കേരള ഹൈക്കോടതി
കേരള ഹൈക്കോടതി

സ്ത്രീയുടെ നഗ്നശരീരം എപ്പോഴും ലൈംഗികമോ അശ്ലീലമോ ആയി കണക്കാക്കരുതെന്ന് ഹൈക്കോടതി

ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്കെതിരെയുള്ള പോക്സോ കേസ് റദ്ദാക്കിയ ഉത്തരവിലാണ് കോടതിയുടെ നിർണായക നിരീക്ഷണങ്ങളുള്ളത്
Updated on
2 min read

സ്ത്രീയുടെ നഗ്നമായ മുകൾഭാഗം കാണുന്നതും നഗ്നശരീരം ചിത്രീകരിക്കുന്നതും എപ്പോഴും അശ്ലീലമോ ലൈംഗികതയോ ആണെന്ന് വിശേഷിപ്പിക്കാനാവില്ലെന്നും സന്ദർഭത്തിനനുസരിച്ച് മാത്രമേ അത്തരത്തിൽ നിർണയിക്കാൻ കഴിയുവെന്നും ഹൈക്കോടതി. ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്കെതിരെയുള്ള പോക്സോ കേസ് റദ്ദാക്കിയ ഉത്തരവിലാണ് കോടതിയുടെ നിർണായക നിരീക്ഷണങ്ങളുള്ളത്. നഗ്നതയെ ലൈംഗികതയുമായി ബന്ധപ്പെടുത്തരുതെന്ന് സുപ്രീംകോടതിയുടെ മുൻ വിധികളുണ്ട്.

Attachment
PDF
204400004332022_6 (2).pdf
Preview

സ്ത്രീ ശരീരത്തെക്കുറിച്ചുള്ള പുരുഷാധിപത്യ സങ്കല്പങ്ങളെ വെല്ലുവിളിക്കാനും മക്കൾക്ക് ശരിയായ ലൈംഗിക വിദ്യാഭ്യാസം നൽകാനുമാണ് വീഡിയോ നിർമിച്ചതെന്ന രഹനയുടെ വാദം കണക്കാക്കുമ്പോൾ വീഡിയോ അശ്ലീലമായി കാണാനാകില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. 2012ലെ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളിൽ നിന്നുള്ള സംരക്ഷണ നിയമം (പോക്‌സോ), 2000ലെ ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട് സെക്ഷൻ 67 ബി (ഡി), ജുവനൈൽ ജസ്റ്റിസ് (കെയർ) സെക്ഷൻ 75 എന്നിവ പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയിരുന്നത്.

നഗ്നശരീരങ്ങളെ സാധാരണ രീതിയിൽ കാണണമെന്ന ആശയം ബോധവത്കരിക്കുന്നതിനായി ഒരു അമ്മ തന്റെ ശരീരം ഒരു ക്യാൻവാസാക്കി മക്കളെ ചിത്രീകരിക്കാൻ അനുവദിക്കുന്നതിൽ തെറ്റില്ല.
കേരള ഹൈക്കോടതി

