ലൈംഗിക പീഡന കേസ്:സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം

ലൈംഗിക പീഡന കേസ്:സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം

അപ്പീല്‍ നല്‍കുമെന്ന് പരാതിക്കാരി
Updated on
1 min read

എഴുത്തുകാരനും സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായ സിവിക് ചന്ദ്രന് ലൈംഗിക പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യം.കോഴിക്കോട് ജില്ലാ കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.അധ്യാപികയും എഴുത്തുകാരിയുമായ ദളിത് യുവതിയെ ഒരു പുസ്തക പ്രകാശനത്തിന്റെ ഭാഗമായി കോഴിക്കോട് എത്തിയപ്പോള്‍ സിവിക് ചന്ദ്രന്‍ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പരാതി.ഉപാധികളില്ലാതെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.പ്രതിക്കെതിരെ മതിയായ തെളിവില്ലെന്നും പട്ടികജാതി സംരക്ഷണ നിയമം നിലനില്‍ക്കില്ലെന്നും കോടതി നിരീക്ഷിച്ചു.അതേസമയം വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് പരാതിക്കാരി അറിയിച്ചു.

സിവിക് ചന്ദ്രന്‍ അഡ്മിനായ ഒരു വാട്ട്‌സാപ്പ് ഗ്രൂപ്പിലൂടെയാണ് പരാതിക്കാരി പീഡന വിവരം വെളിപ്പെടുത്തിയത്.ബലാത്സംഗം,സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയായിരുന്നു പോലീസ് സിവികിനെതിരെ കേസെടുത്തത്.അന്വേഷണം തുടങ്ങിയതോടെ ഇയാള്‍ ഒളിവില്‍ പോയി.കോഴിക്കോട് വെസ്റ്റ്ഹില്ലിലുള്ള വീട്ടില്‍ അന്വേഷണസംഘം പല തവണ എത്തിയെങ്കിലും കണ്ടെത്താനായില്ല.ഫോണും സ്വിച്ച് ഓഫായിരുന്നു.പോലീസിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അയല്‍സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയിരുന്നു.

എസ്.സി-എസ്.ടി ആക്ട് പ്രകാരം പ്രതിക്കെതിരേയുള്ള കുറ്റം നിലനില്‍ക്കുമെന്നും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം.മറ്റൊരു യുവ എഴുത്തുകാരിയും സിവിക് ചന്ദ്രനെതിരെ ലൈംഗികപീഡന ആരോപണവുമായി രംഗത്ത് വന്നിരുന്നു.ഇതും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.ദളിതര്‍ക്ക് വേണ്ടി പൊതുസമൂഹത്തില്‍ സംസാരിക്കുന്ന ആളുടെ ഉള്ളിലിരുപ്പ് മറ്റൊന്നാണെന്നും ലൈംഗിക വൈകൃതമുള്ള പ്രതിക്ക് ജാമ്യം നല്‍കുന്നത് അപകടമാണെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

എന്നാല്‍ ഊന്നുവടിയില്ലാതെ നടക്കാന്‍ പോലുമാകാത്തയാളാണ് ആരോപണവിധേയനെന്നും പരാതിക്കാരി അംഗമായ സംഘം ആഭ്യന്തര സെല്ലിനെക്കൊണ്ട് ഇത് അന്വേഷിപ്പിച്ചതാണെന്നും പ്രതിഭാഗം വാദിച്ചു.വാട്ട്‌സാപ്പ് സന്ദേശങ്ങളും ഫോട്ടോകളും തെളിവായി പ്രതിഭാഗം ഹാജരാക്കിയിരുന്നു.2020ല്‍ കോഴിക്കോട് സ്വദേശിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലും സിവിക് ചന്ദ്രനെതിരെ കേസുണ്ട്.കൊയിലാണ്ടി പോലീസാണ് കേസെടുത്തത്.

logo
The Fourth
www.thefourthnews.in