയാന്‍ പോകുന്ന ചില പേരുകള്‍ ആയിരിക്കും,'' ഒരു യുവസംവിധായികയുടേതാണ് ഈ വൈകാരികമായ കുറിപ്പ്.

കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിവാദങ്ങള്‍ക്കൊടുവില്‍ ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ രാജിവച്ചെങ്കിലും ആരോപണങ്ങള്‍ അവസാനിച്ചിട്ടില്ല. ലയ ചന്ദ്രലേഖയെന്ന സംവിധായികയാണ് ഇപ്പോള്‍ കെഎസ്എഫ്ഡിസിക്കും ശങ്കര്‍ മോഹനുമെതിരെ കടുത്ത ആരോപണങ്ങളുനമായി എത്തിയിരിക്കുന്നത്. കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 2016 ബാച്ചിലെ വിദ്യാര്‍ഥിനിയായിരുന്നു ലയ. സംസ്ഥാന സര്‍ക്കാര്‍ വനിതാ സംവിധായകര്‍ക്കുവേണ്ടി കെഎസ്എഫ്ഡിസിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കിയ സംവിധാന പദ്ധതിയുടെ പ്രവര്‍ത്തനരീതിക്കെതിരെയും ചലച്ചിത്ര വികസന കോര്‍പറേഷന്റെ ഉന്നത സ്ഥാനത്തിരിക്കുന്ന ശങ്കര്‍ മോഹനെതിരെയുമാണ് ലയയുടെ പരാതി.

അത് പറഞ്ഞുതരാന്‍ ഞങ്ങള്‍ ബാധ്യസ്ഥരല്ല, പോയി കേസ് കൊടുത്തോളൂ എന്നാണ് ശംഭു പുരുഷോത്തമന്‍ മറുപടി പറഞ്ഞതെന്ന് ലയ

2022-2023 വര്‍ഷത്തില്‍ കെസ്എഫ്ഡിസിയുടെ വനിതാ സംവിധാന പദ്ധതിയിലേക്ക് ലയ തന്റെ പ്രൊപ്പോസല്‍ അയച്ചിരുന്നു. രണ്ടാം ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അഞ്ച് പേരില്‍ ഒരാളായി ലയയുടെയും പേര് കെഎസ്എഫ്‌ഡിസിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പക്ഷെ പിന്നീട് തഴയപ്പെടുകയായിരുന്നുവെന്ന് ലയ ദ ഫോര്‍ത്തിനോട് പറഞ്ഞു. എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് തന്റെ തിരക്കഥ ഒഴിവാക്കപ്പെട്ടതെന്ന് അറിയിക്കാന്‍ അഭ്യര്‍ഥിച്ചപ്പോള്‍ വളരെ മോശമായ പ്രതികരണമാണ് ഫിലിം ഓഫീസറായ ശംഭു പുരുഷോത്തമന്റെ ഭാഗത്തുനിന്നുണ്ടായതെന്നും ലയ പറയുന്നു.

അത് പറഞ്ഞുതരാന്‍ ഞങ്ങള്‍ ബാധ്യസ്ഥരല്ലെന്നും വിധി കര്‍ത്താക്കളുടെ തീരുമാനം അന്തിമമാണെന്ന് നിങ്ങള്‍ ഒപ്പിട്ട് തന്നത് കയ്യിലുണ്ട്, പോയി കേസ് കൊടുത്തോളൂവെന്നാണ് ശംഭു പുരുഷോത്തമന്‍ മറുപടി പറഞ്ഞതെന്നും ലയ വെളിപ്പെടുത്തി.

മാര്‍ച്ച് 24 ന് തിരക്കഥ സമര്‍പ്പിച്ച ശേഷം 18 ദിവസം കൊണ്ടാണ് ആറ് പേരെ തിരഞ്ഞെടുക്കുന്നത്. ഒന്നര മണിക്കൂറോളം വരുന്ന പ്രോജക്ടുകളുടെ 19 തിരക്കഥകള്‍ 18 ദിവസം കൊണ്ട് എങ്ങനെയാണ് മുഴുവന്‍ വായിച്ച് നോട്ട്‌സ് തയ്യാറാക്കി ചര്‍ച്ച ചെയ്ത് വിലയിരുത്തിയതെന്നത് അത്ഭുതമാണ്. മൂന്ന് ഘട്ടങ്ങളായാണ് സാധാരണ സെലക്ഷന്‍ പ്രക്രിയ നടക്കാറുള്ളത്. എന്നാല്‍ ഇത്തവണ രണ്ടു ഘട്ടം മാത്രമാണ് നടന്നത്. അവസാന ഘട്ടത്തില്‍ സംവിധായകര്‍ക്ക് സംസാരിക്കാനുള്ള ഒരവസരം ഉണ്ടാകുമായിരുന്നു. തിരക്കഥയ്ക്കപ്പുറം സംവിധാന മികവ് മനസിലാക്കാന്‍ സാധിക്കുന്ന ഘട്ടമാണത്. എന്നാല്‍ ഇത്തവണ അത് ഉണ്ടായില്ലെന്നും ലയ കൂട്ടിച്ചേര്‍ത്തു.

തിരക്കഥാ മത്സരത്തിന് അപേക്ഷ നല്‍കാന്‍ ചെന്നപ്പോള്‍ വളരെ നിരുത്തരവാദപരമായാണ് കെഎസ്എഫ്ഡിസിയുടെ ഉദ്യോഗസ്ഥര്‍ പെരുമാറിയത്. അപേക്ഷ സ്വീകരിച്ചെന്നതിന് ഒരു മറുപടിയും രേഖാമൂലം നല്‍കിയില്ലെന്നതിനാല്‍ ഇതിനെ താന്‍ വിമര്‍ശിച്ചതായും ലയ പറയുന്നു.

