പ്രജ്വല്‍ രേവണ്ണ, ബ്രിജ്ഭൂഷണ്‍... എന്‍ഡിഎ സ്ഥാനാർഥിപ്പട്ടികയും പരിഹാസ്യമാകുന്ന 'ബേഠി ബച്ചാവോ'യും
ബേഠീ ബച്ചാവോ ബേഠീ പഠാവോ, നാരീ ശക്തി തുടങ്ങിയ പദ്ധതികളിലൂടെ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും സംരക്ഷണവും ഉന്നമനവും... ഇതാണ് ബിജെപിയുടെ നേതൃത്വത്തില്‍ രാജ്യം ഭരിക്കുന്ന എന്‍ഡിഎ നല്‍കുന്ന വാഗ്ദാനം. തിരഞ്ഞെടുപ്പില്‍ സ്ത്രീപക്ഷ പദ്ധതികള്‍ ഉയര്‍ത്തിയാണ് ബിജെപി വോട്ട് തേടുന്നതും. എന്നാല്‍ സ്ത്രീസുരക്ഷ എന്ന വാദവും ലോക്‌സഭാ തിരഞ്ഞെടുപ്പിലെ എന്‍ഡിഎ സ്ഥാനാര്‍ഥിപ്പട്ടികയും തമ്മില്‍ ചില പൊരുത്തക്കേടുകളുണ്ട്.
ലൈംഗികാരോപണക്കേസില്‍ പ്രതിയായവരെയും പ്രതികളുടെ ഉറ്റവരുടെയും സ്ഥാനാര്‍ഥിപ്പട്ടികയിലെ സാന്നിധ്യം മാത്രം മതിയാകും വാദങ്ങളിലെ പൊള്ളത്തരം വെളിപ്പെടാന്‍. കര്‍ണാടകയിലെ ഹസന്‍ മണ്ഡലത്തിലെ ജെഡിഎസ് സ്ഥാനാര്‍ത്ഥി പ്രജ്വല്‍ രേവണ്ണ, ഉത്തര്‍പ്രദേശിലെ കൈസര്‍ഗഞ്ച് മണ്ഡലത്തിലെ സ്ഥാനാര്‍ഥി കരണ്‍ ഭൂഷണ്‍ സിങ് എന്നിവരുടെ പേരുകള്‍ ഇതിലെ പ്രധാന ഉദാഹരണങ്ങളാണ്. നിരവധി സ്ത്രീകളെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ അന്വേഷണം നേരിടുന്ന വ്യക്തിയാണ് പ്രജ്വല്‍ രേവണ്ണ. രാജ്യത്തെ ഗുസ്തി താരങ്ങള്‍ ഉന്നയിച്ച ലൈംഗികാരോപണങ്ങളില്‍ പ്രതിയായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ മകനാണ് കരണ്‍ ഭൂഷണ്‍ സിങ്.
അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസും (എഡിആര്‍) ഇലക്ഷന്‍ വാച്ചും ഓഗസ്റ്റില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ 134 എംപിമാരും എംഎല്‍എമാരും സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ ചെയ്തവരാണ്
പട്ടിക ഇവിടെയും തീരുന്നില്ല. എന്‍ഡിഎ മുന്നണിയുടെ സ്ഥാനാര്‍ഥികള്‍ മാത്രമല്ല, നേരത്തെയുള്ള ബിജെപി എംപിമാരും എംഎല്‍എമാരും സ്ത്രീകള്‍ക്കെതിരെയുള്ള പല കേസുകളിലെയും പ്രതികളും ശിക്ഷിക്കപ്പെട്ടവരാണ്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസും (എഡിആര്‍) ഇലക്ഷന്‍ വാച്ചും ഓഗസ്റ്റില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ 134 എംപിമാരും എംഎല്‍എമാരും സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ ചെയ്തവരാണ്. ഇതില്‍ 44 എംപിമാരും എംഎല്‍എമാരും ബിജെപിയുടെ നേതാക്കളാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി അധികാരത്തില്‍ വന്നതിനു തൊട്ടുപിന്നാലെയായിരുന്നു 'ബേഠീ ബച്ചാവോ ബേഠീ പഠാവോ' പദ്ധതി ആരംഭിക്കുന്നത്. 2015 ജനുവരിയില്‍ ഹരിയാനയില്‍ വച്ചായിരുന്നു അത്. ഏഴ് വര്‍ഷത്തിനുശേഷം 2022-ല്‍ രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍ ചെങ്കോട്ടയില്‍ സ്ത്രീശക്തിയെക്കുറിച്ച് പ്രസംഗിച്ച മോദി സ്ത്രീകളെ അപമാനിക്കുകയും നിന്ദിക്കുകയും ചെയ്യുന്ന എല്ലാ പെരുമാറ്റങ്ങളും സംസ്‌കാരങ്ങളും അവസാനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തു.
