എകെജി സെന്റര്‍ ആക്രമണം: ജിതിന്‍ റിമാന്റില്‍; സ്ഫോടക വസ്തു എറിഞ്ഞത് ജീവഹാനി വരുത്തണമെന്ന ഉദ്ദേശ്യത്തോടെ
എകെജി സെന്റര്‍ ആക്രമണത്തില്‍ പിടിയിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിനെ കോടതി റിമാന്‍റ് ചെയ്തു. സ്ഫോടക വസ്തു എറിഞ്ഞത് ജീവഹാനി വരുത്തണമെന്ന ഉദ്ദേശ്യത്തോടെയെന്നാണ് റിമാന്‍റ് റിപ്പോർട്ട്. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
സ്‌ഫോടകവസ്തു എറിഞ്ഞത് താനാണെന്ന് ജിതിന്‍ കുറ്റസമ്മതം നടത്തിയെന്നാണ് ക്രൈംബ്രാഞ്ച് വൃക്തമാക്കിയിരുന്നത്. എന്നാല്‍ മജിസ്ട്രേറ്റിന് മുന്നില്‍ ജിതിന്‍ കുറ്റം നിഷേധിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് പ്രതിയുടെ അറസ്റ്റില്‍ നിര്‍ണായകമായത്. ഡിയോ സ്‌കൂട്ടര്‍ ജിതിന്റെ സുഹൃത്തിന്റേതാണെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. സ്‌ഫോടക വസ്തു നിയമ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഡിയോ സ്‌കൂട്ടര്‍ ജിതിന്റെ സുഹൃത്തിന്റേതാണെന്നാണ് ക്രൈംബ്രാഞ്ച്
തിരുവനന്തപുരം മണ്‍വിള സ്വദേശിയായ ജിതിനെ ഇന്ന് രാവിലെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റാണ് ജിതിന്‍. സംഭവം നടന്ന് രണ്ടരമാസത്തിന് ശേഷമാണ് കേസില്‍ ഒരാള്‍ പിടിയിലാവുന്നത്. ജൂണ്‍ 30ന് രാത്രി 11.25 ഓടെയായിരുന്ന എകെജി സെന്ററിനുനേരെ ആക്രമണമുണ്ടായത്.
സ്‌കൂട്ടറിലെത്തിയ അക്രമി എകെജി സെന്ററിന്റെ മുഖ്യകവാടത്തിനു സമീപത്തുള്ള ഹാളിന്റെ ഗേറ്റിലൂടെ സ്ഫോടക വസ്തു എറിയുകയായിരുന്നു. ഗേറ്റിന്റെ തൂണില്‍ തട്ടിയ സ്‌ഫോടക വസ്തു പൊട്ടിത്തെറിക്കുകയും ചെയ്തു. എകെജി സെന്റര്‍റിന് 25 മീറ്റര്‍ അകലെ 7 പൊലീസുകാര്‍ കാവല്‍നില്‍ക്കുമ്പോള്‍ കുന്നുകുഴി ഭാഗത്തുനിന്ന് സ്‌കൂട്ടറിലെത്തിയെ വ്യക്തിയാണ് സ്‌ഫോടക വസ്തു എറിഞ്ഞത്.