യു പി, മഹാരാഷ്ട്ര, ബംഗാള്‍; 'ഇന്ത്യ' വളര്‍ന്നു, ബിജെപിക്ക് ഇനി ഒന്നും എളുപ്പമല്ല
പതിനെട്ടാം ലോക്‌സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിലെ നിറം മങ്ങിയ പ്രകടത്തിന് ശേഷം കേന്ദ്രത്തില്‍ സഖ്യ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരുങ്ങുകയാണ് ബിജെപി. നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയാകുമ്പോഴും തിരഞ്ഞെടുപ്പ് പ്രകടനത്തില്‍ പാര്‍ട്ടി നേരിട്ട തിരിച്ചടിയും പ്രധാന ചര്‍ച്ചാ വിഷയമാണ്. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ പാര്‍ട്ടി നേരിട്ട പ്രതിസന്ധി ഭാവിയെക്കരുതുമ്പോള്‍ അത്ര ശുഭകരമല്ലെന്ന് ഇതിനോടകം ബിജെപി തിരിച്ചറിഞ്ഞിരിക്കണം. ലോക്‌സഭയില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളെ നല്‍കുന്നവയാണ് ഈ മൂന്ന് സംസ്ഥാനങ്ങളും. എന്നാല്‍ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച മുന്നേറ്റം കാഴ്ചവയ്ക്കാന്‍ ഇവിടങ്ങളില്‍ ബിജെപിക്ക് കഴിഞ്ഞിരുന്നില്ല.
ഉത്തര്‍പ്രദേശ് (80), മഹാരാഷ്ട്ര (48), ബംഗാള്‍ (42) സംസ്ഥാനങ്ങളിലായി ആകെ 170 ലോക്സഭാ മണ്ഡലങ്ങളാണ് സ്ഥിതിചെയ്യുന്നത്. ഇത്തവണ ഇതില്‍ 54 മണ്ഡലങ്ങളില്‍ മാത്രമാണ് ബിജെപിക്ക് വിജയിക്കാനായത്. 2019 ല്‍ ബിജെപിയെ തനിച്ച് ഭൂരിപക്ഷത്തിലെത്തിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച സംസ്ഥാനങ്ങളായിരുന്നു ഇവ.
മഹാരാഷ്ട്രയിലെ വോട്ടിങ് രീതിയില്‍ വന്ന മാറ്റമാണ് പ്രതിപക്ഷ സഖ്യത്തിന്റെ മുന്നേറ്റത്തിന് കാരണമായതെന്നാണ് വിലയിരുത്തല്‍
മഹാരാഷ്ട്ര: മാറുന്ന രീതികള്‍
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ മഹാരാഷ്ട്രയുടെ നിലപാട് ഏറെ ശ്രദ്ധേയമാണ്. ഈ വര്‍ഷം അവസാനം മഹാരാഷ്ട്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിക്കുന്ന സംസ്ഥാനത്ത് എന്‍ഡിഎയുടെ പ്രകടനം ഭാവി സുരക്ഷിതമല്ലെന്ന സൂചന നല്‍കുന്നതാണ്. എന്നാല്‍ കോണ്‍ഗ്രസ് - ശിവസേന (യുബിടി) ശരദ് പവാറിന്റെ എന്‍സിപി പാര്‍ട്ടികള്‍ ഉള്‍പ്പെട്ട മഹാ വികാസ് അഘാഡിക്കും വ്യക്തമായ മുന്നേറ്റം നല്‍കുന്നില്ലെന്നും വിലയിരുത്താം.
ഇന്ത്യ മുന്നണിയായി മത്സരിച്ച പ്രതിപക്ഷ പാര്‍ട്ടികള്‍ മഹാരാഷ്ട്രയില്‍ നിന്ന് 44 ശതമാനം വോട്ടുകള്‍ നേടി. ബിജെപി, ഏക്നാഥ് ഷിന്‍ഡെയുടെ ശിവസേന, അജിത് പവാര്‍ നയിക്കുന്ന എന്‍സിപി എന്നിവരുള്‍പ്പെട്ട എന്‍ഡിഎ 43.6 ശതമാനം വോട്ടുകള്‍ സ്വന്തമാക്കി.
മഹാരാഷ്ട്രയിലെ 48 സീറ്റിൽ 17 സീറ്റുകൾ മാത്രമാണ് എൻഡിഎയ്ക്ക് നേടാൻ സാധിച്ചത്. 2019-മായി താരതമ്യം ചെയ്യുമ്പോൾ ഇത് വലിയ തകർച്ചയാണ്. 41 സീറ്റുകളായിരുന്നു ശിവസേനയുടെ പിന്തുണയോടുകൂടി എൻഡിഎയ്ക്കുണ്ടായിരുന്നത്. ബിജെപിക്ക് 23ഉം ശിവസേനയ്ക്ക് 18ഉം സീറ്റുമായിരുന്നു. ഇത്തവണ ശിവസേന ഉദ്ദവ് താക്കറെ വിഭാഗം കൂടി ഉൾപ്പെടുന്ന മഹാവികാസ് അഘാടി 30 സീറ്റുകളിലാണ് വിജയിച്ചത്.