എന്നാല്‍ മോദി സര്‍ക്കാരിന്റെ കീഴില്‍ സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 2014 മുതല്‍ 2022 വരെയുള്ള കാലയളവില്‍ സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍സിആര്‍ബി)യുടെ കണക്കുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. 2014ല്‍ 3,37,922 കേസുകളാണെങ്കില്‍ 2022ല്‍ 4,45,256 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതായത് 2014ല്‍ നിന്ന് 2022ലേക്കെത്തുമ്പോള്‍ 31 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്.
സമീപകാലങ്ങളില്‍ ഇന്ത്യയെ നടുക്കിയ ബലാത്സംഗ കേസുകളും മോദിക്കാലത്താണുണ്ടായത്. കത്വ, ഹത്രാസ്, ഉന്നാവോ, മണിപ്പൂര്‍ തുടങ്ങിയ കേസുകള്‍ ഉദാഹരണം. ഇതില്‍ പ്രതികളായി ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ടതും പ്രതികളെ സംരക്ഷിക്കാന്‍ ബിജെപി നേതാക്കള്‍ രംഗത്തുവന്നതും വലിയ വിവാദങ്ങളാണുണ്ടാക്കിയത്.
പ്രജ്വല്‍ രേവണ്ണ
കര്‍ണാടകയിലെ ഹാസന്‍ മണ്ഡലത്തിലെ ബിജെപിയുമായി സഖ്യം ചേര്‍ന്ന ജെഡിഎസ് സ്ഥാനാര്‍ഥിയും മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ ചെറുമകനുമായ പ്രജ്വല്‍ രേവണ്ണ ലൈംഗിക പീഡന പരാതി നേരിട്ടതിനു പിന്നാലെ ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് ഉപയോഗിച്ച് രാജ്യം വിടുകയായിരുന്നു. രണ്ടാംഘട്ടമായ ഏപ്രില്‍ 26നായിരുന്നു ഈ മണ്ഡലത്തിലെ വോട്ടെടുപ്പ് നടന്നത്. കര്‍ണാടകയില്‍ ഹാസന്‍ ഉള്‍പ്പെടെ 14 മണ്ഡലങ്ങളിലേക്കു നടന്ന ആദ്യ ഘട്ട തിരഞ്ഞെടുപ്പിന് മുന്നോടിയായിയായിരുന്നു പ്രജ്വല്‍ രേവണ്ണക്കെതിരെ വീഡിയോ ക്ലിപ്പുകള്‍ പ്രചരിച്ചത്.
