അഞ്ച് മാസം, ആറ് ആക്രമണങ്ങള്‍; സ്ത്രീ സുരക്ഷ ചോദ്യ ചിഹ്നമാകുന്ന തലസ്ഥാനം

അഞ്ച് മാസം, ആറ് ആക്രമണങ്ങള്‍; സ്ത്രീ സുരക്ഷ ചോദ്യ ചിഹ്നമാകുന്ന തലസ്ഥാനം

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ നിരന്തരമായി തുടരുമ്പോള്‍ സര്‍ക്കാരും പോലീസും പ്രതിരോധത്തിലാണ്
Updated on
2 min read

ബജറ്റില്‍ ഉള്‍പ്പെടെ കോടികള്‍ വകയിരുത്തുമ്പോഴും കേരളത്തിലെ തലസ്ഥാന നഗരത്തില്‍ ഉള്‍പ്പെടെ സ്ത്രീ സുരക്ഷ ചോദ്യ ചിഹ്നമാകുന്നു. കഴിഞ്ഞ അഞ്ച് മാസത്തിനിടെ തിരുവനന്തപുരം സിറ്റിയില്‍ മാത്രം ആറോളം അതിക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. തനിച്ച് പുറത്തിറങ്ങുന്ന സ്ത്രീകള്‍ക്ക് നിരത്തില്‍ ഇരുട്ട് വീണാല്‍ എന്ത് സുരക്ഷയാണ് ഉള്ളത് എന്ന ആശങ്കയാണ് ഈ സംഭവങ്ങള്‍ ഉയര്‍ത്തുന്നത്.

ഭരണ സിരാകേന്ദ്രത്തില്‍ പോലീസ് സ്‌റ്റേഷനുകള്‍ക്ക് മീറ്ററുകള്‍ മാത്രം അകലത്തില്‍ അക്രമികള്‍ പതിയിരിക്കുന്നു എന്നാണ് പല സംഭവങ്ങളും ചൂണ്ടിക്കാട്ടുന്നത്. തിരുവനന്തപുരം മ്യൂസിയത്തിന് സമീപം കനക നഗറില്‍ ബൈക്കിലെത്തിയ അക്രമികള്‍ യുവതിയെ ആക്രമിച്ചത് ഇതില്‍ ഒടുവിലത്തെ ഉദാഹരണം മാത്രമാണ്. ഇത്തരം സംഭവങ്ങളില്‍ പരാതി നല്‍കുന്ന മുറയ്ക്കുള്ള അന്വേഷണം എന്നതിനപ്പുറം സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ പോലീസ് എന്താണ് ചെയ്യുന്നതെന്നാണ് ഉയരുന്ന ചോദ്യം.

അഞ്ച് മാസം, ആറ് ആക്രമണങ്ങള്‍; സ്ത്രീ സുരക്ഷ ചോദ്യ ചിഹ്നമാകുന്ന തലസ്ഥാനം
സ്ത്രീ സുരക്ഷയ്ക്ക് 14 കോടി; ശിശുക്ഷേമത്തിനും വിവിധ പദ്ധതികൾ

2022 ഒക്ടോബര്‍ 26നാണ് വിവാദ സംഭവങ്ങളുടെ തുടക്കം. പ്രഭാത നടത്തത്തിനിറങ്ങിയ വനിതാ ഡോക്ടറാണ് അതിക്രമത്തിനിരയായത്. മ്യൂസിയം പോലീസ് സ്‌റ്റേഷന് തൊട്ടടുത്ത് കോര്‍പ്പറേഷന് മുന്‍വശത്തെ മ്യൂസിയത്തിന്റെ ഗേറ്റിന് സമീപത്ത് വെച്ചാണ് ആക്രമണമുണ്ടായത്. അന്ന് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിയുടെ രേഖാചിത്രം തയ്യാറാക്കിയാണ് മ്യൂസിയം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. മന്ത്രി റോഷി അഗസ്റ്റിന്റെ പിഎസ്സിന്റെ ഡ്രൈവറായ സന്തോഷായിരുന്നു അക്രമി. ഇതേ രേഖാചിത്രത്തിന്റെ അടിസ്ഥാനത്തിലാണ് കുറുവന്‍കോണത്ത് വീട്ടില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ച കേസിലും സന്തോഷ് തന്നെയാണ് പ്രതിയെന്ന് പോലീസ് തിരിച്ചറിഞ്ഞത്.

