ചെറുതോണി അണക്കെട്ടിലെ ഷട്ടറുകൾ തുറന്നപ്പോൾ
ചെറുതോണി അണക്കെട്ടിലെ ഷട്ടറുകൾ തുറന്നപ്പോൾ

ഇടുക്കിയുടെ അഞ്ച് ഷട്ടറും തുറന്നു; ചെറുതോണിയില്‍ വീടുകളില്‍ വെള്ളം കയറി

മുല്ലപ്പെരിയാറിലും കൂടുതല്‍ വെള്ളം പുറത്തേക്കൊഴുക്കുന്നു
Updated on
2 min read

ജലനിരപ്പ് ഉയർന്നതോടെ ഇടുക്കി അണക്കെട്ട് പൂർണമായും തുറന്നു. അഞ്ച് ഷട്ടറുകളും തുറന്നതോടെ സെക്കന്റില്‍ മൂന്ന് ലക്ഷം ലിറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ചെറുതോണി പുഴയുടെ തീരത്തെ ജനവാസമേഖലയില്‍ വെള്ളം കയറി. തടിയമ്പാട് ചപ്പാത്ത് മുങ്ങി. മുല്ലപ്പെരിയാറില്‍ നിന്നും കൂടുതല്‍ വെള്ളം തുറന്നുവിടാന്‍ തുടങ്ങി.

കുടുതല്‍ വെള്ളം തുറന്നുവിടുന്ന പശ്ചാത്തലത്തില്‍ ചെറുതോണി മുതല്‍ പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.

ജലനിരപ്പ് ഉയർന്നതോടെ പത്തനംതിട്ട പമ്പ ഡാമും തുറന്നു. രണ്ട് ഷട്ടറുകള്‍ 60 സെ.മീറ്ററാണ് ഉയർത്തിയത്. സെക്കന്റില്‍ 25,000 മുതല്‍ 50,000 ലിറ്റർ വരെ വെള്ളം പുറത്തേക്ക് ഒഴുക്കുന്നു. പമ്പ ഡാമിലെ ജലനിരപ്പ് 984.50 മീറ്റർ പിന്നിട്ടിരുന്നു. പമ്പ നദിയിലെ ജലനിരപ്പ് 20 മുതല്‍ 40 സെ.മീറ്റർ വരെ വർധിച്ചേക്കും.

അതേസമയം, മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകളും കൂടുതല്‍ ഉയർത്തി. ബാണാസുര സാഗറും, കക്കി-ആനത്തോട് ഡാമും തുറന്നു. സംസ്ഥാനത്ത് മഴയ്ക്ക് ശമനമുണ്ടെങ്കിലും ജലനിരപ്പ് ഉയരുന്നതിനാലാണ് ഡാമുകള്‍ തുറക്കുന്നത്. ശിരുവാണി ഡാം റിവ൪ സ്ലൂയിസ് ഷട്ട൪ 1.70 മീറ്ററാക്കി ഉയർത്തിയതായി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

ചെറുതോണി ഡാം തുറന്നിട്ട് ഒരു ദിവസം പിന്നിട്ടെങ്കിലും പെരിയാറിലും കൈവഴികളിലും നിലവിലെ ജലനിരപ്പില്‍ കാര്യമായ വ്യത്യാസം ഉണ്ടായിട്ടില്ല. നാളെയോടെ ഡാമില്‍ നിന്ന് ഒഴുക്കി വിടുന്ന വെള്ളത്തിന്റെ അളവ് അഞ്ച് ലക്ഷം ലിറ്ററാക്കി ഉയർത്തിയേക്കാനും സാധ്യതയുണ്ട്. ഇടമലയാറിന്റെ ഷട്ടർ നാളെ രാവിലെ 10 മണിക്ക് ഉയർത്തി 50,000 മുതല്‍ ഒരു ലക്ഷം ലിറ്റർ വരെ വെള്ളം പെരിയാറിലേക്കൊഴുക്കുമെന്ന് എറണാകുളം ജില്ല കളക്ടർ രേണുരാജ് അറിയിച്ചു.

ഇടുക്കി, ഇടമലയാർ ഡാമുകളില്‍ നിന്നുള്ള വെള്ളം എത്തുന്നതിനാല്‍ നാളെ ഉച്ചയോടെ പെരിയാറില്‍ ജലനിരപ്പ് നേരിയ തോതില്‍ ഉയർന്നേക്കാം. ഭൂതത്താന്‍ കെട്ട് അണക്കെട്ടിന് താഴേയ്ക്കുള്ള പെരിയാർ തീരങ്ങളിലൊന്നും നിലവില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടില്ല. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ് പ്രകാരം അടുത്ത മൂന്ന് ദിവസവും ജില്ലയില്‍ ഗ്രീന്‍ അലർട്ടാണ് . അതുകൊണ്ട് കൂടുതല്‍ വെള്ളം തുറന്നുവിട്ടാലും അപകടകരമാകും വിധം ജലനിരപ്പ് ഉയരാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍.

മത്സ്യബന്ധനത്തിന് നിരോധനം

കാലവര്‍ഷക്കെടുതിയുടെ രൂക്ഷതയ്ക്ക് ശമനമുണ്ടെങ്കിലും സംസ്ഥാനത്ത് ആകെ ഒറ്റപ്പെട്ടമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം തീവ്രമാകാന്‍ സാധ്യതയുണ്ടെന്നും കിഴക്കന്‍ മേഖലകളില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കേരള -ലക്ഷദ്വീപ് തീരങ്ങളില്‍ ബുധനാഴ്ച വരേയും കര്‍ണാടക തീരങ്ങളില്‍ വ്യാഴാഴ്ച വരെയും മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

വയനാട് ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.

കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ടുണ്ട്. വയനാട് ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. കോട്ടയം, ആലപ്പുഴ പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കില്ല. കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. ഇടുക്കി ജില്ലയിലെ ദേവികുളം, പീരുമേട് താലൂക്കുകളിലെയും ചിന്നക്കനാല്‍ ബൈസണ്‍വാലി പഞ്ചായത്തുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in