തിരഞ്ഞെടുപ്പ് കഴിഞ്ഞ പിറ്റേന്ന്, ഏപ്രില്‍ 27നു പുലര്‍ച്ചെ രണ്ടിനു ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് ഉപയോഗിച്ച് രേവണ്ണ ജര്‍മനിയിലേക്കു പറക്കുകയായിരുന്നു. തുടര്‍ന്ന് കര്‍ണാടക പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം രേവണ്ണയ്ക്കുവേണ്ടി കഴിഞ്ഞ ദിവസം ലുക്ക് ഔട്ട് നോട്ടീസ് പുറത്തുവിട്ടു. നിലവില്‍ ജര്‍മനിയിലെ മ്യൂണിച്ചിലാണ് രേവണ്ണയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ 14ന് രേവണ്ണയ്ക്കും ദേവഗൗഡയ്ക്കുമൊപ്പം മൈസൂരുവില്‍ പ്രചരണത്തിനിറങ്ങിയ നരേന്ദ്ര മോദി അത് തന്റെ എക്‌സ് അക്കൗണ്ടിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. മേയ് ഏഴിന് 28 സീറ്റുകളില്‍ 14 എണ്ണത്തിലേക്കുള്ള മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുമ്പോഴും ജെഡിഎസുമായുള്ള സഖ്യം പിന്‍വലിക്കാന്‍ ബിജെപി തയ്യാറായിട്ടില്ല. അതേസമയം, രേവണ്ണയെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്ത് ജെഡിഎസ് മുഖം സംരക്ഷിച്ചിട്ടുണ്ട്.
ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്
കഴിഞ്ഞ വര്‍ഷം രാജ്യം കണ്ട ഏറ്റവും വലിയ സമരങ്ങളിലൊന്നായിരുന്നു ഗുസ്തി താരങ്ങളുടേത്. ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനും എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ ലൈംഗികോപദ്രവങ്ങള്‍ക്കെതിരെ സാക്ഷി മാലിക്കും വിനേഷ് ഫോഗട്ടുമടക്കമുള്ള താരങ്ങളുടെ സമരം അഖിലേന്ത്യാതലത്തില്‍ ചര്‍ച്ചയായിരുന്നു. ഗുസ്തി ഫെഡറേഷന്റെ മേധാവിയായിരിക്കെയാണ് ഗുസ്തി താരങ്ങളോട് ബ്രിജ് ഭൂഷണ്‍ ലൈംഗികാതിക്രമം കാട്ടിയത്. പ്രൊഫഷണല്‍ സഹായത്തിനു പകരം ലൈംഗികാഭിലാഷങ്ങള്‍ നടത്തിക്കൊടുക്കാന്‍ ആവശ്യപ്പെടുക, പീഡിപ്പിക്കുക, ശരീരത്തിൽ അതിക്രമിച്ച് സ്പര്‍ശിക്കുക, പരാതി നല്‍കാന്‍ ശ്രമിച്ചവരെ പീഡിപ്പിക്കുക തുടങ്ങിയ ഗുരുതര പരാതികളാണ് ഗുസ്തി താരങ്ങള്‍ ബ്രിജ് ഭൂഷണെതിരെ ഉന്നയിച്ചത്.
കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വനിതാ സംവരണ ബിൽ അവതരിപ്പിക്കുമ്പോഴും സ്ത്രീശാക്തീകരണത്തിനായുള്ള സര്‍ക്കാര്‍ പിന്തുണയ്ക്കുള്ള പ്രതിജ്ഞയെടുക്കുമ്പോഴും ബ്രിജ് ഭൂഷണ്‍ പാര്‍ലമെന്റിലുണ്ടായിരുന്നുവെന്നതാണ് ഏറ്റവും വലിയ വിരോദ്ധാഭാസം.
എന്നാല്‍ ബ്രിജ് ഭൂഷണിനെതിരെ നടപടികള്‍ സ്വീകരിക്കാത്ത ഭരണകൂടം ഗുസ്തിതാരങ്ങളുടെ സമരത്തെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു. ഗുസ്തി ഫെഡറേഷന്റെ തലപ്പത്തേക്ക് ബ്രിജ് ഭൂഷന്റെ സഹായികളിലൊരാളെ തിരഞ്ഞെടുത്തതിനെത്തുടര്‍ന്ന് ഒളിംപിക്‌സ് മെഡല്‍ ജേതാവ് കൂടിയായ സാക്ഷി മാലിക് തന്റെ കായികജീവിതം കഴിഞ്ഞ ഡിസംബറില്‍ അവസാനിപ്പിക്കുന്നതിലേക്കും കാര്യങ്ങള്‍ നീങ്ങി. ഗുസ്തി താരങ്ങളുടെ സമരത്തെ ഗൗനിക്കാത്ത ബിജെപി ലൈംഗികാരോപണ വിധേയനായ ബ്രിജ് ഭൂഷണിനെ സന്തോഷിപ്പിക്കാന്‍ അയാളുടെ മകനെ ഇത്തവണ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുകയാണ്.
