പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

'തൃശൂരില്‍ മരിച്ച യുവാവിന് മങ്കി പോക്സ്; വിദേശത്തുവച്ച്‌ രോഗം സ്ഥിരീകരിച്ചു'

യുഎഇയില്‍ നടത്തിയ പരിശോധനയുടെ ഫലം കുടുംബം ആശുപത്രി അധികൃതർക്ക് നല്‍കിയത് യുവാവിന്റെ മരണശേഷം
Updated on
1 min read

തൃശൂരില്‍ ഇന്നലെ മരിച്ച കുരഞ്ഞിയൂർ സ്വദേശിയായ യുവാവിന് വിദേശത്തുവച്ച് മങ്കിപോക്‌സ് സ്ഥിരീകരിച്ചിരുന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഇന്നലെ യുവാവ് മരിച്ചതിന് ശേഷമാണ് വിദേശത്ത് നിന്നുള്ള പരിശോധനാഫലം കുടുംബം ആശുപത്രി അധികൃതർക്ക് നല്‍കിയത്. മരണകാരണം മങ്കി പോക്സാണെന്ന് വ്യക്തമായതോടെ ആരോഗ്യവകുപ്പ് ജാഗ്രത വർധിപ്പിച്ചു. യുവാവിന്റെ റൂട്ട് മാപ്പ് തയ്യാറാക്കി. സമ്പർക്ക പട്ടികയിലുള്ളവർ നിരീക്ഷണത്തില്‍ പോകാനും നിർദേശമുണ്ട്.

മങ്കി പോക്സ് ലക്ഷണങ്ങളില്ലാതിരുന്ന യുവാവ് തൃശൂരിൽ ചികിത്സ തേടിയത് കടുത്ത ക്ഷീണവും മസ്തിഷ്ക ജ്വരവും മൂലമായിരുന്നു. 19-ാം തീയതി യുഎഇയില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥീരികരിച്ചത്. ജൂലൈ 21ന് കേരളത്തിലെത്തിയ യുവാവ് കുടുംബാംഗങ്ങൾക്കൊപ്പമാണ് കഴിഞ്ഞത്. എന്നാല്‍ ഇയാൾ ആശുപത്രിയിലെത്തിയത് 27നാണ്.

മരണത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് ഉന്നതതല സംഘത്തെ നിയമിക്കുമെന്നും കുരഞ്ഞിയൂരില്‍ മെഡിക്കല്‍ സംഘം ക്യാമ്പ് ചെയ്യുമെന്നും മന്ത്രി അറിയിച്ചു. എന്തുകൊണ്ട് ആശുപത്രിയിൽ ചികിത്സ തേടാൻ വൈകിയെന്നതടക്കമുള്ള കാര്യങ്ങൾ ഉന്നതതല സംഘം പരിശോധിക്കും. യുവാവിന്റെ സാമ്പിൾ ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in