'വിവാദങ്ങളിൽപ്പെടുന്നവർ എസ്എഫ്ഐ നേതൃത്വത്തിൽ എത്തുന്നു, ആത്മവിമർശനം നടത്തണം'; തട്ടിയും തലോടിയും ബെന്യാമിൻ

'വിവാദങ്ങളിൽപ്പെടുന്നവർ എസ്എഫ്ഐ നേതൃത്വത്തിൽ എത്തുന്നു, ആത്മവിമർശനം നടത്തണം'; തട്ടിയും തലോടിയും ബെന്യാമിൻ

അപൂർവം ചില തെറ്റുകൾ തലകുനിച്ച് സമ്മതിക്കണമെന്നും ബെന്യാമിൻ
Updated on
2 min read

എസ് എഫ് ഐ നേതൃത്വത്തെ പരോക്ഷമായി വിമര്‍ശിച്ച് എഴുത്തുകാരന്‍ ബെന്യാമിന്‍. വിവാദങ്ങളില്‍പ്പെടുന്നവര്‍ എസ്എഫ്ഐയുടെ ഭാരവാഹിത്വത്തിലേക്ക് കടന്നുവരുന്നത് എങ്ങനെയെന്ന് സംഘടന പരിശോധിക്കണം. ഇക്കാര്യത്തില്‍ ആത്മവിമര്‍ശനം നടത്തണമെന്നും ബെന്യാമിന്‍ കണ്ണൂരില്‍ പറഞ്ഞു. എസ്എഫ്ഐ കണ്ണൂർ ജില്ലാ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു ബെന്യാമിൻ.

വിവാദങ്ങൾ പലതാണെന്നും, അപൂർവം ചിലതൊക്കെ ശരിയായ വിവാദങ്ങൾ ആണെന്നുള്ളത് നമ്മൾ തലകുനിച്ച് സമ്മതിക്കേണ്ടിയിരിക്കുന്നു എന്നും പറഞ്ഞ ബെന്യാമിൻ അത്തരം വ്യക്തികൾ എങ്ങനെ എസ്എഫ്ഐ അംഗത്വം നേടുന്നു എന്നതും, ഭാരവാഹിത്വത്തിലേക്കെത്തുന്നു എന്നതും ഒരോരുത്തരം ആത്മ വിമർശനം നടത്തേണ്ടതുണ്ടെന്നും പറയുന്നു.

"ഒരുകാലത്തും എസ്എഫ്ഐയുടെ പ്രധാനപ്പെട്ട ചിന്താ പദ്ധതികളുടെ ഭാഗമല്ല ഏതെങ്കിലും കോളേജ് യൂണിയൻ്റെ ഭരണം പിടിക്കുക എന്നുള്ളത്. കേരളത്തിലെ എല്ലാ യൂണിയനുകളും പിടിച്ചാൽ പോലും അതല്ല നമ്മുടെ യഥാർത്ഥ ലക്ഷ്യം എന്ന ബോധ്യം എല്ലാ കാലത്തും നമ്മുടെ ഉള്ളിൽ ഉണ്ടാവേണ്ടതുണ്ട്.. അതിലും മഹത്തായ ആശയങ്ങൾ ഓരോ വിദ്യാർഥിയുടെയും ഉള്ളിലെത്തിക്കുക എന്ന മഹത്തായ ദൗത്യമാണ് ഓരോ എസ്എഫ്ഐ പ്രവർത്തകന്റെയും മുന്നിലുള്ളത്." അദ്ദേഹം പറഞ്ഞു.

സൂക്ഷ്മതയോടെ രാഷ്ട്രീയത്തിൽ ഇടപെടേണ്ട കാലം കൂടിയാണ് ഇതെന്ന് തിരിച്ചറിയണമെന്നും, ഇത്തരത്തിലുള്ള ഒരു ജില്ലാ സമ്മേളനം നടക്കുമ്പോൾ ആത്മാർത്ഥമായ സ്വയം വിമർശനങ്ങൾ കൂടി നടത്തേണ്ടതുണ്ടെന്ന് താൻ കരുതുന്നു എന്നും അദ്ദേഹം പറഞ്ഞു.