ബ്രിജ് ഭൂഷണിനെതിരെ ഇതുവരെ ഒരു നടപടിയും സ്വീകരിക്കാത്ത ബിജെപി, ബ്രിജ് ഭൂഷണിന്റെ സിറ്റിങ് സീറ്റാണ് മകന്‍ കരണ്‍ ഭൂഷണ്‍ സിങ്ങിനു നല്‍കിയത്. ഉത്തര്‍പ്രദേശിലെ കൈസര്‍ഗഞ്ച് മണ്ഡലത്തിലാണ് ഉത്തര്‍പ്രദേശ് ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് കൂടിയായ കരണ്‍ ഭൂഷണ്‍ സിങ്ങ് മത്സരിക്കുന്നത്. ബ്രിജ് ഭൂഷണ് ഇത്തവണ മത്സരിക്കാന്‍ അവസരം നല്‍കിയില്ലെങ്കിലും മകനുവേണ്ടി മണ്ഡലത്തില്‍ സജീവമാണ് ഇദ്ദേഹം. കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വനിതാ സംവരണ ബിൽ അവതരിപ്പിക്കുമ്പോഴും സ്ത്രീ ശാക്തീകരണത്തിനായുള്ള സര്‍ക്കാര്‍ പിന്തുണയ്ക്കുള്ള പ്രതിജ്ഞയെടുക്കുമ്പോഴും ബ്രിജ് ഭൂഷണ്‍ പാര്‍ലമെന്റിലുണ്ടായിരുന്നുവെന്നതാണ് ഏറ്റവും വലിയ വിരോദ്ധാഭാസം.
കുല്‍ദീപ് സിങ് സെന്‍ഗര്‍
2018ല്‍ ഉന്നാവോയില്‍ 17 വയസ് പ്രായമുള്ള പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്തകേസിലെ പ്രതിയാണ് ഉത്തര്‍പ്രദേശ് എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗര്‍. പ്രതിക്കെതിരെ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് വ്യാപകപ്രതിഷേധമാണ് അന്നുണ്ടായത്. 2019ല്‍ ഉന്നാവോ അതിജീവിതയ്ക്കു കാറും ട്രക്കും കൂട്ടിയിടിച്ച് ഗുരുതര പരുക്കേറ്റ സമയത്തുണ്ടായ പ്രതിഷേധത്തില്‍ കുല്‍ദീപിനെ നാളുകള്‍ക്കു മുൻപുതന്നെ സസ്‌പെന്‍ഡ് ചെയ്തിരുന്നുവെന്നാണ് ബിജെപി വാദിച്ചത്.
നാല് തവണ ബങ്കെര്‍മൗവിലെ എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ട കുല്‍ദീപിനെ ബലാത്സംഗക്കേസില്‍ 2018 ഏപ്രിലില്‍ അറസ്റ്റ് ചെയ്തു. അതിജീവിതയുടെ പിതാവ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ 10 വര്‍ഷത്തെ ജയില്‍ ശിക്ഷയുമുണ്ട്. പീഡനക്കേസില്‍ ജീവപര്യന്തം വിധിച്ച വിചാരണക്കോടതിയുടെ 2019ലെ ഉത്തരവിനെതിരെ അദ്ദേഹം അപ്പീല്‍ നല്‍കിയിരിക്കുകയാണ്. എന്നിരുന്നാലും ഇപ്പോഴും കുല്‍ദീപിനു ബിജെപി നേതാക്കള്‍ക്കിടയില്‍ സ്വാധീനമുണ്ട്. 2019ലെ പൊതു തിരഞ്ഞെടുപ്പില്‍ വിജയിച്ച ഉന്നാവോ എംപി സച്ചിദാനന്ദ് ഹരി സാക്ഷി സീതാപൂര്‍ ജയിലില്‍ ചെന്ന് കുല്‍ദീപിനെ നന്ദി അറിയിച്ചിരുന്നു.
