എന്‍എസ് മാധവന്റെ ട്വീറ്റില്‍ നിന്നുള്ള ചിത്രങ്ങള്‍
എന്‍എസ് മാധവന്റെ ട്വീറ്റില്‍ നിന്നുള്ള ചിത്രങ്ങള്‍

'സവര്‍ണാഹന്തയുടെ മുഖത്തേറ്റ പ്രഹരം, മുമ്പ് അയ്യങ്കാളിയും ചെയ്തിട്ടുണ്ട്'; കവര്‍ചിത്ര വിവാദത്തില്‍ എന്‍എസ് മാധവന്‍

ഉണ്ണി ആറിനെ അഭിനന്ദിച്ചുകൊണ്ടായിരുന്നു ട്വീറ്റുകള്‍
Updated on
1 min read

ഉണ്ണി ആറിന്റെ പുതിയ പുസ്തകമായ മലയാളി മെമ്മോറിയലിന്റെ പുറംകവര്‍ വിവാദങ്ങളില്‍ എഴുത്തുകാരന് പിന്തുണയുമായി എന്‍എസ് മാധവന്‍. കവറിനെതിരെ ദളിത് ചിന്തകരുള്‍പ്പെടെ രംഗത്തെത്തിയതിന് പിന്നാലെയാണ് സാഹിത്യകാരന്‍ എന്‍എസ് മാധവന്റെ പ്രതികരണം. അയിത്തജാതിക്കാരന്‍ വൃത്തിയുള്ള വസ്ത്രം ധരിക്കുമ്പോള്‍ എന്തിനാണ് ഇത്തരം പ്രതികരണങ്ങള്‍ എന്നാണ് എന്‍ എസ് മാധവന്റെ ചോദ്യം. ട്വിറ്ററിലായിരുന്നു അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

അയിത്തജാതിക്കാരന്‍ വൃത്തിയുള്ള വസ്ത്രം ധരിക്കുമ്പോള്‍ എന്തിനാണ് ഇത്തരം പ്രതികരണങ്ങള്‍ എന്നാണ് എന്‍ എസ് മാധവന്‍ ഉയര്‍ത്തുന്ന ചോദ്യം

പുസ്തകത്തിന്റെ കവര്‍ ഏറെ ഇഷ്ടപ്പെട്ടു. ത്രീ പീസ് സ്യൂട്ട് ധരിച്ചിരുന്ന അംബേദ്കര്‍ക്ക് ഈ വേഷവും ഇഷ്ടപ്പെടും. 'തൊട്ടുകൂടാത്തവര്‍ വൃത്തിയുള്ള വസ്ത്രം ധരിക്കുകയാണെങ്കില്‍' എന്ന് അംബേദ്കര്‍ കവിതയില്‍ എഴുതിയിട്ടുണ്ട്. 'അയിത്തജാതിക്കാരന്‍ വൃത്തിയുള്ള വസ്ത്രം ധരിക്കുമ്പോള്‍ എന്തിനാണ് ക്രൂരത? എന്തുകൊണ്ടാണ് ഇത് ഒരു ഹിന്ദുവിനെ വേദനിപ്പിക്കുന്നത്?. കേരളത്തിലെ സവര്‍ണരുടെ അഹങ്കാരത്തിന്റെ ഉദാഹരണമായിരുന്നു ശിരോവസ്ത്രവും കമ്മലും. മരണഭയം ഇല്ലാത്ത ദളിതര്‍ക്ക് മാത്രമായിരുന്നു അത് ധരിക്കാന്‍ ധൈര്യപ്പെട്ടത്. അതിനെ വെല്ലുവിളിച്ച വ്യക്തിയാണ് മഹാത്മാ അയ്യങ്കാളി, അംബേദ്ക്കറെ പോലെ' . എന്നാണ് അയ്യങ്കാളിയുടെ പ്രതികരണം. എഴുത്തുകാരന്‍ ഉണ്ണി ആറിനെ അഭിനന്ദിച്ചുകൊണ്ടായിരുന്നു ട്വീറ്റുകള്‍.

അതേസമയം, കവര്‍ വിവാദത്തെ തള്ളിക്കൊണ്ട് എഴുത്തുകാരന്‍ ഉണ്ണി ആര്‍ നേരത്തെ ദ ഫോര്‍ത്തിനോട് പ്രതികരിച്ചിരുന്നു. അടിസ്ഥാനരഹിതമായ വിമര്‍ശനങ്ങള്‍ ഈ കാലത്ത് സര്‍വ്വ സാധാരണമാണ്. അത്തരം വിമര്‍ശനങ്ങളോട് ഒരു തരം സംഭാഷണവും സാധ്യമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കഥ വായിക്കാതെ ആ ചിത്രത്തെ മാത്രം കണ്ടു കൊണ്ട് ഹാലിളകുന്നത് ജനാധിപത്യപരമല്ല. ഇങ്ങനെ ഹാലിളകുന്നവരുടെ മാനസികാവസ്ഥയാണ് എം എഫ് ഹുസൈനെ ഇന്ത്യയില്‍ നിന്ന് ഓടിച്ചത്. ഇവരാണ് റുഷ്ദിയെ കൊല്ലാന്‍ ശ്രമിക്കുന്നത്. നിങ്ങള്‍ ചോദിച്ച പോലെ ഇത്തരം പ്രതികരണങ്ങള്‍ കഥയെക്കുറിച്ചുള്ള സാര്‍ത്ഥക ചര്‍ച്ചകള്‍ മുന്നേ തന്നെ ഇല്ലാതാക്കും.

മലയാളി മെമ്മോറിയല്‍ എന്ന തന്റെ കഥ മുന്നോട്ട് വെക്കുന്നത് ഉയര്‍ന്ന ജാതിക്കാരനായ ഒരു ചെറുപ്പക്കാരന്റെ ജാതി ഉത്ക്കണ്ഠയാണ്. അംബേദ്ക്കറിനെ ഉന്മൂലനം ചെയ്തു കൊണ്ട് (ജാതി ഉന്മൂലനമല്ല!) എങ്ങനെ ജീവിക്കാം എന്നാണ് അയാളുടെ ചിന്ത. അയാളുടെ മനസ്സിലെ അംബേദ്ക്കര്‍ ആണ് കവറിലെ അംബേദ്ക്കര്‍ എന്നും ഉണ്ണി ആര്‍ വിശദീകരിക്കുന്നു.

സന്തോഷ് നായര്‍ എന്ന ചെറുപ്പക്കാരന്‍ പ്രൈമറി ക്ലാസില്‍ പഠിക്കുമ്പോള്‍ അംബേദ്ക്കറായി വേഷമിട്ടതിന്റെ പേരില്‍ പരിഹസിക്കപ്പെടുന്നതാണ് മലയാളി മെമ്മോറിയല്‍ എന്ന കഥയുടെ പ്രമേയം. വ്യത്യസ്തമായ പുസ്തക കവറുകള്‍ സൃഷ്ടിച്ച് ശ്രദ്ധേയനായ സൈനുല്‍ ആബിദിന്റെതാണ് മലയാളി മെമ്മോറിയലിന്റെയും കവര്‍ ഡിസൈന്‍. ഡിസി ബുക്ക്‌സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.

logo
The Fourth
www.thefourthnews.in