ഐഎഎസും ഐഎഫ്എസും എടുക്കുന്ന ആളുകള്‍ എത്രതവണ എഴുതിയിട്ടാണ് കിട്ടുന്നതെന്നും അവിടെയൊന്നും എന്തിനാണ് തോറ്റതെന്ന് അവരോട് പറയാറില്ലെന്നും ഷാജി എന്‍ കരുണ്‍

മികച്ച ജൂറി തിരഞ്ഞെടുക്കുന്ന തിരക്കഥകളാണ് തനിക്ക് മുന്നിലെത്തുന്നതെന്നാണ് കെഎസ്എഫ്ഡിസി ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍ ഈ വിഷയുമായി ബന്ധപ്പെട്ട് ദ ഫോര്‍ത്തിനോട് പ്രതികരിച്ചത്. സംസ്ഥാന അവാര്‍ഡിനായാലും ഇത്തരം ആരോപണങ്ങള്‍ ഉണ്ടാകും. ജൂറിയുടെ തീരുമാനമാണ് താന്‍ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെലക്ഷന്‍ പ്രക്രിയയില്‍ മാറ്റങ്ങളുണ്ടാകുമെന്നും മികച്ചത് തിരഞ്ഞെടുക്കുക എന്നത് മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

അവസാന ഘട്ടത്തില്‍ സംവിധായകര്‍ക്ക് ജൂറിയുമായി സംസാരിക്കാന്‍ അവസരം നല്‍കാതിരുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അതിന്റെ ആവശ്യമില്ലെന്നും തിരക്കഥ തന്നിട്ടാണ് തിരഞ്ഞടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെഎസ്എഫ്ഡിസി നിരുത്തരവാദപരമായി പെരുമാറിയെന്നു പറയുന്ന ആരോപണത്തില്‍ കഴമ്പില്ല. ഐഎഎസും ഐഎഫ്എസും എടുക്കുന്ന ആളുകള്‍ എത്രതവണ എഴുതിയിട്ടാണ് കിട്ടുന്നത്. അവിടെയൊന്നും എന്തിനാണ് തോറ്റതെന്ന് അവരോട് പറയാറില്ല. ലയയ്ക്ക് ഇനിയും അവസരമുണ്ടെന്നും അവര്‍ അടുത്ത തവണ തിരക്കഥ നല്‍കട്ടെയെന്നും അദ്ദേഹം പറഞ്ഞു

ഡിപ്ലോമ പ്രോജക്ടുമായി ബന്ധപ്പട്ട് തനിക്കുണ്ടായ പ്രശ്‌നത്തില്‍ വിദ്യാര്‍ഥികള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ശങ്കര്‍ മോഹനെതിരെ സമരം ചെയ്തിരുന്നുവെന്നും അതുകൊണ്ട് തന്നെ അദ്ദേഹത്തിന് തന്നോട് വ്യക്തിവൈരാഗ്യമുണ്ടെന്നും ലയ വ്യക്തമാക്കി

കെഎസ്എഫ്ഡിസിയിലെ ശങ്കര്‍ മോഹന്റെ സാന്നിധ്യവും സംശയമുണ്ടാക്കുന്നതായി ലയ ആരോപിക്കുന്നു. ശങ്കര്‍ മോഹന്‍ കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സ്ഥാനമേറ്റതുമുതല്‍ അദ്ദേഹത്തിന്റെ തെറ്റായ നടപടികളെ താന്‍ വിമര്‍ശിച്ചിരുന്നു. അദ്ദേഹത്തിനെതിരെ വിശദമായ പരാതി നല്‍കിയപ്പോള്‍ വ്യക്തിപരമായി വിളിച്ച് പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ലയ പറയുന്നു. ഡിപ്ലോമ പ്രോജക്ടുമായി ബന്ധപ്പെട്ട് തനിക്കുണ്ടായ പ്രശ്‌നത്തില്‍ വിദ്യാര്‍ഥികള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ശങ്കര്‍ മോഹനെതിരെ സമരം ചെയ്തിരുന്നുവെന്നും അതുകൊണ്ട് തന്നെ അദ്ദേഹത്തിന് തന്നോട് വ്യക്തി വൈരാഗ്യമുണ്ട്. ഇത്തരത്തില്‍ ശങ്കര്‍ മോഹനെതിരെ ശബ്ദമുയര്‍ത്തിയ വിദ്യാര്‍ഥികളോട് അദ്ദേഹം പ്രതികാരപൂർവം പെരുമാറിയിട്ടുണ്ടെന്നും ലയ പറഞ്ഞു.

ജാതിവിവേചനവും അധിക്ഷേപവും സംവരണ അട്ടിമറിയുമടക്കമുള്ള ആരോപണങ്ങളെ തുടർന്ന് നിര്‍ബന്ധപൂര്‍വം രാജിവയ്പ്പിച്ചയാളാണ് ശങ്കര്‍മോഹനെന്ന് ലയ പറയുന്നു. അങ്ങനെയൊരാളെ സര്‍ക്കാര്‍ തന്നെ ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ തലപ്പത്ത് ഇരുത്തിയിരിക്കുമ്പോള്‍ ഈ വിഷയത്തെ നിയമപരമായി നേരിട്ടാലും നീതികിട്ടുമെന്ന് വിശ്വസിക്കുന്നില്ലെന്നും ലയ കൂട്ടിച്ചേർത്തു .

logo
The Fourth
www.thefourthnews.in