രാംദുലാര്‍ ഗോണ്ടെ
ഉത്തര്‍പ്രദേശിലെ ദുദ്ദി എംഎല്‍എ രാംദുലാര്‍ ഗോണ്ടെയെ 2014ല്‍ പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ ഉത്തര്‍പ്രദേശ് നിയമസഭയില്‍നിന്ന് അയോഗ്യനാക്കിയിരുന്നു. സോന്‍ഭദ്ര ജില്ലയിലെ ഒരു ജില്ലാ കോടതി ഇദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തി പത്ത് ദിവസങ്ങള്‍ക്കുള്ളിലായിരുന്നു നടപടി. 25 വര്‍ഷത്തെ കഠിന തടവ് വിധിച്ചശേഷം ഭരണകക്ഷിയായ ബിജെപിയില്‍നിന്ന് അദ്ദേഹത്തിന് സംരക്ഷണം ലഭിക്കുന്നുണ്ടോയെന്ന പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളില്‍ നിന്നുമുള്ള പ്രതിരോധമാണ് അയോഗ്യതയില്‍ കലാശിച്ചത്.
സംഘര്‍ഷം തുടരുമ്പോഴും തന്റ സര്‍ക്കാരിന്റെ സമയോചിതമായ ഇടപെടല്‍ കാരണം മണിപ്പൂരില്‍ പുരോഗതിയുണ്ടായിട്ടുണ്ടെന്ന് അവകാശപ്പെടുന്ന മോദി ഇതുവരെ മണിപ്പൂര്‍ സന്ദര്‍ശിച്ചിട്ടില്ലെന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയമാണ്.
മണിപ്പൂരിലെ ബിജെപി സര്‍ക്കാര്‍
മണിപ്പൂര്‍ കലാപം ആരംഭിച്ച് ഒരു വര്‍ഷം തികയുമ്പോഴും സംഘര്‍ഷങ്ങള്‍ പൂര്‍ണമായും അവസാനിച്ചിട്ടില്ല. മണിപ്പൂരില്‍ നിന്നുള്ള ഞെട്ടിക്കുന്ന പല വാര്‍ത്തകളില്‍ നിന്നും മനുഷ്യ മനസാക്ഷിയെ പിടിച്ചുകുലുക്കിയ ഒന്നായിരുന്നു ചുരചന്ദ്പൂര്‍ ജില്ലയിലെ രണ്ട് കുകി വനിതകളെ നഗ്നരാക്കി നടത്തിച്ചതും ലൈംഗികോപദ്രവത്തിന വിധേയരാക്കിയതും. എന്നാല്‍ തങ്ങളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഈ സ്ത്രീകള്‍ പോലീസിനെ സമീപിച്ചുവെന്നും പോലീസ് ഇവരെ ജനക്കൂട്ടത്തിന് വിട്ട് നല്‍കുകയായിരുന്നുവെന്നും സിബിഐ കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ മേയ് മൂന്നിന് പൊട്ടിപുറപ്പെട്ട കലാപത്തില്‍ നീണ്ട മൗനം പാലിച്ച മോദി 78 ദിവത്തിനുശേഷമാണ് കലാപത്തെക്കുറിച്ച് എന്തെങ്കിലും സംസാരിക്കാനുള്ള മനസ് കാണിച്ചത്. സ്ത്രീകളുടെ വീഡിയോ വൈറലായ ജൂലൈയില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന രണ്ട് സംസ്ഥാനങ്ങളിലെ പേരും ഉയര്‍ത്തിക്കാട്ടിയാണ് മോദി സംസാരിച്ചത്.
