ഒരുതരി കനലായി രാധാകൃഷ്ണന്‍
കേരളത്തിലെ ഏതു മണ്ഡലത്തില്‍ മത്സരിപ്പിച്ചാലും വിജയസാധ്യതയുള്ള കരുത്തന്‍, കെ രാധാകൃഷ്ണന്‍ എന്ന മുതിര്‍ന്ന നേതാവിനെ ആലത്തൂരില്‍ ഇറക്കിയ സിപിഎമ്മിന് മുന്നില്‍ ഒരൊറ്റ ലക്ഷ്യം മാത്രമാണ് ഉണ്ടായിരുന്നത്, തങ്ങളുടെ കോട്ടയായിരുന്ന ആലത്തൂര്‍ മണ്ഡലം തിരിച്ചുപിടിക്കുക. 2019-ല്‍ നേരിട്ട അപ്രതീക്ഷിത തിരിച്ചടിക്ക് തക്കതായ മറുപടി നല്‍കുക. ഒടുവില്‍ രാധാകൃഷ്ണനിലൂടെ ആലത്തൂരിനെ വീണ്ടും ചുവപ്പണിയിച്ച് സിപിഎം ആ ലക്ഷ്യം സാധിച്ചു. 19587 വോട്ടുകള്‍ക്കാണ് ആലത്തൂരുകാര്‍ രാധാകൃഷ്ണനെ ന്യൂഡല്‍ഹിക്ക് അയക്കുന്നത്. 398818 വോട്ടുകള്‍ രാധാകൃഷ്ണന്‍ സ്വന്തമാക്കിയപ്പോള്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സിറ്റിങ് എംപിയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ രമ്യാ ഹരിദാസിന് 379231 വോട്ടുകള്‍ മാത്രമാണ് നേടാനായത്.
നഷ്ടപ്പെട്ടുപോയ ഇടതുകോട്ട തിരിച്ചുപിടിക്കാനായാണ് കെ രാധാകൃഷ്ണനെ രംഗത്തിറക്കിയതെങ്കിലും, പാര്‍ട്ടിക്കുള്ളിലും പുറത്തും ചര്‍ച്ചകള്‍ നടന്നത് രാധാകൃഷ്ണനെ ഒതുക്കാനായാണ് ലോക്‌സഭയിലേക്ക് മത്സരിപ്പിച്ചത് എന്നതായിരുന്നു. ഈ പ്രചാരണം യുഡിഎഫ് ശക്തമായി അഴിച്ചുവിടുകയും ചെയ്തു. രമ്യ ഹരിദാസിനെപ്പോലെ താരതമ്യേന ജൂനിയര്‍ ആയൊരു നേതാവിനെ നേരിടാന്‍ മന്ത്രിസഭയിലെ പ്രധാന മുഖത്ത തന്നെ ഇറക്കേണ്ടിയിരുന്നോ എന്ന ചോദ്യവും ഉയര്‍ന്നു. എന്നാല്‍, ജയം മാത്രമാണ് ലക്ഷ്യമൊന്നും ബാക്കിയെല്ലാം മാധ്യമസൃഷ്ടിയാണ് എന്നുമായിരുന്നു സിപിഎം നേതൃത്വത്തിന്റെ നിലപാട്.
2019-ല്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ മണ്ഡലമായിരുന്നു ആലത്തൂര്‍. യുഡിഎഫിന്റെ രമ്യ ഹരിദാസിന് എതിരെ സിപിഎം നേതാവ് എ വിജയരാഘവന്‍ നടത്തിയ അധിക്ഷേപ പരാമര്‍ശവും അതിനുപിന്നാലെയുണ്ടായ വിവാദങ്ങളും കേരളമാകെ കത്തിപ്പടര്‍ന്നു. മൂന്നാമൂഴം മുന്നില്‍ കണ്ടിറങ്ങിയ പികെ ബിജുവിനെ അടിതെറ്റിക്കാന്‍ തക്ക ശേഷി ഈ പരാമര്‍ശത്തിനുണ്ടായിരുന്നു. കുന്ദമഗംലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റില്‍ നിന്ന് കേരളമാകെ ശ്രദ്ധിക്കുന്ന നേതാവായി രമ്യ ഹരിദാസ് മാറി. പ്രസംഗത്തിനിടയില്‍ നടന്‍ പാട്ടുകളും മറ്റും പാടുന്ന രമ്യയുടെ ശൈലിയും ആലത്തൂരില്‍ വന്‍ തോതില്‍ സ്വീകരിക്കപ്പെട്ടു.
അത്തവണ കേരളത്തിലാകമാനം ആഞ്ഞടിച്ച യുഡിഎഫ് തരംഗത്തിനൊപ്പം ആലത്തൂരും ഇടതുപക്ഷത്തെ കൈവിട്ടു. പികെ ബിജുവിനെ തള്ളി ആലത്തൂരുകാര്‍ കോണ്‍ഗ്രസിന്റെ കൈ പിടിച്ചു. അതും ചെറിയ പരാജയമല്ല ബിജു നേരിട്ടത്. രമ്യ ഹരിദാസ് ഒന്നര ലക്ഷത്തിന്റെ ഭൂരിപക്ഷത്തോടെ പാട്ടും പാടി ജയിച്ചു. 52.4 ശതമാനം (533,815) വോട്ടുകളാണ് രമ്യ നേടിയത്. 27 വര്‍ഷത്തിന് ശേഷമാണ് ആലത്തൂരില്‍ ഇടത് പക്ഷം തോല്‍വി അറിഞ്ഞത്. 3,74,847 വോട്ടാണ് പികെ ബിജുവിന് ലഭിച്ചത്. ബിഡിജെഎസിന്റെ ടി വി ബാബുവായിരുന്നു എന്‍ഡിഎ സ്ഥാനാര്‍ഥി. 89,837 വോട്ടായിരുന്നു ബാബുവിന്റെ സമ്പാദ്യം.