അഞ്ച് മാസം, ആറ് ആക്രമണങ്ങള്‍; സ്ത്രീ സുരക്ഷ ചോദ്യ ചിഹ്നമാകുന്ന തലസ്ഥാനം
തിരുവനന്തപുരം മ്യൂസിയത്തിന് സമീപം സ്ത്രീക്ക് നേരെ വീണ്ടും ആക്രമണം

വനിതാ ഡോക്ടര്‍ക്ക് നേരെ അതിക്രമം നടന്ന് ഒരു മാസം തികയും മുന്‍പേ തലസ്ഥാന നഗരിയില്‍ വീണ്ടും യുവതി ആക്രമിക്കപ്പെട്ടു. നവംബര്‍ 24ന് വഞ്ചിയൂര്‍ കോടതിക്ക് സമീപം പ്രഭാത സവാരിക്കിടെയായിരുന്നു അതിക്രമം. കേസില്‍ കരുതം സ്വദേശി ശ്രീജിത്തിനെയാണ് പൊലീസ് പിടികൂടിയത്. സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിക്ക് മുമ്പിലുള്ള ഇടവഴിയിലൂടെ നടന്നുവരികയായിരുന്ന യുവതിക്ക് പിന്നാലെ സ്‌കൂട്ടറില്‍ എത്തി ആക്രമിക്കുകയായിരുന്നു. പിടിവലിക്കിടെ യുവതി നിലത്തുവീഴുകയും പരിക്കേല്‍ക്കുകയും ചെയ്തു. യുവതി നിലവിളിച്ചതോടെ സമീപത്തെ വീടുകളില്‍ നിന്ന് ആളുകള്‍ എത്തുകയായിരുന്നു.

പോലീസിന്റെ മൂക്കിന്‍ തുമ്പില്‍ ചുരുങ്ങിയ മാസത്തിനിടെ സ്ത്രീകള്‍ക്ക് നേരെ ഇത്രയേറെ അതിക്രമങ്ങള്‍ ഉണ്ടായിട്ടും ക്രമസമാധാനം ഉറപ്പാക്കേണ്ടവര്‍ ഇപ്പോഴും ഉറക്കമുണര്‍ന്നിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് ഏറ്റവുമൊടുവില്‍ ഇന്നലെയുണ്ടായ സംഭവം

കഴിഞ്ഞ നവംബര്‍ 26 ന് കവടിയാര്‍ പണ്ഡിറ്റ് കോളനിയിലെ യുവധാര ലൈനില്‍ സിവില്‍ സര്‍വീസ് കോച്ചിംഗ് കഴിഞ്ഞ് ഹോസ്റ്റലിലേക്ക് മടങ്ങുകയായിരുന്ന യുവതിയും ആക്രമിക്കപ്പെട്ടു. ബൈക്കിലെത്തിയ യുവാവായിരുന്നു ആക്രമിച്ചത്.

ജനുവരി 31ന് സുഹൃത്തിനൊപ്പം സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന യുവതിക്ക് നേരെയും അതിക്രമമുണ്ടായി. കേസില്‍ പേയാട് സ്വദേശി മനുവാണ് പിടിയിലായത്.

പോലീസിന്റെ മൂക്കിന്‍ തുമ്പില്‍ ചുരുങ്ങിയ മാസത്തിനിടെ സ്ത്രീകള്‍ക്ക് നേരെ ഇത്രയേറെ അതിക്രമങ്ങള്‍ ഉണ്ടായിട്ടും ക്രമസമാധാനം ഉറപ്പാക്കേണ്ടവര്‍ ഇപ്പോഴും ഉറക്കമുണര്‍ന്നിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് ഏറ്റവുമൊടുവില്‍ ഇന്നലെയുണ്ടായ സംഭവം. മ്യൂസിയം പോലീസ് സ്‌റ്റേഷന് മുന്നില്‍ വച്ചാണ് രാത്രി 11.45ഓടെ ബൈക്കിലെത്തിയ രണ്ടംഗ സംഘം യുവതിയെ ആക്രമിച്ചത്. തടഞ്ഞു നിര്‍ത്തി മാല തട്ടിപ്പറിക്കാനായിരുന്നു ശ്രമം. ഇതിനിടയില്‍ യുവതിയുടെ കഴുത്തിനും മുഖത്തും പരിക്കുപറ്റി. സംഭവത്തില്‍ ലൈഗീകാതിക്രമം നടത്തിയതിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തലസ്ഥാന നഗരത്തില്‍ തന്നെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ നിരന്തരമായി തുടരുമ്പോള്‍ സര്‍ക്കാരും പോലീസും പ്രതിരോധത്തിലാണ്. ഷാഡോ പോലീസിനെ ഇറക്കാമെന്നും ക്യാമറകള്‍ നന്നാക്കാമെന്നുമൊക്കെയുള്ള പ്രഖ്യാപനങ്ങള്‍ വാഗ്ദാനം മാത്രമായി ഒതുങ്ങിയെന്നാണ് സമീപകാല സംഭവങ്ങള്‍ വ്യക്തമാക്കുന്നത്.

logo
The Fourth
www.thefourthnews.in