'വിവാദങ്ങളിൽപ്പെടുന്നവർ എസ്എഫ്ഐ നേതൃത്വത്തിൽ എത്തുന്നു, ആത്മവിമർശനം നടത്തണം'; തട്ടിയും തലോടിയും ബെന്യാമിൻ
'ഇത്രേ ഒള്ളൂ', വെറും പത്ത് വരിയിൽ ആടുജീവിതം കഥയെഴുതി എൽപി സ്‌കൂൾ വിദ്യാർഥിനി; നോട്ട്ബുക്ക് പേജ് പങ്കുവെച്ച് ബെന്യാമിൻ

പ്രസംഗത്തിലെ പ്രസക്തഭാഗങ്ങൾ

പുതിയ കാലത്ത് തങ്ങൾ മോദി ഭക്തരാണെന്നും വർഗീയവാദികളാണെന്നും സംഘിയാണെന്നും സമ്മതിക്കാൻ മടിയുള്ള ചിലരുടെ പുതിയ വീരവാദത്തിൻ്റെ പേരാണ് പഴയ എസ്എഫ്ഐ എന്നു പറയുന്നത്. ഞാൻ അത്തരക്കാരെ കുറിച്ചല്ല പറയുന്നത്. എന്നും പ്രസ്ഥാനത്തിൽ നിശബ്ദ സാന്നിധ്യമായി തുടരുന്ന,ലോകത്തിൻറെ ഏത് കോണിലേക്ക് ഉപജീവനത്തിനായ് പോയാൽപോലും പ്രസ്ഥാനത്തിൻറെ ഭാഗമായിരുന്നു എന്ന് അഭിമാനത്തോടെ കരുതുന്ന, പ്രസ്ഥാനത്തെ കാരണങ്ങൾ ഇല്ലാതെ സ്നേഹിക്കുന്ന, അചഞ്ചലമായ കമ്മ്യൂണിസ്റ്റ് വിശ്വാസം ഇപ്പോഴും തുടരുന്ന ആയിരക്കണക്കിന് മനുഷ്യരെ കുറിച്ചാണ് ഞാൻ പറയുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പോകുമ്പോൾ അത്തരം മനുഷ്യരിലുള്ള പ്രസ്ഥാനത്തോട് ഇപ്പോഴുമുള്ള കൂറ് ഞാൻ കണ്ടിട്ടുണ്ട്.

എസ്എഫ്ഐ എല്ലാ കാലത്തുംമൂന്നു കാര്യങ്ങളിൽ കലാലയങ്ങളിൽ ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്. ഒന്ന് ക്യാമ്പസുകളിലേക്ക് ജാതി-വർഗീയ സംഘടനകൾ കടന്നുവരുന്നത് തടയുന്നതിൽ എസ്എഫ്ഐയുടെ വലിയ ശ്രദ്ധയുണ്ടായിട്ടുണ്ട്. രണ്ട് മദ്യം മയക്കുമരുന്ന് തുടങ്ങിയ ലഹരി വസ്തുക്കളുടെ കടന്നുകയറ്റത്തിനെതിരെ വലിയ പ്രതിരോധം കലാലയങ്ങൾക്കുള്ളിൽ സംഘടിപ്പിച്ചത് എസ്എഫ്ഐയാണ്. മൂന്ന് റാഗിനെതിരെ വലിയ പോരാട്ടങ്ങളും പ്രചരണ പ്രവർത്തനങ്ങളും അവബോധനങ്ങളും നടത്തിയത് എ.എസ് എഫ് ഐ ആണ്. പണ്ട് എസ്എഫ്ഐ ശക്തമായിരുന്ന ഒരു ക്യാമ്പസിലും റാഗിംഗ് ഉണ്ടായിരുന്നില്ല എന്നത് നാം ഓർക്കണം.

എസ്എഫ്‌ഐ കണ്ണൂര്‍ ജില്ലാ സമ്മേളനം പിണറായി കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു ബെന്യാമിൻ. ജില്ലാ പ്രസിഡന്റ് സി വി വിഷ്ണു പ്രസാദ് അധ്യക്ഷനായി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ, പ്രസിഡന്റ് കെ അനുശ്രീ, ഇ അഫ്സൽ, വി വിചിത്ര, വൈഷ്ണവ് മഹേന്ദ്രന്‍, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്, സംഘാടക സമിതി ചെയര്‍മാന്‍ കെ ശശിധരൻ തുടങ്ങിയവരും സംസാരിച്ചു.

logo
The Fourth
www.thefourthnews.in