മഹാരാഷ്ട്രയിലെ വോട്ടിങ് രീതിയില്‍ വന്ന മാറ്റമാണ് പ്രതിപക്ഷ സഖ്യത്തിന്റെ മുന്നേറ്റത്തിന് കാരണമായതെന്നാണ് വിലയിരുത്തല്‍. എന്‍ഡിഎ സഖ്യത്തിന് അനുകൂലമായിരുന്ന വോട്ടുകളില്‍ മാറ്റം വന്നിട്ടുണ്ടെന്നാണ് ഇതില്‍ പ്രധാനം. ഉദ്ധവ് താക്കറെയ്ക്കും ശിവസേനയ്ക്കും ഒപ്പം നിന്നിരുന്ന പരമ്പരാഗത വോട്ടര്‍മാര്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുമോ എന്നതായിരുന്നു വെല്ലുവിളി. എന്നാല്‍, ഈ സാഹചര്യം അനുകൂലമായിരുന്നു. ഇതിനൊപ്പം ശക്തമായ ഹിന്ദുത്വ നിലപാടുകള്‍ക്ക് പേരുകേട്ട ഉദ്ധവ് താക്കറെക്കും അദ്ദേഹത്തിന്റ പാര്‍ട്ടിയായ ശിവ സേനയ്ക്കും ഇത്തവണ മുസ്ലീങ്ങള്‍ വോട്ട് ചെയ്തതും പ്രതിപക്ഷ സഖ്യത്തിന് ഗുണമായെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. കാര്‍ഷിക പ്രതിസന്ധി, ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ നടന്ന അട്ടിമറി, ശിവസേന - എന്‍സിപി പാര്‍ട്ടികളിടെ പിളര്‍പ്പ്, ഉദ്ധവ് താക്കറെ സര്‍ക്കാരിന്റെ പതനം തുടങ്ങിയവയും വോട്ടര്‍മാരെ സ്വാധീച്ചിരുന്നു.
യു പിയില്‍ ബിജെപിയുടെ അടിത്തറയിളകുന്നുവോ?
ഇന്ത്യയില്‍ ഏറ്റവും അധികം ജനസംഖ്യയുള്ള സംസ്ഥാനം, ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളുള്ള സംസ്ഥാനം. രാമ ക്ഷേത്രം സാധ്യമാക്കിയ ആത്മവിശ്വാസത്തിലായിരുന്നു യുപിയിലൂന്നി ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍. ഹിന്ദു വികാരം പരമാവധി ഉയര്‍ത്തി പരമാവധി സീറ്റുകള്‍ സ്വന്തമാക്കുക എന്നതായിരുന്നു എന്‍ഡിഎയുടെ ലക്ഷ്യം. എന്നാല്‍ ഫലം വന്നപ്പോള്‍ സ്ഥിതി മറിച്ചായിരുന്നു.
ക്ഷേത്രനഗരമായി ഉയര്‍ത്തിയ അയോധ്യ ഉള്‍പ്പെട്ട ഫൈസാബാദില്‍ പോലും ബിജെപി ദയനീയമായി പരാജയപ്പെട്ടു. 2019ല്‍ സംസ്ഥാനത്ത് 63 സീറ്റുകള്‍ സ്വന്തമാക്കുകയും 49.6 ശതമാനം വോട്ട് വിഹിതവും അക്കൗണ്ടില്‍ ചേര്‍ത്ത ബിജെപിക്ക് ഇത്തവണ ലഭിച്ചത് 33 സീറ്റുകള്‍ മാത്രമായിരുന്നു. 37 സീറ്റുകള്‍ സമാജ് വാദി പാര്‍ട്ടി സ്വന്തമാക്കി. ബിജെപിയുടെ വോട്ട് വിഹിതം 41.4 ശതമാനമായി കുറഞ്ഞു. വാരണാസിയില്‍ മത്സരിച്ച പ്രധാനമന്ത്രി ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് പിന്നിലായി. ഒടുവില്‍ ജയിച്ചെങ്കിലും ഒന്നര ലക്ഷം മാത്രമായിരുന്നു ഭൂരിപക്ഷം. റായ്ബറേലിയില്‍ മത്സരിച്ച രാഹുല്‍ ഗാന്ധിക്ക് മൂന്നര ലക്ഷത്തോളമായിരുന്നു ഭൂരിപക്ഷം.
