ബിജെപി വീണാല്‍ വിപണിയില്‍ എന്ത് സംഭവിക്കും?
ആറാഴ്ച നീണ്ടുനിന്ന ലോക്‌സഭ തിരഞ്ഞെടുപ്പ് അന്തിമ മണിക്കൂറുകളിലാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊപ്പം നാലാം തീയതിയിലെ നിര്‍ണായക വിധിക്ക് വേണ്ടി കാത്തിരിക്കുന്ന മറ്റൊരു വിഭാഗം കൂടിയുണ്ട്, ഓഹരി വിപണി. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ കഴിഞ്ഞ ആറുഘട്ടങ്ങളിലുണ്ടായ കുറഞ്ഞ വോട്ടിങ് ശതമാനം വിപണിയില്‍ ആശങ്കയുണര്‍ത്തിയിട്ടുണ്ട്. ബിജെപി ഭരണം നിലനിര്‍ത്തില്ലെന്ന അഭ്യൂഹവും അന്തരീക്ഷത്തില്‍ നിലനില്‍ക്കുന്നു. തിരഞ്ഞെടുപ്പ് ഫലം എങ്ങനെയാണ് വിപണിയെ ബാധിക്കുന്നത് ?
രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്താനായി വ്യാപാരികള്‍ ട്രാക്ക് ചെയ്യുന്ന ചില വാതുവെയ്പ്പ് മാര്‍ക്കറ്റുകൾ പ്രവചിക്കുന്നത് 300-ന് അടുത്ത് സീറ്റുകള്‍ നേടി ഇത്തവണയും ബിജെപി അധികാരത്തിലെത്തും എന്നാണ്. ഫണ്ട് മാനേജര്‍മാരും വിശകലന, സാമ്പത്തിക വിദഗ്ധരും വിപണി വ്യത്യസ്ത സാഹചര്യങ്ങള്‍ സ്വീകരിക്കുന്ന സാധ്യതകളെ കുറിച്ച് വിലയിരുത്തുന്നുണ്ട്.
ബിജെപി അധികാരം നിലനിര്‍ത്തിയാലുള്ള സാധ്യതകള്‍
ഭരണകക്ഷിയ്ക്ക് തിരിച്ചടി നേരിടുമ്പോഴാണ് ഷെയര്‍ മാര്‍ക്കറ്റുകള്‍ വലിയതോതിലുള്ള ഇടിവിന് സാക്ഷ്യം വഹിക്കുന്നത്. ഇത്തവണ, ബിജെപിക്ക് 2019-നെക്കാള്‍ ഉയര്‍ന്ന നേട്ടം സാധ്യമായാല്‍, മാര്‍ക്കറ്റിലും ഇത് പ്രതിഫലിക്കും. ബിജെപി നേട്ടമുണ്ടാക്കിയാല്‍, അടിസ്ഥാന സൗകര്യ വികസനം, ഉത്പാദന മേഖലയിലെ വളര്‍ച്ച എന്നിവയെ സഹായിക്കുന്ന നയങ്ങളില്‍ പ്രതീക്ഷിച്ച് ഇക്വിറ്റി വിപണി മുന്നേറുമെന്ന് ഐടിഐ മ്യൂചല്‍ ഫണ്ട് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസര്‍ രാജേഷ് ഭാട്ടിയ ചൂണ്ടിക്കാട്ടുന്നു.
മോദിയുടെ അധികാര തുടര്‍ച്ചയെ വിപണി പോസിറ്റീവായാണ് കാണുന്നത്. കാരണം, നയങ്ങളില്‍ പെട്ടെന്നുള്ള മാറ്റം ഒഴിവാകുന്നത്, വിപണിയെ സന്തുലിതമായി പിടിച്ചുനിര്‍ത്തുന്നതിന് സഹായിക്കും. ബെഞ്ച് മാര്‍ക്ക് ബോണ്ട് നിലവില്‍ 7 ശതമാനത്തില്‍ നിന്ന് 6.90 ശതമാനത്തിലേക്കോ, 6.92 ശതമാനത്തിലേക്കോ എത്തിയേക്കാം എന്ന വിലയിരുത്തലുണ്ട്.
2019-നെ അപേക്ഷിച്ച് ബിജെപിയും സഖ്യകക്ഷികളും നേടുന്ന സീറ്റുകളുടെ എണ്ണം കുറയുകയും കേവല ഭൂരിപക്ഷമായ 272-ന് മുകളില്‍ സീറ്റ് നേടുകയും ചെയ്താല്‍, വിപണിയില്‍ ചാഞ്ചാട്ടം ദൃശ്യമായേക്കും. എന്നാല്‍, ഇത് വിപണിയെ വലിയതോതില്‍ പ്രതികൂലമായി ബാധിക്കില്ല. ബിജെപിയുടെ സീറ്റ് നില കുറവായിരിക്കും എന്ന വിലയിരുത്തലിനോട് ഇതിനോടകം തന്നെ പൊരുത്തപ്പെടാന്‍ വിപണിക്ക് സാധിച്ചിട്ടുണ്ടെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. നിലവിലെ സര്‍ക്കാരിന് 300 സീറ്റുകളില്‍ താഴെയാകുന്നത് വിപണിയുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കില്ല. രൂപയുടേയും ബോണ്ടിന്റേയും മൂല്യത്തിന്റെ കാര്യത്തില്‍ വലിയ വ്യത്യാസങ്ങളൊന്നും സംഭവിക്കില്ല.
പ്രതിപക്ഷ സഖ്യം വിജയിച്ചാല്‍
പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിക്കാണ് അധികാരം കിട്ടുകയെങ്കില്‍ വിപണിയില്‍ കാര്യമായ ചലനങ്ങള്‍ സംഭവിച്ചേക്കും. പുതിയ സര്‍ക്കാരിന്റെ നയങ്ങള്‍ വ്യക്തമാകുന്നതുവരെ വിപണിയില്‍ വിറ്റഴിക്കല്‍ തുടരും. വിപണി എപ്പോഴും സുസ്ഥിരതയാണ് ലക്ഷ്യമിടുന്നത്. ഹ്രസ്വകാലത്തേക്ക് നയങ്ങളിലുണ്ടാകുന്ന മാറ്റങ്ങള്‍ എല്ലായിപ്പോഴും മാര്‍ക്കറ്റിനെ പ്രതികൂലമായാണ് ബാധിക്കുന്നത്. അത്തരത്തിലൊരു സാഹചര്യമുണ്ടായാല്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ പത്തു ശതമാനം തകര്‍ച്ചയാണ് വിപണി പ്രതീക്ഷിക്കുന്നതെന്ന് ഐഎഫ്എ ഗ്ലോബല്‍ വിലയിരുത്തുന്നു. 15 മുതല്‍ 20 ശതമാനം വരെ തകര്‍ച്ചയും പ്രതീക്ഷിക്കുന്നവരുണ്ട്. ഈ സാഹചര്യത്തില്‍, രൂപയുടെ മൂല്യം ഇടിയുന്നത് തടയാന്‍ റിസര്‍വ് ബാങ്ക് ഇടപെട്ടേക്കാം. വിദേശ ബോണ്ടുകളുടെ ആദായത്തില്‍ പത്തുമുതല്‍ പതിനഞ്ച് ശതമാനം വരെ ഉയര്‍ച്ച സംഭവിച്ചേക്കാം.