അനന്തപുരം ക്ഷേത്രത്തിലെ അത്ഭുത മുതല ബബിയ ഇനിയില്ല
കേരളത്തിലെ ഏക തടാക ക്ഷേത്രമായ കാസർഗോഡ് അനന്തപുരം അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ അത്ഭുത മുതല ബബിയ മരിച്ചു. ഇന്നലെ രാത്രിയാണ് മുതല മരിച്ചതായി സ്ഥിരീകരിച്ചത്. ദീർഘകാലമായി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്ന മുതലയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. 75 വയസിലധികം പ്രായമുള്ള മുതലയെ കാണാൻ പല സ്ഥലത്തുനിന്നും ജനങ്ങൾ ക്ഷേത്രത്തിലെത്തിയിരുന്നു. ക്ഷേത്രക്കുളത്തിലെ ഗുഹയിൽ കഴിഞ്ഞിരുന്ന മുതലയെക്കുറിച്ച് പറഞ്ഞുകേൾക്കുന്നൊരു കഥയുണ്ട് .
1945ല്‍ ക്ഷേത്രത്തിലുണ്ടായിരുന്ന ബബിയ എന്നുതന്നെ പേരുള്ള മുതലയെ ഒരു ബ്രിട്ടിഷ് സൈനികന്‍ വെടിവച്ചുകൊന്നെന്നും ദിവസങ്ങള്‍ക്കുള്ളില്‍ മറ്റൊരു മുതല ക്ഷേത്രക്കുളത്തില്‍ പ്രത്യക്ഷപ്പെട്ടെന്നുമാണ് വിശ്വാസം. പൂർണമായും സസ്യാഹാരിയായ ബബിയയുടെ ആഹാരം, പ്രഭാതപൂജയ്ക്കും ഉച്ചപൂജയ്ക്കും ശേഷമുള്ള നിവേദ്യമായിരുന്നു. തിരുവനന്തപുരത്തെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ മൂലസ്ഥാനമാണ് അനന്തപത്മനാഭ സ്വാമി ക്ഷേത്രമെന്നാണ് വിശ്വാസം.
മുതലയ്ക്കുള്ള നിവേദ്യം ഇവിടത്തെ പ്രധാന വഴിപാടാണ്. പൂജയ്ക്കുശേഷം നിവേദ്യം പൂജാരി കുളത്തിലെത്തി മുതലയ്ക്ക് കൊടുക്കുകയായിരുന്നു പതിവ്. പേരുവിളിച്ചാൽ അനുസരണയോടെ കുളത്തിൽ നിന്നും പൊങ്ങിവന്ന് ഭക്ഷണം കഴിക്കുന്ന ബബിയ എല്ലാവർക്കും വിസ്മയമായിരുന്നു. ഇടയ്ക്ക് കരയിലും അമ്പലനടയിലും പോലും എത്താറുള്ള ബബിയ ആരെയും ഉപദ്രവിക്കാറില്ല എന്നതും കൗതുകമായിരുന്നു.
ക്ഷേത്ര പരിസരത്ത് മൊബൈൽ മോർച്ചറിയിൽ പൊതുദർശനത്തിന് വച്ച മുതലയുടെ ശരീരം കാണാൻ നാട്ടുകാരും വിശ്വാസികളും എത്തി. ആചാരപ്രകാരമുള്ള കർമ്മങ്ങളോടെയാണ് ബബിയയുടെ സംസ്കാരം