വീഡിയോ വൈറലായതിനുപിന്നാലെ മണിപ്പൂരിലുടനീളം ഇത്തരത്തില്‍ സ്ത്രീകളെ ഉപദ്രവിച്ചതും പീഡിപ്പിച്ചതുമായ 100 കേസുകളുണ്ടെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്ങും പ്രതികരിച്ചിരുന്നു. എന്നാല്‍ ഈ കേസുകളില്‍ നീതി ഉറപ്പാക്കാന്‍ എന്തൊക്കെയാണ് തന്റെ സര്‍ക്കാര്‍ കൈകൊണ്ടതെന്ന് അദ്ദേഹം പറഞ്ഞില്ല. അതേസമയം മണിപ്പൂരില്‍ ലൈംഗികോപദ്രവത്തിനും മറ്റ് അക്രമങ്ങള്‍ക്കും വിധേയരാകുന്ന സ്ത്രീകള്‍ക്കു നഷ്ടപരിഹാരം നല്‍കാന്‍ അഞ്ച് കോടി രൂപ ഒരു ബാങ്ക് അക്കൗണ്ടില്‍ അനുവദിച്ചിട്ടുണ്ടെന്ന് സുപ്രീം കോടതിയില്‍ മണിപ്പൂര്‍ സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ എത്രയാളുകള്‍ക്ക് ഈ നഷ്ടപരിഹാരം ലഭിച്ചിട്ടുണ്ടെന്നുള്ള വിവരങ്ങള്‍ ലഭ്യമല്ല. സംഘര്‍ഷം തുടരുമ്പോഴും തന്റ സര്‍ക്കാരിന്റെ സമയോചിതമായ ഇടപെടല്‍ കാരണം മണിപ്പൂരില്‍ പുരോഗതിയുണ്ടായിട്ടുണ്ടെന്ന് അവകാശപ്പെടുന്ന മോദി ഇതുവരെ മണിപ്പൂര്‍ സന്ദര്‍ശിച്ചിട്ടില്ലെന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയമാണ്.
ബില്‍ക്കിസ് ബാനുക്കേസ്
2002ലെ ഗുജറാത്ത് കലാപത്തിനിടയില്‍ നേരിട്ട കൊടും പീഡനത്തിനെതിരെ ഇപ്പോഴും പൊരുതുന്ന ധീര വനിതയാണ് ബില്‍ക്കിസ് ബാനു. എന്നാല്‍ സംസ്ഥാനവും കേന്ദ്രവും ഭരിക്കുന്ന ബിജെപി എല്ലായിടത്തെന്ന പോലെ അതിജീവിതക്ക് പകരം പ്രതികള്‍ക്കൊപ്പമാണ് നിലക്കൊള്ളുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഗുജറാത്തിലെ ദാഹോദിലെ ബിജെപി എംപിയായ ജശ്വന്ത്‌സിന്‍ ഭാഭോറും അദ്ദേഹത്തിന്റെ സഹാദരനും ലിംഖേഡയിലെ ബിജെപി എംഎല്‍എയുമായ ശൈലേശഷ്ഭായി ഭോഭോറും ബില്‍ക്കിസ് ബാനു കേസിലെ 11 പ്രതികളിലൊരാളായ ശേലേഷ് ഭട്ടിനൊപ്പം വേദി പങ്കിട്ടിരുന്നു. 2022ല്‍ ഗുജറാത്ത് സര്‍ക്കാര്‍ പ്രതികള്‍ക്ക് പരോള്‍ അനുവദിക്കുകയും പ്രതികളെ മാലയിട്ട് സ്വീകരിക്കുകയും ചെയ്തിരുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുവദിച്ചതിനെ തുടര്‍ന്ന് 2022 ഒക്ടോബറില്‍ 11 പ്രതികളെ വെറുതെ വിടുകയാണെന്ന് സുപ്രീം കോടതിയെ ഗുജറാത്ത് സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ പ്രതികളെ വെറുതെ വിട്ടതിനെതിരെയുള്ള ഗുജറാത്ത് സര്‍ക്കാരിന്റെ ഉത്തരവ് ഈ ജനുവരിയില്‍ സുപ്രീം കോടതി മരവിപ്പിച്ചിരുന്നു.