സംസ്ഥാനത്തെ ജാതി സമവാക്യങ്ങള്‍ ഉള്‍പ്പെടെ പ്രതിപക്ഷ സഖ്യത്തിന് ഗുണമായെന്നാണ് വിലയിരുത്തല്‍. ബിഎസ്പിയുടെ പരമ്പരാഗത അനുഭാവികളായ ജാതവ് വോട്ടുകള്‍ എസ്പി-കോണ്‍ഗ്രസ് അനുകൂലമായതാണ് പ്രധാനമായും ഗുണമായത്. ഏകദേശം 32 ശതമാനം ജാതവ് വോട്ടുകള്‍ ഇന്ത്യ മുന്നണിയ്ക്ക് അനുകൂലമായ പോള്‍ചെയ്യപ്പെട്ടു എന്നാണ് വിലയിരുത്തല്‍. ഇതിനൊപ്പം പിന്നാക്ക വിഭാഗങ്ങള്‍, ദളിത്, ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ടുറപ്പിക്കുന്നതിലും എസ്പി-കോണ്‍ഗ്രസ് സഖ്യം വിജയിച്ചു. തിരഞ്ഞെടുപ്പ് ഫലം ഇതിനോടകം തന്നെ മൂന്ന് സംസ്ഥാനങ്ങളിലും രാഷ്ട്രീയ ചര്‍ച്ചകള്‍ വഴിമാറ്റുന്നതിലേക്ക് എത്തിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. സ്ഥാനാര്‍ത്ഥി നിര്‍ണയം വരെ ചോദ്യം ചെയ്യപ്പെടുന്ന വിധത്തിലാണ് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.
ബിജെപിയുടെ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്വം സംബന്ധിച്ച് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിലേക്കും ആരോപണണങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. നേതൃമാറ്റം ഉള്‍പ്പെടെ പാര്‍ട്ടിക്കുള്ളില്‍ ശക്തമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വിഷയത്തില്‍ കേന്ദ്ര നേതൃതം എടുത്തുന്ന നിലപാട് യോഗിക്കും നിര്‍ണായകമാണെന്നാണ് വിലയിരുത്തല്‍. ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ടെന്നത് ആദിത്യനാഥിന്റെ ജനപ്രീതി സംബന്ധിച്ച ചര്‍ച്ചള്‍ക്ക് അല്‍പം അശ്വാസം നല്‍കുന്ന വസ്തുതയാണ്. എന്നാല്‍ സഖ്യവുമായി മുന്നോട്ട് പോകുമെന്ന് എസ്പിയും കോണ്‍ഗ്രസും വ്യക്തമാക്കുമ്പോള്‍ സംസ്ഥാന രാഷ്ട്രീയം വരും നാളുകളില്‍ കലുഷിതമാകുമെന്നതും തീര്‍ച്ചയാണ്. തിരഞ്ഞടുപ്പ് വിജയത്തോടെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കുകയാണ് കോണ്‍ഗ്രസ്. ജൂണ്‍ 11 മുതല്‍ 15 വരെ യുപിയില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച ധന്യവാദ് യാത്ര ഇതിന്റെ സൂചനയാണ്.
അടിതെറ്റുന്ന ബംഗാള്‍
ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റമായിരുന്നു 2019 ല്‍ ബംഗാളില്‍ ബിജെപി നേടിയത്. 18 സീറ്റുകള്‍ നേടിയ ആ വര്‍ഷത്തെ മുന്നേറ്റം പക്ഷേ പിന്നാലെ എത്തിയ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടാനായില്ല. 2024 ല്‍ എത്തിയപ്പോള്‍ സംസ്ഥാനത്ത് മികച്ച മുന്നേറ്റം നടത്താന്‍ കഴിയുമെന്നായിരുന്നു ബിജെപി പ്രതീക്ഷ. മമത സര്‍ക്കാരിന് എതിരായ ഭരണ വിരുദ്ധ വികാരം, സന്ദേശ്ഖാലി വിവാദങ്ങള്‍, അധ്യാപക നിയമന അഴിമതി എന്നിവ മമത ബാനര്‍ജി സര്‍ക്കാരിനും വെല്ലുവിളി ഉയര്‍ത്തിയിരുന്നു.
എന്നാല്‍, ജനവിധി ബിജെപിക്ക് തിരിച്ചടിയായിരുന്നു. സീറ്റുകള്‍ 12 ആയി കുറഞ്ഞു. വോട്ട് വിഹിതം 40.6 ല്‍ നിന്നും 38.73 ലേക്ക് ഇടിഞ്ഞു. 2021 ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പോലും ബിജെപിക്ക് 37 ശതമാനം വോട്ട് ലഭിച്ചിരുന്നു. പ്രതിസന്ധികള്‍ മറികടന്ന് മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ് സീറ്റുകളുടെ എണ്ണം 22 ല്‍ നിന്നും 29 ആക്കി ഉയര്‍ത്തി. 45.77 ശതമാനം വോട്ടുകളും സ്വന്തമാക്കി.