ബ്രഹ്‌മപുരത്തെ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണത്തില്‍ പങ്കില്ലെന്ന് സോണ്ട ഇന്‍ഫ്രാടെക്
ബ്രഹ്‌മപുരത്തെ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണത്തില്‍ പങ്കില്ലെന്ന് മാലിന്യ സംസ്കരണത്തിന് കരാർ ലഭിച്ച സോണ്ട ഇന്‍ഫ്രാടെക്. കരാര്‍ പ്രകാരം ബയോ മൈനിങും ക്യാപ്പിങ് സംവിധാനം വഴി പഴയ മാലിന്യങ്ങളുടെ സംസ്‌കരണവും മാത്രമാണ് കമ്പനി ചെയ്യുന്നതെന്നും ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സോണ്ട ഇന്‍ഫ്രാടെക് വ്യക്തമാക്കി. വിഷപ്പുക കൊച്ചിയിലെ ജനജീവിതം ദുസഹമാക്കുന്നതിനിടെയാണ് വിശദീകരണവുമായി കമ്പനി രംഗത്തെത്തുന്നത്. ബ്രഹ്മപുരത്ത് നടന്നത് അട്ടിമറിയെന്നും കരാറുകർ മാലിന്യത്തിൽ തീയിടുകയായിരുന്നു എന്നുമുള്ള വാർത്തകളെല്ലാം കമ്പനി നിഷേധച്ചു. അതേസമയം സ്ഥലത്തെ സാഹചര്യം വിലയിരുത്താന്‍ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി ശനിയാഴ്ച ബ്രഹ്മപുരം പ്ലാന്റ് സന്ദര്‍ശിച്ചു.
കൊച്ചി കോര്‍പ്പറേഷനുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം ബയോ മൈനിങും ക്യാപ്പിങ് സംവിധാനം വഴി പഴയ മാലിന്യങ്ങളുടെ സംസ്‌കരണവും മാത്രമാണ് ബ്രഹ്മപുരത്ത് ചെയ്യുന്നതെന്നാണ് സോണ്ട ഇന്‍ഫ്രാടെക് വ്യക്തമാക്കുന്നത്. തീ പിടിത്തത്തിന് കാരണം മാലിന്യത്തില്‍ നിന്നുണ്ടായ മീഥേന്‍ വാതകവും അന്തരീക്ഷത്തലെ ഉയർന്ന ചൂടുമാണ്. തീ അണയ്ക്കുന്നതിനായി വിവിധ ഏജന്‍സികളുമായി കമ്പനി പൂർണമായും സഹകരിക്കുന്നുണ്ടെന്നും സോണ്ട ഇന്‍ഫ്രാടെക് അറിയിച്ചു. സോണ്ട ഇന്‍ഫ്രാടെകിനെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ മാധ്യമങ്ങളില്‍ വന്നതിനെത്തുടര്‍ന്നാണ് വിശദീകരണക്കുറിപ്പ് ഇറക്കിയതെന്നും കമ്പനി വ്യക്തമാക്കി.
അതേസമയം, തീപിടിത്തത്തെ തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി ഇന്ന് ബ്രഹ്‌മപുരം മാലിന്യ പ്ലാന്റ് സന്ദര്‍ശിച്ചു. തീപിടിത്തം സംബന്ധിച്ചും പ്ലാന്റിന്റെ പ്രവര്‍ത്തനം സംബന്ധിച്ചുമുള്ള സ്ഥിതിഗതികള്‍ വിലയിരുത്തിയ സമിതി അംഗങ്ങള്‍ യോഗം ചേര്‍ന്നു. വിശദമായ റിപ്പോര്‍ട്ട് സമിതി ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. ജില്ലാ കളക്ടര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് എഞ്ചിനീയര്‍, ശുചിത്വമിഷന്‍ ഡയറക്ടര്‍, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജോയിന്റ് ചീഫ് എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയര്‍, കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറി, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി എന്നിവരാണ് സമിതി അംഗങ്ങള്‍.
90% പുക അണയ്ക്കാന്‍ കഴിഞ്ഞതായി ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്
90% പുക അണയ്ക്കാന്‍ കഴിഞ്ഞതായി ജില്ലാ കളക്ടര്‍ എന്‍എസ്കെ ഉമേഷ് പറഞ്ഞു. എസ്‌കവേറ്ററുകളും ഫയര്‍ ആന്റ് റെസ്‌ക്യൂ ഉദ്യോഗസ്ഥരും കോര്‍പ്പറേഷന്‍ ജീവനക്കാരും സിവില്‍ ഡിഫന്‍സ് വൊളന്റിയര്‍മാരും ഊര്‍ജിതമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഏഴു സെക്ടറുകളില്‍ അഞ്ചിലെയും തീ പൂര്‍ണമായി അണച്ചെന്ന് കളക്ടര്‍ പറഞ്ഞു. ആഗോളതലത്തില്‍ തന്നെ അംഗീകരിച്ച തീയണയ്ക്കല്‍ രീതിയാണ് ബ്രഹ്‌മപുരത്ത് നടക്കുന്നതെന്നും അതുകൊണ്ട് ഇതേ രീതിയില്‍ പുക പൂര്‍ണമായി അണയ്ക്കാനാകുമെന്ന പൂര്‍ണ വിശ്വാസമുണ്ടെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു. പുകയണയ്ക്കാൻ നിലവിലെ രീതിയാണ് പ്രായോഗിക തലത്തിൽ മികച്ചതെന്ന് സർക്കാരിന്റെ വിദഗ്ധ സമിതിയും വിലയിരുത്തിയിട്ടുണ്ട്.