പുരുഷന്റെ ശരീരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വളരെ അപൂർവമായി മാത്രമേ സമൂഹത്തിൽ ചോദ്യംചെയ്യപ്പെടുന്നുള്ളൂ, അതേസമയം, സ്ത്രീകളുടെ ശരീരം പുരുഷാധിപത്യ സമൂഹത്തിൽ നിരന്തരമായ ഭീഷണിയിലാണെന്നാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് നിരീക്ഷിച്ചത്. സ്ത്രീകളെ ഭീഷണിപ്പെടുത്തുകയും, വിവേചനം കാണിക്കുകയും, ഒറ്റപ്പെടുത്തുകയും, അവരുടെ ശരീരത്തെയും ജീവിതത്തെയും കുറിച്ച് തീരുമാനങ്ങൾ എടുക്കുമ്പോൾ പലപ്പോഴും നിയമ നടപടിക്ക് വിധേയരാകുകയും ചെയ്യേണ്ടി വരുന്നു. നഗ്നശരീരങ്ങളെ സാധാരണ രീതിയിൽ കാണണമെന്ന ആശയം ബോധവത്കരിക്കുന്നതിനായി ഒരു അമ്മ തന്റെ ശരീരം ഒരു ക്യാൻവാസാക്കി മക്കളെ ചിത്രീകരിക്കാൻ അനുവദിക്കുന്നതിൽ തെറ്റില്ല. അമ്മയുടെ ശരീരഭാഗത്ത് സ്വന്തം മക്കൾ വരയ്ക്കുന്നത് ലൈംഗിക പ്രവൃത്തിയായി ചിത്രീകരിക്കാൻ കഴിയില്ല, ലൈംഗിക സംതൃപ്തിയോ ലൈംഗിക ഉദ്ദേശ്യത്തോടെയോ ചെയ്തതാണെന്ന് പറയാൻ കഴിയില്ല. കുട്ടികളെ അശ്ലീല ചിത്രങ്ങൾക്കായി ഉപയോഗിച്ചുവെന്ന് പറയാനാവില്ലെന്നും കോടതി വ്യക്തമാക്കി.

കേരള ഹൈക്കോടതി
പോക്സോ കേസ്: രഹന ഫാത്തിമയ്ക്കെതിരെയുള്ള നടപടികൾ റദ്ദാക്കി ഹൈക്കോടതി

നഗ്നതയെ അശ്ലീലമോ അധാർമികമോ ആയി തരംതിരിക്കുന്നത് തെറ്റാണ്. കീഴ് ജാതിക്കാരായ സ്ത്രീകൾ മാറുമറയ്ക്കാനുള്ല അവകാശത്തിനായി ഒരുകാലത്ത് പോരാടിയിരുന്ന സംസ്ഥാനമാണിത്. രാജ്യത്തുടനീളമുള്ള പുരാതന ക്ഷേത്രങ്ങളിൽ അർദ്ധനഗ്നമായി പ്രദർശിപ്പിച്ചിരിക്കുന്ന ചുവർചിത്രങ്ങളും പ്രതിമകളും കലകളും നമുക്കുണ്ട്. പൊതു ഇടങ്ങളിൽ സൗജന്യമായി ലഭിക്കുന്ന അത്തരം നഗ്ന ശില്പങ്ങളും ചിത്രങ്ങളും കലയായി, വിശുദ്ധമായി പോലും കണക്കാക്കപ്പെടുന്നു. എല്ലാ ദേവതകളുടെയും വിഗ്രഹങ്ങൾ നഗ്നമായ നെഞ്ചോടെയാണെങ്കിലും ക്ഷേത്രത്തിൽ പ്രാർഥിക്കുമ്പോൾ, വികാരം ലൈംഗികതയല്ല, ദൈവികതയാണെന്ന ഹർജിക്കാരിയുടെ വാദവും കോടതി അംഗീകരിച്ചു

എല്ലാ ദേവതകളുടെയും വിഗ്രഹങ്ങൾ നഗ്നമായ നെഞ്ചോടെയാണെങ്കിലും ക്ഷേത്രത്തിൽ പ്രാർഥിക്കുമ്പോൾ, വികാരം ലൈംഗികതയല്ല, ദൈവികതയാണെന്ന ഹർജിക്കാരിയുടെ വാദവും കോടതി അംഗീകരിച്ചു

