ബിജെപിയുടെ മുസ്‌ലിം വിരുദ്ധ വീഡിയോ: 'എത്രയും പെട്ടെന്ന് നീക്കം ചെയ്യണം'; എക്‌സിനോട് തിരഞ്ഞെടുപ്പ് കമ്മീഷൻ
കർണാടക ബിജെപിയുടെ മുസ്‌ലിം വിരുദ്ധ വീഡിയോ എത്രയും പെട്ടന്ന് നീക്കം ചെയ്യണമെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിനോട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം. വീഡിയോ നീക്കം ചെയ്യണമെന്ന് കർണാടക പോലീസും നേരത്തെ എക്‌സിന് നോട്ടീസ് നൽകിയിരുന്നു. കഴിഞ്ഞ ദിവസമാണ് പട്ടികജാതി, പട്ടികവർഗ, പിന്നാക്ക സംവരണവുമായി ബന്ധപ്പെടുത്തി മുസ്‌ലിം വിഭാഗത്തെയും രാഹുൽഗാന്ധി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരെയും ലക്ഷ്യമിട്ട് കർണാടകയിലെ ബിജെപിയുടെ എക്‌സ് പ്ലാറ്റ്‌ഫോമിൽ ആനിമേറ്റഡ് വീഡിയോ പോസ്റ്റ് ചെയ്തത്.
'സൂക്ഷിക്കുക...' എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത വീഡിയോയിൽ കന്നഡയിൽ. 'എസ് സി ', 'എസ് ടി', 'ഒബിസി' എന്നിങ്ങനെ ലേബൽ ചെയ്ത മൂന്ന് മുട്ടകളുള്ള ഒരു കൂടിനുള്ളിൽ 'മുസ്ലിംകൾ' എന്ന് ലേബൽ ചെയ്ത ഒരു മുട്ടയെടുത്തുവെക്കുന്ന രാഹുൽ ഗാന്ധിയെയും. മുട്ട വിരിഞ്ഞതിനുശേഷം 'മുസ്‌ലിം' വിരിയിക്കുന്ന കുഞ്ഞിന് 'ഫണ്ട്' ഉപയോഗിച്ച് ഭക്ഷണം നൽകുന്നതായും. വിരിയുന്ന കുഞ്ഞ് വളർന്ന് മറ്റ് വിരിഞ്ഞുനിൽക്കുന്ന കുഞ്ഞുങ്ങളെ കൂടിനു പുറത്തേക്ക് മാറ്റുന്നതുമായിരുന്നു വീഡിയോയിൽ ഉള്ള ദൃശ്യം. സിദ്ധരാമയ്യയുടെ കാരിക്കേച്ചറും വീഡിയോയിൽ ഉണ്ടായിരുന്നു.
2000-ലെ ഇൻഫർമേഷൻ ടെക്നോളജി ആക്ട് പ്രകാരമാണ് വീഡിയോ നീക്കം ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടത്. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നതിനാൽ പോസ്റ്റ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബംഗളൂരു പോലീസിന്റെ സൈബർ ക്രൈം ഡിവിഷൻ മുഖേന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ മെയ് 5ന് എക്സിന് കത്തയച്ചിരുന്നു.
എസ്സി, എസ്ടി, ഒബിസി എന്നിവരെ മാറ്റിനിർത്തി മുസ്ലിംകൾക്ക് സംവരണം നൽകാനാണ് കോൺഗ്രസ് തീരുമാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു വീഡിയോ പുറത്തുവന്നത്.
സംഭവത്തില്‍ ബിജെപി അധ്യക്ഷന്‍ ജെ പി നഡ്ഡ, കര്‍ണാടക സംസ്ഥാന അധ്യക്ഷന്‍ ബി വൈ വിജയേന്ദ്ര, അമിത് മാളവ്യ എന്നിവര്‍ക്കെരിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിരുന്നു.