അതിരുവിട്ട്  ലോകകപ്പ് ആഘോഷം; കണ്ണൂരില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റു, കൊച്ചിയിലും തിരുവനന്തപുരത്തും പോലീസുകാരെ ആക്രമിച്ചു

അതിരുവിട്ട് ലോകകപ്പ് ആഘോഷം; കണ്ണൂരില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റു, കൊച്ചിയിലും തിരുവനന്തപുരത്തും പോലീസുകാരെ ആക്രമിച്ചു

കൊച്ചിയില്‍ പോലീസ് ഉദ്യോഗസ്ഥനെ റോഡിലൂടെ വലിച്ചിഴച്ചു
Updated on
1 min read

സംസ്ഥാനത്ത് പലയിടത്തും അതിരുവിട്ട ലോകകപ്പ് ആഘോഷങ്ങള്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. കണ്ണൂര്‍ പള്ളിയാന്‍മൂലയിലാണ് വിജയഘോഷത്തിനിടെ സംഘര്‍ഷമുണ്ടായത്. മൂന്ന് പേര്‍ക്ക് വെട്ടേറ്റു. പരുക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.

അനുരാഗ്, ആദര്‍ശ്, അലക്‌സ് ആന്റണി എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇതില്‍ അനുരാഗിന്റെ നിലയാണ് ഗുരുതരം. തിങ്കളാഴ്ച പുലര്‍ച്ചെ 12.40 ഓടെയായിരുന്നു സംഭവം. ഫ്രാന്‍സ്- അര്‍ജന്റീന മത്സരത്തിന് പിന്നാലെ ഫ്രാന്‍സ് ആരാധകരെ ഒരുസംഘം കളിയാക്കുകിയതാണ് വാക്കേറ്റത്തിലും പിന്നീട് സംഘര്‍ഷത്തിലും കലാശിച്ചത്. സംഭവത്തില്‍ ആറുപേരെ കസ്റ്റഡിയില്‍ എടുത്തു. ലോകകപ്പ് മത്സരത്തില്‍ ബ്രസീല്‍ തോറ്റപ്പോഴും ഇതേ സ്ഥലത്ത് സമാനമായ രീതിയില്‍ സംഘര്‍ഷമുണ്ടായിരുന്നു. എന്നാല്‍ ആര്‍ക്കും പരിക്കേറ്റിരുന്നില്ല.

സംഘര്‍ഷത്തിലുള്‍പ്പെട്ടവര്‍ ലഹരി ഉപയോഘിച്ചിരുന്നോ എന്ന കാര്യവും പോലീസ് അന്വേഷിച്ചു വരികയാണ്.

കണ്ണൂരിന് പുറമെ, തിരുവനന്തപുരത്തും ലോകകപ്പ് ആഘോഷത്തിനിടെ സംഘര്‍ഷം ഉണ്ടായി. പൊഴിയൂരിലുണ്ടായ സംഘര്‍ഷത്തില്‍ പോലീസുകാരന് പരുക്കേറ്റു. പൊഴിയൂര്‍ എസ്ഐ എസ് സജിക്ക് നേരെയാണ് അക്രമമുണ്ടായത്. എസ്ഐക്ക് കൈക്കും, തലയ്ക്കും പരുക്കുണ്ട്. ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

കൊച്ചി കലൂരിലും പോലീസുകാര്‍ക്ക് നേരെ കയ്യേറ്റമുണ്ടായി. കലൂര്‍ മെട്രോ സ്റ്റേഷന് മുന്നിലായിരുന്നു സംഘര്‍ഷം. സ്റ്റേഡിയം പരിസരത്ത് നിന്ന് വന്നവരാണ് ആക്രമണം നടത്തിയത്. പോലീസ് ഉദ്യോഗസ്ഥനെ കാലില്‍ പിടിച്ച് റോഡിലൂടെ വലിച്ചിഴച്ച ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നു. കൊല്ലം കൊട്ടാരക്കര പൂവറ്റൂരിലും സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇതിനിടെ, കൊല്ലത്ത് വിജയാഘോഷത്തിനിടെ 16കാരൻ കുഴഞ്ഞുവീണ് മരിച്ചു. കോട്ടയ്ക്കകം സ്വദേശികളായ അജയ്-സീനാ ദമ്പതികളുടെ മകന്‍ അക്ഷയ് ആണ് മരിച്ചത്. കടുത്ത അർജന്റീന ആരാധകനായിരുന്ന അക്ഷയ്, വിജയാഘോഷത്തിനൊപ്പം പോകുമ്പോൾ തളര്‍ന്ന് വീഴുകയായിരുന്നു. ഉടൻ കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

logo
The Fourth
www.thefourthnews.in