കത്വ ബലാത്സംഗക്കേസ്
2018ല്‍ ജമ്മുവിലെ കത്‌വ ഗ്രാമത്തില്‍ എട്ട് വയസുകാരിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസാണ് കത്‌വ ബലാത്സംഗക്കേസ്. കേസിലെ പ്രതിയായ സ്‌പെഷല്‍ പോലീസ് ഓഫീസര്‍ (എസ്പിഒ) ദീപക് ഖജുരിയയെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ പ്രതിഷേധിച്ചിരുന്നു. ബിജെപിയുടെ അന്നത്തെ സംസ്ഥാന സെക്രട്ടറി വിജയ് ശര്‍മയും പ്രതിഷേധത്തില്‍ പങ്കെടുക്കുകയും കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഹത്രാസ്
ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ 2020 സെപ്റ്റംബറില്‍ 19 വയസുകാരിയായ ദളിത് യുവതിയെ താക്കൂര്‍ വിഭാഗത്തില്‍പ്പെട്ട നാല് പേര്‍ കൂട്ടബലാത്സംഗത്തിന് വിധേയമാക്കുകയായിരുന്നു. 15 ദിവസങ്ങള്‍ക്കുശേഷം പെണ്‍കുട്ടി മരിച്ചു. കുടുംബാംഗങ്ങളുടെ പോലും സാന്നിധ്യമില്ലാതെ രാത്രിയില്‍ തന്നെ ഉത്തര്‍പ്രദേശ് പോലീസ് പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ തിടുക്കം കാണിക്കുകയായിരുന്നു. തന്റെ മരണമൊഴിയായി നാല് പേരുടെ പേര് പെണ്‍കുട്ടി മജിസ്‌ട്രേറ്റിന് മുമ്പാകെ വെളിപ്പെടുത്തിയിട്ടും 2023 മാര്‍ച്ചില്‍ പട്ടികജാതി പട്ടിവകുപ്പ് കോടതി നാലില്‍ മൂന്ന് പേരെ വെറുതെ വിടുകയും ചെയ്തു.
അങ്കിത ഭണ്ഡാരി കൊലക്കേസ്
ബിജെപി നേതാവ് വിനോദ് ആര്യയുടെ മകന്‍ പുല്‍കിത് ആര്യ പ്രതിയായ 2022 സെപ്റ്റംബറില്‍ നടന്ന കൊലപാതകമാണ് അങ്കിത ഭണ്ഡാരി കൊലപാതക കേസ്. ഉത്തരാഖണ്ഡിലെ റിസോര്‍ട്ട് ജീവനക്കാരിയായ യുവതി റിസോര്‍ട്ടിലെത്തിയവരുമായി ലൈംഗികബന്ധത്തിനു വഴങ്ങാതിരുന്നതാണ് കൊലയ്ക്ക് കാരണം. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ വനിതാവകാശ സംഘടനയുടെ വസ്തുതാന്വേഷണ സംഘം പത്തൊൻപതുകാരിയായ അങ്കിതയുടെ കൊലപാതകത്തിലെ പോലീസ് അന്വേഷണവുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങളാണ് ഉന്നയിച്ചത്.
ജനരോഷം ശക്തമായതിനെത്തുടര്‍ന്ന് വിനോദ് ആര്യയെയും ഒബിസി കമ്മീഷന്റെ നോമിനേറ്റഡ് വൈസ് ചെയര്‍മാനായിരുന്ന പുല്‍കിത്തിന്റെ സഹോദരന്‍ അങ്കിത് ആര്യയെയും ബിജെപിയില്‍നിന്ന് പുറത്താക്കുകയും അനധികൃതമായി നിര്‍മിച്ച മുഖ്യപ്രതിയുടെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ട് പൊളിച്ചുനീക്കാന്‍ സര്‍ക്കാര്‍ ഉത്തരവിടുകയും ചെയ്തിരുന്നു.