ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: ലക്ഷ്യം പൂര്‍ണമാകണെങ്കില്‍ 360 ഡിഗ്രി സമീപനം വേണം, സ്ത്രീകളുടെ ശബ്ദം അവഗണിക്കപ്പെടരുത്; മുഖ്യമന്ത്രിക്ക് തുറന്ന കത്ത്
മലയാള സിനിമയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഭീമ ഹര്‍ജി. ദേശീയ-സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക - സാഹിത്യ - മാധ്യമ രംഗത്തെ പ്രമുഖരാണ് മുഖ്യമന്ത്രി പിണറായി വിജയന് ഭീമ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹേമ കമ്മിറ്റി രൂപീകരണത്തിന്റെ ലക്ഷ്യം പൂര്‍ണമായി ഫലവത്താകണമെങ്കില്‍ അതില്‍ എല്ലാ തരത്തിലുമുള്ള നടപടികള്‍ ആവശ്യമാണെന്നാണ് തുറന്ന കത്തിലൂടെ സാംസ്‌കാരിക സാമൂഹ്യ മേഖലയിലെ പ്രമുഖരുടെ കൂട്ടായ്മ ആവശ്യപ്പെടുന്നത്.
അഭിഭാഷകരായ ഇന്ദിര ജയ്സിങ്, അഡ്വ. വൃന്ദ ഗ്രോവര്‍, എഴുത്തുകാരാരായ അരുന്ധതി റോയ്, സാറ ജോസഫ്, എന്‍ എസ് മാധവന്‍, ടി ജെ എസ് ജോര്‍ജ്, കെ സച്ചിദാനന്ദന്‍, അഭിനേതാക്കളായ അപര്‍ണ സെന്‍, പ്രകാശ് രാജ്, സ്വര ഭാസ്‌കര്‍, സുഷാന്ത് സിങ്, ഗായിക ചിന്മയി ശ്രീപദ, കര്‍ണാടക സംഗീതജ്ഞന്‍ ടിഎം കൃഷ്ണ എന്നിവരുള്‍പ്പെടെ തുറന്ന കത്തിനെ പിന്തുണച്ചിട്ടുണ്ട്.
ഹേമാകമ്മിറ്റിയുടെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത് വൈകിച്ചത് ദൗര്‍ഭാഗ്യകരമാണ്. റിപ്പോര്‍ട്ട് കൊണ്ട് കൃത്യമായ ഫലമുണ്ടാകണമെങ്കില്‍ സിനിമയിലെ സ്ത്രീകള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന പിന്തുണ ലഭിച്ചേ മതിയാകൂ. ഇക്കാര്യത്തില്‍ ചില ആശങ്കകള്‍ ബാക്കിയാകുന്നുണ്ട്. റിപ്പോര്‍ട്ടിലെ ലൈംഗിക അത്രിക്രമങ്ങളുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ക്ക് മാത്രമാണ് സംസ്ഥാന സര്‍ക്കാരും മാധ്യമങ്ങളും പ്രാധാന്യം നല്‍കിയത്.
സിനിമാ മേഖലയിലെ തൊഴില്‍ സാഹചര്യങ്ങള്‍, കരാറിന്റെ അഭാവം, ലിംഗ വേതന വ്യത്യാസം എന്നിവയൊന്നും ചര്‍ച്ചയായില്ല. റിപ്പോര്‍ട്ട് പുറത്തു വന്നതിന് ശേഷം സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ ഏക നടപടി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതാണ്. ഇതോടെ മാധ്യമ ചര്‍ച്ചകള്‍ ലൈംഗിക അതിക്രമങ്ങളെക്കുറിച്ചുള്ളവയായി മാത്രം ഹേമകമ്മിറ്റി റിപ്പോര്‍ട്ടിനെയും ഏതാണ്ട് മാറ്റിക്കഴിഞ്ഞു.
സംസാരിക്കാന്‍ തയാറായതുകൊണ്ട് മാത്രം ഒരു സ്ത്രീയും എതിര്‍പ്പ് നേരിടേണ്ടി വരരുത്. അത്തരം അനുഭവമുണ്ടായ സ്ത്രീകളെ സര്‍ക്കാര്‍ സഹായിക്കണം. നീണ്ട നിയമയുദ്ധത്തിന് തയാറാകാത്ത സ്ത്രീകളെ വേട്ടയാടുന്ന നിലപാട് സ്വീകരിക്കരുതെന്ന് സമൂഹത്തേയും മാദ്ധ്യമങ്ങളേയും ബോധവല്‍ക്കരിക്കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങണം എന്നും കത്ത് ചൂണ്ടിക്കാട്ടുന്നു.
റിപ്പോര്‍ട്ട് പൂര്‍ണ അര്‍ഥത്തില്‍ ഫലം കാണാന്‍ പീഡനത്തിനെതിരെ സന്ധിയില്ലാത്ത കര്‍ശനമായ നിലപാട് (സീറോ ടോളറന്‍സ് പോളിസി) സ്വീകരിക്കുക, സിനിമാ സെറ്റുകളില്‍ ടോയ്‌ലറ്റ് സൗകര്യമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുക, വേതനവും തൊഴില്‍ നിബന്ധനകളും കൃത്യമായി അടങ്ങുന്ന കരാര്‍ നിര്‍ബന്ധമാക്കുക, മെച്ചപ്പെട്ട വേതനം ഉറപ്പിക്കുക, വേതനത്തിലെ വിവേചനം ഇല്ലാതാക്കുക എന്നിവയടക്കമുള്ള ആവശ്യങ്ങള്‍ നടപ്പാക്കണം എന്നും തുറന്ന കത്ത് ആവശ്യപ്പെടുന്നു.
ഹേമാ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയ വിവിധ പ്രശ്‌നങ്ങളും ഡബ്ല്യൂസിസി വര്‍ഷങ്ങളായി പറഞ്ഞുവരുന്ന വിഷയങ്ങളും അടിസ്ഥാനപ്പെടുത്തി, പ്രശ്‌ന പരിഹാര നടപടിയെന്ന നിലയില്‍ കേരള സര്‍ക്കാര്‍ ഒരു നയ രൂപീകരണമോ നിയമ നിര്‍മ്മാണമോ അടിയന്തരമായി നടത്തേണ്ടത് അനിവാര്യമാണെന്നും കത്ത് ചൂണ്ടിക്കാട്ടുന്നു.