സ്ത്രീകളിലും പുരുഷന്മാരിലുമുള്ള നഗ്നതയെ വ്യത്യസ്തമായി പരിഗണിക്കുന്ന തരത്തിൽ സമൂഹത്തിൽ നിലനിൽക്കുന്ന 'ഇരട്ടത്താപ്പിനേയും കോടതി വിമർശിച്ചു. തൃശൂരിലെ 'പുലികളി' ഉത്സവങ്ങളിൽ പുരുഷന്മാരിൽ ബോഡി പെയിന്റിങ് നടത്തുന്നു. ക്ഷേത്രത്തിൽ തെയ്യവും മറ്റ് ആചാരങ്ങളും നടത്തുമ്പോൾ പുരുഷ കലാകാരന്മാരുടെ ദേഹത്ത് ചിത്രരചന നടത്താറുണ്ട്. പുരുഷശരീരം സിക്സ് പാക്ക് അബ്സ്, ബൈസെപ്സ് തുടങ്ങിയ രൂപങ്ങളിലാണ് പ്രദർശിപ്പിക്കുന്നത്. ഷർട്ട് ധരിക്കാതെ നടക്കുന്ന പുരുഷന്മാരെ നമ്മൾ പലപ്പോഴും കാണാറുണ്ട്. എന്നാൽ ഈ പ്രവൃത്തികൾ ഒരിക്കലും അശ്ലീലമായി കണക്കാക്കില്ല. ഒരു പുരുഷന്റെ അർദ്ധനഗ്ന ശരീരം ലൈംഗികതയുമായി ബന്ധിപ്പിക്കാതെ സാധാരണമായി സങ്കൽപ്പിക്കുമ്പോൾ, സ്ത്രീ ശരീരത്തെ അതേ രീതിയിൽ പരിഗണിക്കുന്നില്ല. സ്ത്രീ നഗ്നത നിഷിദ്ധമാണെന്നാണ് കാഴ്ചപ്പാട്. കാരണം നഗ്നമായ സ്ത്രീ ശരീരം ലൈംഗിക ആവശ്യങ്ങൾക്ക് വേണ്ടി മാത്രമുള്ളതാണ്. സമൂഹത്തിൽ നിലനിൽക്കുന്ന ഈ ഇരട്ടത്താപ്പ് തുറന്നുകാട്ടുക എന്നതായിരുന്നു വീഡിയോ ഉണ്ടാക്കി അപ്‌ലോഡ് ചെയ്യുന്നതിലെ ഹർജിക്കാരിയുടെ ഉദ്ദേശ്യമെന്നും കോടതി ചൂണ്ടിക്കാട്ടി.

പൊതുവെയുള്ള ലൈംഗിക കാഴ്ചപ്പാടിനെതിരെ പ്രതിഷേധിക്കാൻ നിർമിച്ച ഒരു വീഡിയോയാണത്. നഗ്നതയുടെ അത്തരം ചിത്രീകരണം നിയമപരമായി അശ്ലീലമോ അസഭ്യമോ ആക്കില്ല. ഇത് വിവേകമുള്ള ഒരു മനുഷ്യന്റെ മനസിൽ ലൈംഗികത പ്രകടമാക്കുന്ന ഒന്നല്ലെന്നുമാണ് കോടതിയുടെ നിരീക്ഷണം. ചെറിയ കുഞ്ഞുങ്ങളുടെ ചുണ്ടുകളിലും ഹൃദയങ്ങളിലും ദൈവത്തിന്റെ സ്ഥാനമാണ് അമ്മയ്ക്ക്. അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം ഭൂമിയിലെ ഏറ്റവും ഗൗരവമേറിയതും ഭക്തിയുള്ളതുമായ ബന്ധമാണ്. അതിലും ശക്തമായ ഒരു ബന്ധവുമില്ല. അമ്മയും കുഞ്ഞും തമ്മിലുള്ള ആത്മാർഥതയേക്കാൾ വലിയ ആത്മാർഥതയുമില്ല. മാതൃത്വത്തിന്റെ സാരാംശം ശുദ്ധവും ശാന്തവുമായ സ്നേഹമാണെന്നും കോടതി ഉത്തരവിൽ പറയുന്നു.

logo
The Fourth
www.thefourthnews.in