അധ്യാപക സംഘടനകള്‍ക്ക് വഴങ്ങി വിദ്യാഭ്യാസ വകുപ്പ്; അധ്യയന ദിവസം 205 തന്നെ, സ്‌കൂളുകള്‍  മാര്‍ച്ച് 31ന് അടയ്ക്കും

അധ്യാപക സംഘടനകള്‍ക്ക് വഴങ്ങി വിദ്യാഭ്യാസ വകുപ്പ്; അധ്യയന ദിവസം 205 തന്നെ, സ്‌കൂളുകള്‍ മാര്‍ച്ച് 31ന് അടയ്ക്കും

വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസില്‍ ചേര്‍ന്ന അധ്യാപക സംഘടനകളുടെ യോഗത്തിലാണ് തീരുമാനം
Updated on
1 min read

അധ്യയന വര്‍ഷത്തില്‍ 210 പ്രവര്‍ത്തി ദിവസങ്ങളെന്ന പ്രഖ്യാപനത്തില്‍ നിന്നും പിന്‍വലിഞ്ഞ് വിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവൃത്തി ദിവസം 210 ല്‍ നിന്ന് 205 ആക്കാമെന്നാണ് പുതിയ തീരുമാനം. മധ്യവേനലവധി ഏപ്രില്‍ ആറ് മുതലെന്ന പ്രഖ്യാപനത്തിലും മാറ്റമുണ്ട്. മാര്‍ച്ച് 31 ന് തന്നെയായിരിക്കും മധ്യവേനലവധി തുടങ്ങുക. വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസില്‍ അധ്യാപക സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഈ അധ്യയന വര്‍ഷത്തില്‍ 13 ശനിയാഴ്ചകള്‍ പ്രവൃത്തി ദിനങ്ങളായി തുടരും.

ഭരണാനുകൂല സംഘടനയായ കെഎസ്ടിഎ അടക്കം പ്രവൃത്തി ദിവസങ്ങളുടെ കാര്യത്തില്‍ സര്‍ക്കാരില്‍ വിമര്‍ശനമുന്നയിച്ചിരുന്നു. തിരുവനന്തപുരം മലയന്‍കീഴ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടന വേദിയിലായിരുന്നു പ്രവൃത്തി ദിവസവും മധ്യവേനലവധിയും സംബന്ധിച്ച വിദ്യാഭ്യാസ മന്ത്രിയുടെ പുതിയ പ്രഖ്യാപനം.

എന്നാലിത് കൂടിയാലോചനകള്‍ ഇല്ലാതെ സ്വീകരിച്ച തീരുമാനമാണെന്നായിരുന്നു ഭരണ-പ്രതിപക്ഷ അധ്യാപക സംഘടനകളുടെ ആരോപണം. ഇതിനെതിരെ പ്രതിഷേധവുമായി അധ്യാപക സംഘടനകള്‍ രംഗത്ത് വരികയും ചെയ്തു. ഇതോടെയാണ് മുന്‍നിലപാടില്‍ നിന്ന് പിന്നോട്ട് പോകാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കിയത്.

അതേസമയം മുഴുവന്‍ ശനിയാഴ്ചകളും അധ്യയന ദിവസങ്ങളാണ് എന്ന പ്രചാരണം ശരിയല്ലെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. അധ്യയന വര്‍ഷത്തിലെ ആകെയുള്ള 52 ശനിയാഴ്ചകളില്‍ 13 ശനിയാഴ്ചകള്‍ മാത്രമാണ് പ്രവൃത്തി ദിനമായി നിശ്ചയിച്ചിട്ടുള്ളത്. നിലവിലെ നിയമങ്ങളും കോടതി വിധികളും ആഴ്ചയില്‍ 5 പ്രവൃത്തി ദിനങ്ങള്‍ വേണം എന്ന് നിര്‍ദ്ദേശിച്ചിട്ടുള്ള പശ്ചാത്തലത്തിലാണ് 5 ദിവസം അധ്യയന ദിനങ്ങള്‍ ലഭിക്കാത്ത ആഴ്ചകളില്‍ ശനിയാഴ്ച പഠന ദിവസമാക്കിയിട്ടുള്ളതെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്.

2022-23 അക്കാദമിക വര്‍ഷത്തില്‍ ആദ്യം 198 അധ്യയന ദിനങ്ങളാണ് വിദ്യാഭ്യാസ കലണ്ടറില്‍ ഉണ്ടായിരുന്നത്. പിന്നീട് 4 ശനിയാഴ്ചകള്‍ കൂടി ഉള്‍പ്പെടുത്തി 202 അധ്യയന ദിനങ്ങാക്കി മാറ്റുകയായിരുന്നു. 2023-24 അക്കാദമിക വര്‍ഷത്തില്‍ 192 അധ്യയന ദിനങ്ങളും 13 ശനിയാഴ്ചകളും ചേര്‍ന്ന് 205 അധ്യയന ദിനങ്ങള്‍ ആണ് ഉണ്ടാകുക.

logo
The Fourth
www.thefourthnews.in