പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും

മര്‍ദിച്ചിട്ടില്ലെന്ന് പോലീസ്
Updated on
1 min read

വടകര പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഡി വൈ എസ് പി ആര്‍ ഹരിദാസനാണ് അന്വേഷണ ചുമതല. വാഹനാപകടവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത കല്ലേരി സ്വദേശി സജീവ(49)നാണ് മരിച്ചത്.

നടപടിക്രമം പൂര്‍ത്തിയാക്കി വിട്ടയച്ച ശേഷം പോലീസ് സ്റ്റേഷന് സമീപം സജീവ് കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പോലീസ് മര്‍ദനത്തെ തുടര്‍ന്നാണ് മരണമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

സജീവനും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചതിനെത്തുടര്‍ന്നാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. മദ്യപിച്ചിരുന്നതിനാലാണ് കസ്റ്റഡിയിലെടുത്തതെന്നാണ് പോലീസ് പറയുന്നത്. ചോദ്യം ചെയ്ത ശേഷം വിട്ടയച്ചെങ്കിലും പോലീസ് സ്റ്റേഷന് മുന്നില്‍ സജീവന്‍ കുഴഞ്ഞുവീഴുകയായിരുന്നു.

സ്റ്റേഷനിലെത്തിയയുടനെ എസ്ഐ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് സജീവന്‍റെ സുഹൃത്തുക്കള്‍ പറയുന്നത്. മദ്യപിച്ചിട്ടുണ്ടോ എന്ന എസ്ഐയുടെ ചോദ്യത്തിന് മറുപടി പറഞ്ഞത് സജീവനായിരുന്നു. മദ്യപിച്ചെന്ന് സമ്മതിച്ചതോടെ സജീവനെ മര്‍ദ്ദിച്ചു. തുടര്‍ന്ന് തങ്ങളെയും മര്‍ദ്ദിച്ചെന്നാണ് സുഹൃത്തുക്കളുടെ ആരോപണം.

അരമണിക്കൂറിനുള്ളില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങിയപ്പോള്‍ സജീവന്‍ സ്റ്റേഷന് മുന്നില്‍ കുഴഞ്ഞുവീണു. സ്റ്റേഷനുള്ളില്‍ വെച്ച് നെഞ്ച് വേദനിക്കുന്നുവെന്ന് സജീവന്‍ പറഞ്ഞെങ്കിലും പോലീസ് വകവെച്ചില്ലെന്നും സുഹൃത്തുക്കള്‍ ആരോപിക്കുന്നുണ്ട്. അതേസമയം, മര്‍ദ്ദിച്ചിട്ടില്ലെന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇവരെയുടനെ പുറത്തുവിട്ടുവെന്നുമാണ് പോലീസിന്‍റെ വിശദീകരണം.

logo
The Fourth
www.thefourthnews.in