വിവര സാങ്കേതിക മേഖലയില്‍ വനിതാ വിപ്ലവം: ഐ.ടി സ്ഥാപനങ്ങള്‍ പിടിച്ചടക്കി സ്ത്രീകള്‍

വിവര സാങ്കേതിക മേഖലയില്‍ വനിതാ വിപ്ലവം: ഐ.ടി സ്ഥാപനങ്ങള്‍ പിടിച്ചടക്കി സ്ത്രീകള്‍

സംസ്ഥാനത്തെ വിവിധ ഐ ടി പാര്‍ക്കുകളില്‍ 900 കമ്പനികളിലെ 1.2 ലക്ഷം ജീവനക്കാരില്‍ 50,000 വനിതകള്‍ പ്രവര്‍ത്തിക്കുന്നെന്നാണ് കണക്കുകള്‍
Updated on
2 min read

'സമൂഹം ഒരുപാട് മാറിയിരിക്കുന്നു. മുന്‍പായിരുന്നങ്കില്‍ ഇത്തരമൊരു വിഷയത്തെക്കുറിച്ച് നമ്മള്‍ ചിന്തിക്കുക പോലുമില്ല. കോര്‍പറേറ്റ് മേഖലയ്ക്ക് മാറ്റങ്ങള്‍ വന്നു. ആളുകളുടെ ചിന്തയിലും മാറ്റങ്ങളുണ്ടായി. മുന്നിലെ പ്രതിസന്ധികള്‍ തരണം ചെയ്ത് വരാന്‍ ഇന്നത്തെ സ്ത്രീകള്‍ക്ക് കഴിയുന്നുണ്ടെന്നതാണ് പ്രത്യേകത.' തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് ഉദ്യോഗസ്ഥ അര്‍ഷ മഹീന്ദ്രന്റേതാണ് ഈ വാക്കുകള്‍. പറയുന്നത് സംസ്ഥാനത്തെ ഐ ടി മേഖലയില്‍ വനിതാ മുന്നേറ്റത്തെക്കുറിച്ചാണ്.

900 കമ്പനികളിലെ 1.2 ലക്ഷം ജീവനക്കാരില്‍ 50,000 വനിതകള്‍ പ്രവര്‍ത്തിക്കുന്നെന്നാണ് കണക്കുകള്‍

സംസ്ഥാനത്തെ പല ഐ ടി സ്ഥാപനങ്ങളുടേയും നേതൃനിരയില്‍ നിന്ന് നയിക്കുന്നത് സ്ത്രീകളാണ്. കേരളത്തിലെ വ്യവസായങ്ങളുടെ നട്ടെല്ലായ മേഖലയില്‍ 50 ശതമാനം ജീവനക്കാരും സ്ത്രീകളാണെന്നാണ് കണക്കുകള്‍. ഉന്നത പദവികളിലെ വനിത പ്രഫഷണലുകളുടെ എണ്ണം കുതിച്ചുയരുന്നതായാണ് ഐ ടി വകുപ്പില്‍ നിന്നുള്ള വിവരങ്ങള്‍ വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ വിവിധ ഐ ടി പാര്‍ക്കുകളില്‍ 900 കമ്പനികളിലെ 1.2 ലക്ഷം ജീവനക്കാരില്‍ 50,000 വനിതകള്‍ പ്രവര്‍ത്തിക്കുന്നെന്നാണ് കണക്കുകള്‍. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍ പല ഐടി സ്ഥാപനങ്ങളുടെയും നട്ടെല്ല് സ്ത്രീകളാണ്. താഴേത്തട്ടിലെ പ്രവർത്തനങ്ങള്‍ മുതല്‍ കമ്പനിയെ നയിക്കുന്ന തീരുമാനങ്ങള്‍ വരെ സ്ത്രീകളുടെ കൈകളിലാണ്.

തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ജീവനക്കാരുടെ എണ്ണത്തില്‍ കൂടുതലും സ്ത്രീകളാണ്. ഐ ടി കമ്പനികള്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി വരുന്നതായാണ് കണ്ടുവരുന്നത്. വിപ്രോ പോലുള്ള കമ്പനികള്‍ കരിയര്‍ഗ്യാപ് വരുന്ന സ്ത്രീകളേയും പഠനം കഴിഞ്ഞ് ആറേഴ് വര്‍ഷം ജോലിയൊന്നുമാകാത്ത സ്ത്രീകളെയും മാത്രം ലക്ഷ്യം വെച്ച് അവരെ തിരഞ്ഞെടുത്ത് ജോലി നല്‍കുന്ന സ്ഥാപനങ്ങളാണ്. ടെക്നോപാർക്കിലെ ആര്‍എസ്ജിപി കണ്‍സണ്‍ട്ടിങ്ങിന്റെ ടെസ്റ്റ് എഞ്ചിനീയറായ അര്‍ഷ ദ ഫോര്‍ത്തിനോട് പറഞ്ഞു.

ഐ ടി വകുപ്പിന്റെ കണക്കനുസരിച്ച് തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ മാത്രം 45 ശതമാനവും വനിതാ തൊഴിലാളികളാണ്

സംസ്ഥാന ഐ ടി വകുപ്പിന്റെ കണക്കനുസരിച്ച് തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ മാത്രം 45 ശതമാനവും വനിതാ തൊഴിലാളികളാണ്. കൊച്ചിയിലെ ഇന്‍ഫോപാര്‍ക്കിലും കോഴിക്കോട്ടെ സൈബര്‍പാര്‍ക്കിലും ഇത് 40 ശതമാനമാണ്. സംസ്ഥാനത്തെ ഐ ടി പാര്‍ക്കുകളിലെ മൊത്തം ശരാശരി സ്ത്രീ തൊഴിലാളികള്‍ ഇതിലുള്‍പ്പെടുന്നു. സംസ്ഥാനത്ത് വിവിധ ഐ ടി മേഖലകളിലായി 42 ശതമാനം സ്ത്രീകളാണ് പ്രവര്‍ത്തിക്കുന്നത്. മൂന്ന് വര്‍ഷത്തിനിടെ ഉന്നത മാനേജ്മെന്റ് പദവികളിലുള്ള സ്ത്രീകളുടെ എണ്ണം 25-30% വര്‍ധിച്ചതായും വിവരങ്ങള്‍ സൂചിപ്പിക്കുന്നു. ഐ ടി മേഖലയിലെ സ്ത്രീകളുടെ ദേശീയ ശരാശരി 34% ആണ്.

2021ല്‍ ആഗോളതലത്തിലെ കണക്കുകള്‍ പ്രകാരം 31 ശതമാനമാണ് നേതൃസ്ഥാനത്തേയ്ക്ക് എത്തിയിട്ടുള്ളത്

2021ല്‍ ആഗോളതലത്തിലെ കണക്കുകള്‍ പ്രകാരം 31 ശതമാനമാണ് നേതൃസ്ഥാനത്തേയ്ക്ക് എത്തിയിട്ടുള്ളത്. 'സ്ത്രീകള്‍ ഒരു സ്ഥാപനത്തിന്റെ തലപ്പത്തെത്തിയാല്‍ അത് മറ്റുള്ള സ്ത്രീകള്‍ക്ക് കൂടി പ്രചോദനം നല്‍കും. ആഗോള തലത്തില്‍ നോക്കുകയാണെങ്കില്‍ ഒറാക്കിളിന്റെ സിഇഒ സാഫ്രാ ക്യാറ്റ്‌സ് ഒരു സ്ത്രീയാണ്. യൂട്യൂബിന്റെ സിഇഒ സൂസന്‍ വൊജസ്‌കി, ഗൂഗിളിന്റെ സീനിയര്‍ ഡയറക്ടര്‍ എലിസബത്ത് ചര്‍ച്ചില്‍ എന്നിവരും ലോകശ്രദ്ധ നേടിയവരാണ്. ടോപ് ലെവല്‍ മാനേജ്‌മെന്റില്‍ സ്ത്രീകള്‍ എത്തിയാല്‍ അത് കമ്പനികളുടെ പ്രവര്‍ത്തനത്തെ സ്വാധീനിക്കും. കമ്പനിയുടെ ലക്ഷ്യങ്ങള്‍ക്കൊപ്പം ജീവനക്കാരുടെ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാനും സ്ത്രീകള്‍ കുറച്ച് കൂടുതല്‍ ശ്രദ്ധ ചെലുത്തും'. അര്‍ഷ പറഞ്ഞു.

logo
The Fourth
www.thefourthnews.in