രമ്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് മുന്‍പ് കരുത്തുറ്റ ഇടത് കോട്ടയയായിരുന്നു ആലത്തൂര്‍. കര്‍ഷകരും തൊഴിലാളികളും അടങ്ങുന്നതാണ് ആലത്തൂരിലെ ജനവിഭാഗം. അതുകൊണ്ട് തന്നെ സിപിഎം ആഴത്തില്‍ വേരുറപ്പിച്ചിരിക്കുന്ന പ്രദേശം കൂടിയാണിത്. ഇടതുപക്ഷ തൊഴിലാളി സംഘടനകളും സജീവം. സ്വാഭാവികമായും രൂപീകൃതമായ കാലം മുതല്‍ക്കേ എല്‍ഡിഎഫിനോടാണ് ആലത്തൂരുകാര്‍ അനുഭാവം കാണിച്ചത്.
വീണുപോയ ഇടതുകോട്ട
മണ്ഡലം രുപീകരിച്ചതിനുശേഷമുള്ള ആദ്യത്തെ രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പിലും എല്‍ഡിഎഫ് തന്നെ വിജയം കണ്ടു. എന്നാല്‍ മൂന്നാം തവണ അട്ടിമറി വിജയത്തിലൂടെ യുഡിഎഫ് മണ്ഡലം നേടി. 2009 വരെ സിപിഎമ്മിന്റെ കോട്ട തന്നെയായിരുന്നു ഒറ്റപ്പാലം മണ്ഡലം. അത് നിലനിര്‍ത്താന്‍ തന്നെയാണ് സിപിഎം ശ്രദ്ധിച്ചത്. 2009 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി കെ ബിജുവായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി. അന്ന് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസിന്റെ എന്‍ കെ സുധീര്‍ യുഡിഎഫ് സ്ഥാനാര്‍ഥി. ബിജെപിയുടെ എം ബിന്ദുവും അത്തവണ കളത്തില്‍ ഇറങ്ങി. 20,960 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പി കെ ബിജു വിജയിച്ചു. 46.84 ശതമാനം ( 387,352) വോട്ടുകള്‍ നേടി. എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന എന്‍ കെ സുധീര്‍ 44.31 ശതമാനം (3,66,392) വോട്ടുകള്‍ ആണ് നേടിയത്. എം ബിന്ദു 6.52 ശതമാനം നേടി ഒതുങ്ങി. സിപിഎമ്മിന്റെ ഉറച്ച കോട്ടയായി ആലത്തൂര്‍ തുടര്‍ന്നു.
2014 ലോക്‌സഭാ തിരഞ്ഞെടുപ്പിലും പികെ ബിജു തന്നെയായിരുന്നു ഇടത് സ്ഥാനാര്‍ഥി. തത്തമംഗലം നഗരസഭാ ആധ്യക്ഷയായ കോണ്‍ഗ്രസിന്റെ ഷീബയായിരുന്നു എതിര്‍ സ്ഥാനാര്‍ഥി. ബിജെപി ഷാജു മോന്‍ വട്ടേക്കാടിനെ കളത്തില്‍ ഇറക്കി. ആകെ 12 സ്ഥാനാര്‍ഥികളാണ് അക്കൊല്ലം ആലത്തൂരില്‍ മാറ്റുരച്ചത്. സിപിഎമ്മിന്റെ ഏറ്റവും മികച്ച കേഡര്‍ സംവിധാനത്തിന്റെ ബാലത്തില്‍ പികെ ബിജു മണ്ഡലം നിലനിര്‍ത്തി. ഭൂരിപക്ഷം 37,444 വോട്ടായി വര്‍ധിച്ചു. എന്നാല്‍ വോട്ടുവിഹിതം കുറഞ്ഞ് 44.34 ശതമാനമായി. ഒപ്പം ബിജെപിയുടെ വോട്ടു വിഹിതം ഉയര്‍ന്ന് 9.45 ശതമാനമായതും ശ്രദ്ധേയമാണ്.
മറ്റൊരു പ്രധാനപ്പെട്ട കാര്യം കൂടി അക്കുറി മണ്ഡലത്തില്‍ നടന്നു. 21,417 പേര്‍ നോട്ടക്ക് വോട്ടു രേഖപ്പെടുത്തി. സിപിഎമ്മിനോടുള്ള പരിഭവത്തിന്റെ പേരിലാണ് ഇത്രയും പേര്‍ നോട്ടയ്ക്ക് വോട്ടു കുത്തിയതെന്നും മികച്ച സ്ഥാനാര്‍ഥി വന്നാല്‍, പരമ്പരാഗത സിപിഎം കോട്ടകള്‍ പൊളിക്കാന്‍ സാധിക്കുമെന്നും യുഡിഎഫ് കണക്കുകൂട്ടിയത് അവിടെയാണ്. അങ്ങനെയാണ് രമ്യ ഹരിദാസ് ആലത്തൂരില്‍ മത്സര രംഗത്തിറങ്ങുന്നത്.