'പഠനം, ജോലി, വിവാഹം; വ്യവസ്ഥാപിത രീതികളിൽ നിന്നൊന്ന് രക്ഷപ്പെട്ടാൽ മതി'; കുടിയേറ്റത്തിലൂടെ കേരളത്തിലെ പെൺകുട്ടികൾ ലക്ഷ്യം വെയ്ക്കുന്നതെന്ത്?
കേരളത്തിൽ നിന്നുള്ള വിദ്യാർഥിനികൾ കൂട്ടത്തോടെ വിദേശരാജ്യങ്ങളിലേക്ക് പോകുന്നത് വ്യവസ്ഥാപിത മാനദണ്ഡങ്ങളിൽ നിന്ന് രക്ഷപ്പെടാനെന്ന് പഠനം. വ്യക്തി എന്ന നിലയിലുള്ള വളർച്ചയും പങ്കാളിയെ തിരഞ്ഞെടുക്കുന്നതിനുള്ള സ്വാതന്ത്ര്യവും വിവാഹപ്രായവും അടക്കമുള്ള തിരഞ്ഞെടുപ്പുകളാണ് ഇതിലൂടെ പെൺകുട്ടികൾ ലക്ഷ്യം വെയ്ക്കുന്നതന്നാണ് കണ്ടത്തൽ .
സ്ത്രീ എന്ന നിലയിലുള്ള സാധ്യതകൾ കണ്ടെത്താൻ വിദേശ വിദ്യാഭ്യാസം സഹായിക്കുമെന്ന് മിക്ക പെൺകുട്ടികളും കരുതുന്നു
യു.എസിലെ ജോർജ് മാസൺ സർവകലാശാലയിലെ ആനന്ദ് പനന്തോട്ടം ചെറിയാനും ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ ആൻഡ് ഡെവലപ്മെന്റിലെ എസ് ഇരുദയ രാജനും ചേർന്ന് നടത്തിയ 'മിഡിൽക്ലാസ് ഇന്ത്യൻ സ്റ്റുഡന്റ്സ്: മൈഗ്രേഷൻ റിക്രൂട്ടേഴ്സ് ആൻഡ് ആസ്പിരേഷൻസ്' എന്ന പഠനത്തിലാണ് കണ്ടെത്തൽ. സർവേയിൽ പങ്കെടുത്ത 50 ശതമാനംപേരും പഠനത്തിനായി വിദേശത്തേക്ക് പോകാൻ താത്പര്യപ്പെടുന്നവരാണെന്നത് ശ്രദ്ധേയമാണ്.
വിവാഹം, ഗർഭധാരണം തുടങ്ങിയ കാര്യങ്ങളിൽ സാമൂഹികവും സാംസ്കാരികവുമായി നിലനിൽക്കുന്ന വ്യവസ്ഥകളിൽ നിന്ന് രക്ഷപ്പെടുക എന്നതാണ് മിക്ക പെൺകുട്ടികളും ലക്ഷ്യം വെയ്ക്കുന്നത്. പങ്കാളിയെ തിരഞ്ഞെടുക്കുന്നതിലും സ്വാതന്ത്ര്യത്തോടെ ജീവിക്കുന്നതിനുമുള്ള പരിമിതികളെ മറികടക്കുകയാണ് ലക്ഷ്യം. വിദേശത്തുള്ള പെൺകുട്ടികൾ ഇഷ്ടമുള്ള പങ്കാളിയെ തിരഞ്ഞെടുക്കുന്നതിൽ രക്ഷിതാക്കളും വലിയ എതിർപ്പ് പ്രകടിപ്പിക്കാറില്ല. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലുള്ള വിദ്യാർഥിനികളിൽ നിന്നാണ് കൂടുതലായും അഭിപ്രായം തേടിയത്. മധ്യവർഗ കുടുംബങ്ങളിൽ പെൺകുട്ടികളെ വിദേശത്തേക്ക് അയക്കാൻ മുൻകൈ എടുക്കാറുണ്ട്. വിദേശവിദ്യാഭ്യാസവും ജോലിയും സാമൂഹികനിലയിലുണ്ടാക്കുന്ന പുരോഗതിയാണ് അതിന് കാരണം.
കേരളീയ സമൂഹത്തിൽ ജീവിക്കേണ്ടി വരുമ്പോൾ തുടരേണ്ട ആശ്രിതത്വം മറികടക്കുക, കുടുംബം, ബന്ധുക്കൾ തുടങ്ങിയ നിരീക്ഷണങ്ങളിൽ നിന്ന് പുറത്ത് കടക്കുക തുടങ്ങി ഇഷ്ടമുള്ള വസ്ത്രമെങ്കിലും തിരഞ്ഞെടുക്കാനാകുക എന്ന ലക്ഷ്യവും മിക്കവർക്കുമുണ്ട്. അതായത് സ്ത്രീ എന്ന നിലയിലുള്ള സാധ്യതകൾ കണ്ടെത്താൻ വിദേശ വിദ്യാഭ്യാസം സഹായിക്കുമെന്ന് മിക്ക പെൺകുട്ടികളും കരുതുന്നു.
കേരളത്തിൽ നിന്ന് കുടിയേറിയ വിദ്യാർഥികളിൽ 54.4 ശതമാനവും പുരുഷന്മാരും 45.6 ശതമാനം സ്ത്രീകളുമാണെന്ന് സർവേ വെളിപ്പെടുത്തുന്നു. ശതമാനത്തോത് കുറവാണെങ്കിലും ആൺ, പെൺ ജനസംഖ്യയുടെ തോത് പരിശോധിക്കുമ്പോൾ സ്ത്രീകളുടെ എണ്ണമാണ് കൂടുതൽ . 2023 വരെ 2.5 ലക്ഷം വിദ്യാർഥികൾ കേരളത്തിൽ നിന്ന് വിദേശത്തേക്ക് കുടിയേറിയിട്ടുണ്ടെന്നാണ് കണക്കുകൾ.