രാഷ്ട്രീയം അവസാനിപ്പിച്ച് ഹര്‍ഷ വര്‍ധന്‍; മത്സരിക്കില്ലെന്ന് വ്യക്തമാക്കി പവന്‍ സിങ്, ബിജെപിക്ക് തിരിച്ചടി
ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ രാഷ്ട്രീയം അവസാനിപ്പിക്കുന്നതായി മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്ര മന്ത്രിമായുമായ ഡോ. ഹര്‍ഷ വര്‍ധന്‍. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 195 സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഹര്‍ഷ് വര്‍ധന്റെ പേരുണ്ടായിരുന്നില്ല. നേരത്തെ ബിജെപി എംപിമാരായിരുന്ന ജയന്ത് സിന്‍ഹയും ഗൗതം ഗംഭീറും രാഷ്ട്രീയം വിടുന്നതായി പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് ഹര്‍ഷ വര്‍ധന്റെ പ്രഖ്യാപനം വന്നത്.
സാമൂഹ്യ മാധ്യമമായ എക്‌സിലൂടെയാണ് ഹര്‍ഷ വര്‍ധന്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എന്നാല്‍ തന്റെ ഇ എന്‍ ടി ക്ലിനിക്ക് തനിക്ക് വേണ്ടി കാത്തിരിക്കുന്നുവെന്നാണ് ഹര്‍ഷ വര്‍ധന്‍ കാരണമായി വ്യക്തമാക്കിയിരിക്കുന്നത്. ''50 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണ്‍പൂരിലെ ജിഎസ്‌വിഎം മെഡിക്കല്‍ കോളേജില്‍ എംബിബിഎസിന് ചേരുമ്പോള്‍ മുദ്രാവാക്യം ജനങ്ങളെ സേവിക്കുകയെന്നായിരുന്നു. ആര്‍എസ്എസ് നേതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഞാന്‍ തിരഞ്ഞെടുപ്പ് പോരാട്ടത്തിലേക്ക് പ്രവേശിച്ചത്. പ്രധാനപ്പെട്ട മൂന്ന് ശത്രുക്കളായ ദാരിദ്ര്യം, രോഗം, അജ്ഞത എന്നിവയ്‌ക്കെതിരെ പോരാടാനുള്ള അവസരമാണ് രാഷ്ട്രീയം എന്ന് അവര്‍ എന്നെ ബോധ്യപ്പെടുത്തി'', അദ്ദേഹം പറഞ്ഞു.
പോളിയോ നിരോധിത ഇന്ത്യക്ക് വേണ്ടി ആദ്യമായി പ്രവര്‍ത്തിക്കുവാനും കോവിഡിന്റെ രണ്ട് ഘട്ടങ്ങളിലും ആയിരക്കണക്കിന് ആളുകളെ പരിപാലിക്കുവാനും ഡല്‍ഹി ആരോഗ്യമന്ത്രിയായും രണ്ട് തവണ കേന്ദ്ര ആരോഗ്യ മന്ത്രിയായും പ്രവര്‍ത്തിക്കാന്‍ സാധിച്ചതായും അദ്ദേഹം അവകാശപ്പെടുന്നു. കൃഷ്ണ നഗറിലാണ് അദ്ദേഹത്തിന്റെ ക്ലിനിക് സ്ഥിതി ചെയ്യുന്നത്.
അതേസമയം, പശ്ചിമ ബംഗാളിലെ അസന്‍സോളിലെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ഭോജ്പുരി ഗായകന്‍ പവന്‍ സിങ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. എന്നാല്‍ മത്സരിക്കാത്തതിന്റെ കാരണമെന്തെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
''ഭാരതീയ ജനതാ പാര്‍ട്ടിയിലെ നേതാക്കളോടുള്ള എന്റെ ഹൃദയം നിറഞ്ഞ നന്ദി ഞാന്‍ അറിയിക്കുന്നു. പാര്‍ട്ടി എന്നെ വിശ്വസിക്കുകയും അസന്‍സോളില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. പക്ഷേ ചില കാരണങ്ങളാല്‍ എനിക്ക് അസന്‍സോളില്‍ നിന്നും മത്സരിക്കാന്‍ സാധിക്കില്ല'', എന്നായിരുന്നു അദ്ദേഹം വെളിപ്പെടുത്തിയത്.
പവന്‍ സിങ്ങിന്റെ പ്രതികരണത്തിന് പിന്നാലെ അദ്ദേഹത്തെ വിമര്‍ശിച്ച് കൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തി. പവന്‍ സിങ്ങിന്റെ ലൈംഗിക, സ്ത്രീ വിരുദ്ധ വീഡിയോകള്‍ക്ക് തിരിച്ചടി നേരിട്ടതിനാലാണ് അദ്ദേഹം പിന്‍മാറുന്നതെന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ടിഎംസി രാജ്യസഭാ അംഗം സാഗരിക ഘോഷ് പറഞ്ഞു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) പുതിയ സീസണ്‍ ആരംഭിക്കാനിരിക്കെ രാഷ്ട്രീയ ചുമതലകളില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയോട് ഗംഭീര്‍ ആവശ്യപ്പെട്ടായിരുന്നു മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം കൂടിയായ ഗൗതം ഗംഭീര്‍ രാഷ്ട്രീയം വിട്ടത്.