പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

യുവതിയെയും കുഞ്ഞിനെയും പുറത്താക്കിയ സംഭവം; സംരക്ഷണം ഉറപ്പാക്കി സര്‍ക്കാര്‍

രണ്ട് മണിക്കൂര്‍ നീണ്ട അനുനയനീക്കത്തിലാണ് ഒത്തുതീര്‍പ്പ്
Updated on
1 min read

സ്ത്രീധന തര്‍ക്കത്തിന്റെ പേരില്‍ യുവതിയെയും കുഞ്ഞിനെയും ഭര്‍തൃവീട്ടില്‍ നിന്ന് ഇറക്കിവിട്ട സംഭവത്തില്‍ അമ്മയ്ക്കും കുഞ്ഞിനും സംരക്ഷണം ഉറപ്പാക്കി സര്‍ക്കാര്‍. കൊല്ലം കൊട്ടിയം തഴുത്തലയില്‍, ശ്രീനിലയത്തില്‍ അതുല്യയ്ക്കും മകനുമാണ് ഭര്‍തൃമാതാവില്‍ നിന്നും ദുരനുഭവമുണ്ടായത്. അമ്മയ്ക്കും കുഞ്ഞിനും മതിയായ സംരക്ഷണം ഉറപ്പ് വരുത്താന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വനിത ശിശുവികസന ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. അമ്മയ്ക്ക് സമ്മതമാണെങ്കില്‍ കുഞ്ഞിനേയും അമ്മയേയും സര്‍ക്കാര്‍ സംരക്ഷണത്തിലേക്ക് മാറ്റും. അതല്ലെങ്കില്‍ നിയമ സഹായവും പോലീസ് സഹായവും ഉറപ്പാക്കും. വനിത ശിശുവികസന ഉദ്യോഗസ്ഥരോട് അടിയന്തര നടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

വനിതാ കമ്മീഷനും പോലീസും ഇടപെട്ട് രണ്ട് മണിക്കൂറുകള്‍ നീണ്ട അനുനയനീക്കത്തിനൊടുവിലാണ് പ്രശ്നം ഒത്തുതീര്‍പ്പാക്കിയത് . ഭര്‍തൃമാതാവും അതുല്യയും കുഞ്ഞും ഒരുമിച്ച് വീട്ടില്‍ തന്നെ കഴിയാമെന്ന് സമ്മതിച്ചു. അതേ സമയം ഇതേ ഭര്‍തൃവീട്ടുകാര്‍ തന്നെ കൊല്ലാന്‍ ശ്രമിച്ചെന്നും വീട്ടില്‍ നിന്ന് ഇറക്കിവിട്ടെന്നും ആരോപിച്ച് അതുല്യയുടെ ഭര്‍തൃജേഷ്ഠന്റെ ഭാര്യ വിമിയും രംഗത്തെത്തിയിരുന്നു.

ഭര്‍തൃമാതാവ് സ്വര്‍ണവും പണവും കൈവശപ്പെടുത്തിയെന്നും വിമിയും അതുല്യയും ആരോപിക്കുന്നു. ചാത്തന്നൂര്‍ എസി പി യുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി. വിവരങ്ങള്‍ ശേഖരിച്ചു മുന്‍പ് ഉണ്ടായിട്ടുളള പരാതികളും പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു.

ഇന്നലെ വൈകിട്ടാണ് അതുല്യയെയും മകനെയും വീട്ടുകാര്‍ പുറത്താക്കിയത്. സ്‌കൂളില്‍ നിന്ന് വന്ന മകനെ വിളിക്കാനായി വീടിന്പുറത്തേക്കിറങ്ങിയപ്പോഴാണ് ഗേറ്റ് പൂട്ടി പുറത്താക്കിയതെന്ന് അതുല്യ പറഞ്ഞു. സ്ത്രീധന തര്‍ക്കമാണ് കാരണമെന്നാണ് ഇവരുടെ ആരോപണം.

വീടിന് പുറത്തെ സിറ്റൗട്ടിലാണ് യുവതിയും കുഞ്ഞും രാത്രിയില്‍ കിടന്നത്. ഇവരുടെ ഭര്‍ത്താവ് ജോലി സംബന്ധമായി അന്യസംസ്ഥാനത്താണ്. നിസ്സഹായവസ്ഥ കൊട്ടിയം പോലീസിനെ അറിയിച്ചിട്ടും ഇവര്‍ കൃത്യമായ ഇടപെടല്‍ നടത്തിയില്ലെന്നും അതുല്യ പറഞ്ഞു.

logo
The Fourth
www.thefourthnews.in